ttt

നെയ്യാറ്റിൻകര: നെയ്യാറ്രിനകര പ്രദേശത്തെ സ്കൂൾ വളപ്പിലും സർക്കാർ ഓഫീസ് വളപ്പിലും നിൽക്കുന്ന പാഴ്മരങ്ങൾ ഏതു സമയവും നിലം പൊത്തുന്ന അവസ്ഥയിലാണ്. പല തവണ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും ഇത്തരമൊരു സാഹചര്യത്തിലും മരങ്ങൾ മുറിച്ചു മാറ്റാൻ അധികൃതർ തയാറാകുന്നില്ലെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. വരാൻ പോകുന്ന വേനലിൽ ഉണ്ടാകുന്ന കാറ്റിൽ ഏതു സമയത്തും നിലം പൊത്താവുന്ന തരത്തിൽ ടൗൺ പ്രദേശത്ത് ഏതാണ്ട് അൻപതിലേറെ മരങ്ങളാണ് നിൽക്കുന്നത്. ഹൈസ്കൂളിന് സമീപത്തും പരിസര പ്രദേശങ്ങളിലും ഒടിഞ്ഞു വീഴാറായ വൻ പാഴ്മരങ്ങളാണുള്ളത്. നെയ്യാറ്റിൻകര താലൂക്ക് ഓഫീസ് പരിസരത്തിലെ റേഡരികിൽ നിൽക്കുന്ന കൂറ്റൻ പാഴ്മരങ്ങൾ വഴിവാണിഭക്കാരുടെ മേൽ ഏതു നേരവും വീഴുമെന്ന സ്ഥിതിയാണ്.

പാഴ്മരങ്ങൾ നിൽക്കുന്ന സ്ഥലങ്ങൾ

 ഗേൾസ് ഹൈസ്കൂൾ കോംബൗണ്ട്

 പ്രീപ്രൈമറി സ്കൂൾ

 ഗവ. ടൗൺ എൽ.പി.എസ്

 കോടതി വളപ്പ്

 സിവിൽ മിനി സ്റ്റേഷൻ

 താലൂക്ക് ഓഫീസ് റോഡിന്റെ ഇരുവശങ്ങളിലും

അപകടങ്ങൾ പതിവാകുന്നു

പാഴ്മരങ്ങളും അവയുടെ ചില്ലകളും ഒടിഞ്ഞു വീണ് ഇവിടെ അപകടങ്ങൾ പതിവാണ്. അടുത്തിടെ കോടതി വളപ്പിലെ പാഴ്മരത്തിന്റെ കൂറ്റൻ ശിഖരം ഒടിഞ്ഞ് വീണ് കോടതി പരിസരത്ത് പാർക്കു ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാടു പറ്റി. താലൂക്ക് ഓഫീസ് റോഡിന്റെ ഇരുവശങ്ങളിലുമുളള മരങ്ങളുടെ ചില്ലകൾ വീണ് ഗതാഗതടസ്സവും കൂടാതെ കാൽനടക്കാർക്ക് ഭീഷണിയുമാണ്.

 അക്കേഷ്യയും യുക്കാലിയും വേണ്ട പകരം മാവും പ്ളാവും മതി

തണലിനായി നട്ടുപിടുപ്പിച്ചിട്ടുള്ള അക്കേഷ്യാ മരം കടുത്ത അലർജി രോഗങ്ങൾക്ക് വഴിവയ്ക്കുമാെന്നാണ് ആരോഗ്യ വിധഗ്ദ്ധർ പറയുന്നത്. അക്കേഷ്യയുടെ പൂവിന്റെ പരാഗരേണുക്കൾ ശ്വസിച്ചാൽ കടുത്ത അലർജ്ജി പ്രശ്നത്തിന് വഴിവയ്ക്കും. അതുകൊണ്ട് അക്കേഷ്യാ ഒഴിവാക്കി പ്ലാവ്, മാവ്, പേര, ആത്തി തുടങ്ങിയ ഫലവൃക്ഷങ്ങൾ വച്ചുപിടുപ്പിക്കണമെന്നാണ് നാട്ടുകാരുടെ പക്ഷം. മാത്രമല്ല മുനിസിപ്പൽ അധികൃതർക്ക് നല്ലൊരു വരുമാനവുമാകും.

പ്രതികരണം

നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹൈസ്കൂളിന് സമീപമുള്ള പ്രീപ്രൈമറി സ്കൂളിലെ മരങ്ങൾ മുറിച്ചു മാറ്റാൻ 2018 മുതൽ സ്കൂളിൽ നിന്നും നെയ്യാറ്റിൻകര നഗരസഭക്കും തഹസീൽദാർക്കും പരാതി നൽകിയിട്ടും പ്രയോജനമില്ല.

തങ്ങൾക്ക് വേണമെങ്കിൽ സ്വന്തം ചെലവിൽ മുറിച്ചു മാറ്റാനാണ് നഗരസഭാ ചെയർപേഴ്സൺ പറയുന്നത്.

- സ്കൂൾ ഹെഡ്മിസ്ട്രസ് വിജയലക്ഷ്മി.

കൊച്ചു കുട്ടികൾ പഠിക്കുന്ന പ്രീപ്രൈമറി സ്കൂൾ വളപ്പിലെ അപകടകരമായ പാഴ്മരങ്ങൾ ഉടൻ മുറിച്ചു മാറ്റണം

-വി. സൗമ്യ (പി.ടി.എ പ്രസിഡന്റ്)