മാർച്ച് മാസം പരീക്ഷകളുടെ കാലമാണ്. ഈ മാസം നാം കേട്ടുവരുന്ന ഒരു പദമാണ് പരീക്ഷാപ്പേടി എന്നത്.
കാലം പുരോഗമിച്ചതോടെ പരീക്ഷാപ്പേടി കുട്ടികളിൽ വർദ്ധിക്കുന്നതായാണ് കണ്ടുവരുന്നത്. ഇത്തരം സാഹചര്യങ്ങളുടെ കാരണങ്ങൾ അന്വേഷിക്കുമ്പോൾ വിരൽ നീളുന്നത് രക്ഷിതാക്കൾക്കു നേരെ തന്നെയാണ്. മുൻകാലങ്ങളിൽ പരീക്ഷാപ്പേടി എ ന്നത് 10, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ മാത്രം ബാധിക്കുന്നതായിരുന്നു.എന്നാൽ ഇക്കാലത്ത് ആ പേടി
കുട്ടിയെ സ്കൂളിൽ ചേർക്കുമ്പോൾ തന്നെ രക്ഷിതാക്കളെ പ്രത്യേകിച്ച് അമ്മമാരെ ബാധിച്ച് കഴിഞ്ഞു.
പരീക്ഷാപ്പേടിയുടെ തുടക്കം
ചില വിദ്യാലയങ്ങളിൽ പ്രവേശനം ലഭിക്കണമെങ്കിൽ കെ.ജി.യിലാണെങ്കിൽപ്പോലും പ്രവേശനപരീക്ഷ വിജയിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ കുട്ടിയെ രക്ഷിതാക്കൾ തീവ്രമായി പരിശീലിപ്പിക്കുന്നു. പ്രവേശന പരീക്ഷ വിജയിച്ചില്ലെങ്കിൽ പ്രവേശനം ലഭിക്കില്ല എന്ന ആശങ്ക ഈ സന്ദർഭത്തിൽ രക്ഷിതാക്കളുടെ മനസിൽ ഉടലെടുക്കുന്നു. ആ ആശങ്ക അവരറിയാതെ തന്നെ ഇളംമനസിലേക്ക് സംക്രമിക്കുന്നു. തുടർന്ന് പരീക്ഷയെഴുതുന്ന കുട്ടിയിൽ താൻ പരീക്ഷയ്ക്ക് പരാജയപ്പെടുമോ എന്ന ആശങ്ക ഉടലെടുക്കുകയും അത് ക്രമേണ പരീക്ഷയെ ഭയക്കുന്ന മാനസികാവസ്ഥയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ഇവിടം മുതൽ ആ കുട്ടിയ്ക്ക് പരീക്ഷാപ്പേടി ആരംഭിക്കുകയായി. ഇവിടെ ആരാണു പ്രതിസ്ഥാനത്ത് നിൽക്കുന്നത് ? കുട്ടികളെ പരീക്ഷാപ്പേടിയുടെ
ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത് രക്ഷിതാക്കൾ തന്നെയാണെന്ന് ഉറപ്പിച്ച് പറയേണ്ടിവരും.
വിദ്യാർത്ഥികൾ ഉപകരണങ്ങളല്ല
സഫലമാകാതെ പോയ സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ഉപാധിയാണ് ചില രക്ഷിതാക്കൾക്ക് മക്കൾ. ചിലർക്ക് സമൂഹത്തിൽ സ്റ്റാറ്റസ് നേടിയെടുക്കാനുള്ള ഉപകരണങ്ങളാണ് കുഞ്ഞുങ്ങൾ. ചിലർക്കാകട്ടെ ഉയർന്ന ഉദ്യോഗം നേടി സമ്പത്ത് കൊണ്ടുവരാനായി മുൻകുട്ടിയുള്ള നിക്ഷേപമാണ് മക്കൾക്ക് നൽകുന്ന മികച്ച വിദ്യാഭ്യാസം. ഈ ആഗ്രഹപൂർത്തിയ്ക്കായി ഏതുമാർഗം സ്വീകരിക്കാനും ഇന്ന് രക്ഷിതാക്കൾ തയ്യാറാകാറുണ്ട്. അദ്ധ്യാപനത്തിൽ വേണ്ട പരിശീലനം ലഭിക്കാതെ അശാസ്ത്രീയമായ രീതിയിൽ ഇവർ പഠിപ്പിക്കുമ്പോൾ ധർമസങ്കടത്തിലാകുന്നത് കുട്ടികളാണ്. ഏതാണ് കൊള്ളേണ്ടത് ഏതാണ് തള്ളേണ്ടത് എന്നറിയാതെ ആ പിഞ്ചു മനസ് ആകുലപ്പെടുന്നു. ഇങ്ങനെ കുട്ടിയിലുണ്ടാകുന്ന മാനസികസംഘർഷം അവന്റെ മാനസികാരോഗ്യം കുറയാൻ കാരണമാകുന്നു. ഈയൊരു മാനസിക പിരിമുറുക്കത്തിലെത്തുന്ന കുട്ടി ക്രമേണ പഠനത്തെ,
വെറുക്കാൻ നിർബന്ധിതനാകുന്നു. അപകടകരമായ ഇത്തരത്തിലുള്ള സാഹചര്യത്തിൽ കുഞ്ഞുങ്ങളെ എത്തിക്കാതിരിക്കാൻ കുഞ്ഞുന്നാളിലെ ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളായ നാം തന്നെയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
വിദ്യാഭ്യാസം
കേവലം മാർക്കല്ല
വിദ്യാഭ്യാസം എന്നാൽ കേവലം മാർക്കുകളും ഗ്രേഡുകളും നേടിയെടുക്കലാണ് എന്ന സങ്കുചിതമായ ചിന്താഗതി മാറ്റിയെടുക്കുകയാണ് ആദ്യം വേണ്ടത്. ചില സന്ദർഭങ്ങളിൽ അവർക്ക് മാർക്ക് കുറയുകയും ഒരു പക്ഷേ അവർ പരാജയപ്പെ
ടുകയും ചെയ്യും. ഏതു വീഴ്ചയിലും താങ്ങായി ഞങ്ങളുണ്ട് എന്ന പിൻബലമാണ് കുട്ടികൾക്ക് രക്ഷിതാക്കൾ നൽകേണ്ടത്. ആ മനോബലം തീർച്ചയായും ഉയരങ്ങളിലെത്തിക്കും.
രക്ഷിതാക്കൾ ചെയ്യേണ്ടത്
കുട്ടിക്ക് സ്വയം പഠിക്കാനുള്ള ഗൃഹാന്തരീക്ഷം ഒരുക്കിക്കൊടുക്കുക
എല്ലാ വിഷയങ്ങളും കൃത്യമായി എഴുതി പഠിക്കാൻ പരിശീലിപ്പിക്കുക
അവ പരിശോധിച്ച് തെറ്റുകൾ തിരുത്തി പിന്നീട് ആവർത്തിക്കാതിരിക്കാൻ അവരെ പ്രാപ്തരാക്കുക
ആശയങ്ങളും അന്തരാർത്ഥങ്ങളും മനസിലാക്കാതെയുള്ള യാന്ത്രികമായ പഠനപ്രക്രിയയെ നിരുത്സാഹപ്പെടുത്തുക
പരീക്ഷയ്ക്കു വേണ്ട മുന്നൊരുക്കങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് പഠനത്തിൽ ഒരു കൈത്താങ്ങായി ഒപ്പം നിൽക്കുക
ടി.വി., മൊബൈൽ തുടങ്ങിയവയുടെയെല്ലാം ഉപയോഗം കുഞ്ഞുനാൾ മുതൽ ഒരു നിശ്ചിതസമയത്തേക്ക് ക്രമപ്പെടുത്തുക
പരീക്ഷാകാലഘട്ടത്തിൽ ഇവയുടെ ഉപയോഗം കുട്ടികളുടെ സാന്നിദ്ധ്യത്തിൽ രക്ഷിതാക്കളും പരിമിതപ്പെടുത്തുക
നിശ്ചിത സമയപരിധിക്കുള്ളിൽ പരീക്ഷ എഴുതി പൂർത്തിയാക്കുന്നതിന് പരിശീലനം നൽകുക
ചെറിയ ക്ലാസുമുതൽ നല്ല കരുതലും സ്നേഹവും ഉൾച്ചേർന്ന സമീപനം രക്ഷിതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് ഉചിതമായിരിക്കും.
(ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചെയർമാനാണ് ലേഖകൻ
ഫോൺ: 9446065751)