cenrtral-minister

കാസർകോട് : ശാസ്ത്ര സാങ്കേതിക വിദ്യയും ഗവേഷണ നേട്ടങ്ങളും സാധാരണക്കാരന്റെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനുള്ള കൈത്താങ്ങാവണമെന്ന് കേന്ദ്ര വിദേശ -പാർലമെന്ററികാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. 29-ാമത് സ്വദേശി സയൻസ് കോൺഗ്രസ് കാസർകോട് സി.പി.സി.ആർ.ഐയിൽ(കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം)​ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാളികേരം, അടയ്ക്ക, കൊക്കോ തുടങ്ങിയ കാർഷിക ഇനങ്ങൾ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാനാവുന്നില്ലെങ്കിൽ ഇത് വരെയുള്ള ഗവേഷണം കൊണ്ട് എന്ത് പ്രയോജനം?. ശാസ്ത്രജ്ഞരും ഗവേഷകരും ദന്തഗോപുര വാസികളായി ഇരിക്കേണ്ടവരല്ല. വൈദേശിക ഭരണം നമ്മുടെ രാജ്യത്തിന്റെ ശാസ്ത്ര മുന്നേറ്റത്തിന് തടസമായിട്ടുണ്ടെന്ന് തിരിച്ചറിയണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ കെടുതികളാണ് കേരളം അനുഭവിക്കുന്നത്. പ്രളയവും പ്രകൃതി ദുരന്തങ്ങളും ജീവഹാനിയും സംഭവിക്കുന്നു. പ്രളയത്തിന്റെ കാരണം കണ്ടുപിടിക്കാൻ പോലും കഴിയുന്നില്ല. 44 നദികൾ ഒഴുകുന്ന കേരളത്തിൽ മഴവെള്ളം സംഭരിക്കാനുള്ള പദ്ധതികൾ പോലും കാര്യക്ഷമല്ലെന്നും മുരളിധരൻ പറഞ്ഞു .പ്രദർശനവും അദ്ദേഹം ഉദ്‌ഘാടനം ചെയ്തു.

ഡോ. കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. രാജേന്ദ്ര പിലാങ്കട്ട ആമുഖഭാഷണം നടത്തി. ഡോ. എ. രാമചന്ദ്രൻ, ഡോ. ജി. ഗോപകുമാർ, വി. പി .എൻ നമ്പൂതിരി, ഡോ. സി.എച്ച്. സുരേഷ്, എ .ആർ. എസ് മേനോൻ, ഡോ. നിർമ്മൽ ബാബു, ഡോ.കെ. കെ വിജയ് തുടങ്ങിയവരും സംസാരിച്ചു. സി .പി .സി .ആർ. ഐ ഡയറക്ടർ ഡോ. അനിത കരുൺ സ്വാഗതം പറഞ്ഞു.