തിരുവനന്തപുരം:അയ്യാ വൈകുണ്ഠനാഥരുടെ 188-ാം ജയന്തി ആഘോഷങ്ങൾക്ക് മാർച്ച് 2 ന് തുടക്കമാകുമെന്ന് അയ്യാവൈകുണ്ഠർ പഠനകേന്ദ്രം ചെയർമാൻ എ.എസ്. അഹിമോഹനൻ അറിയിച്ചു. ജയിൽവാസം പൂർത്തിയാക്കിയ അയ്യാ വൈകുണ്ഠരെ അനുയായികൾ പല്ലക്കിലേറ്റി സ്വാമിതോപ്പിലേക്ക് ആനയിച്ചതിന്റെ സ്മരണ പുതുക്കിക്കൊണ്ടുള്ള വാഹനഘോഷയാത്ര അന്നേദിവസം കാലത്ത് ഒൻപതു മണിക്ക് ശിങ്കാരതോപ്പു പതിയിൽ നിന്ന് പുറപ്പെടും. വൈകിട്ട് 6 മണിക്ക് നാഗർ കോവിലിൽ സാംസ്കാരിക സമ്മേളനം നടത്തും.മാർച്ച് 3 ന് രാവിലെ ആറ് മണിക്ക് അയ്യാ വൈകുണ്ഠർ ഘോഷയാത്ര നാഗർ കോവിലിൽ നിന്ന് വിവിധ നൃത്ത-കലാ ആവിഷ്കാരങ്ങളോടെ ആരംഭിക്കും.
വൈകിട്ട് 3 മണിക്ക് സ്വാമിതോപ്പിൽ നിന്ന് രാജാക്കമംഗലം തെൻപാൽ കടൽക്കരയിലേക്ക് ഘോഷയാത്ര . അവിടെ 5 മണിക്കാരംഭിക്കുന്ന പൊതു സമ്മേളനത്തിൽ സ്വാമിതോപ്പു മഠാധിപതി ബാലപ്രജാപതി അടികളാർ അദ്ധ്യക്ഷത വഹിക്കും. അയ്യാ വഴി വഴിപാടുകളായ ഊഞ്ഞാൽ സേവയും കലിവേട്ടയും നടക്കും.മാർച്ച് 14 ന് തിരുവനന്തപുരം ദിനകൈരളി ഭവനിൽ നടക്കുന്ന സമപന്തി ഭോജനത്തോടെ അയ്യാവൈകുണ്ഠർ ജയന്തി ആഘോഷ പരിപാടികൾ സമാപിക്കും.