തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർണമെന്ന് മേയർ കെ. ശ്രീകുമാർ. പ്രവർത്തനങ്ങൾ വിലയിരുത്താനായി ഇന്നലെ വൈകിട്ട് മേയറും നഗരസഭ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ക്ഷേത്രത്തിലെത്തിയിരുന്നു. 99 ശതമാനം പണികളും പൂർത്തിയായി. ബാക്കിയുള്ളവ ഉടൻ തീർക്കുമെന്ന് മേയർ പറഞ്ഞു. ഉത്സവം തുടങ്ങിയ ശേഷം ഒരുതരത്തിലുള്ള പ്രവർത്തനങ്ങളും ക്ഷേത്ര സമീപത്ത് അനുവദിക്കില്ല. നഗരസഭയുടെ കീഴിൽ ശുചീകരണ പ്രവർത്തനങ്ങൾ ഒരുമാസം മുൻപേ ആരംഭിച്ചിരുന്നു. ക്ഷേത്രത്തിലേക്ക് വന്നു ചേരുന്ന റോഡുകളുടെയെല്ലാം നവീകരണ ജോലികൾ പൂർത്തിയാക്കി. തെരുവു വിളക്കുകളും സ്ഥാപിച്ചു. വാട്ടർ അതോറിട്ടിയുമായി ബന്ധപ്പെട്ട ചില ജോലികളാണ് ഇനി അവശേഷിക്കുന്നത്. ഇത് അടിയന്തരമായി പൂർത്തിയാക്കണമെന്ന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. നിലവിൽ പുരോഗമിക്കുന്നത് ഡ്രെയിനേജ് വൃത്തിയാക്കലടക്കമുള്ളവയാണ്. ഇതും ഉടൻ പൂർത്തിയാക്കും. പ്ലാസ്റ്റിക് നിരോധനം പൂർണമാക്കിയതോടെ ഗ്രീൻ പ്രോട്ടോക്കോൾ നൂറു ശതമാനവും നടപ്പാക്കാനാവും. ഇതിനായി 1000പേരടങ്ങുന്ന ഗ്രീൻ ആർമിയെയും നഗരസഭ സജ്ജമാക്കിയിട്ടുണ്ട്. ഇവർ സംഘടനകൾക്കും ഭക്തർക്കും നിർദ്ദേശങ്ങൾ നൽകും. പ്ലാസ്റ്റിക് പ്ലേറ്റുകൾക്ക് ബദലായി ആയിരം ആലുമിനിയം പ്ലേറ്റുകൾ നഗരസഭയിൽ നിന്ന് ലഭിക്കും. ആവശ്യമുള്ള സംഘടനകൾക്ക് അധികൃതരെ സമീപിക്കാം. നാളെ വൈകിട്ട് 5.15ന് ദേവീ ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേരുമെന്നും മേയർ പറഞ്ഞു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പുഷ്പലത, നഗരസഭ ഉദ്യോഗസ്ഥരായ ഇ. ഉണ്ണിക്കൃഷ്ണൻ, ലിജോ, കൗൺസിലർമാരായ ബീന .ആർ.സി, സുരേഷ് എന്നിവരും മേയർക്കൊപ്പമുണ്ടായിരുന്നു.