saudi-

റിയാദ്: ആഗോളതലത്തിൽ കോവിഡ് -19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഉംറ തീർത്ഥാടകർക്ക് താത്കാലിക വിലക്കേർപ്പെടുത്തി സൗദി അറേബ്യ. ഉംറ തീർത്ഥാടനത്തിനും മക്ക, മദീന സന്ദർശനത്തിനും എത്തുന്നവർക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ടൂറിസ്റ്റ് വിസയിൽ വരുന്നവർക്കും പ്രവേശനം അനുവദിക്കില്ല. ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മാർഗനിർദ്ദേശം അനുസരിച്ച് രോഗം പടരുന്നത് തടയാനുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. ഇതിന്റെ ഭാഗമായി വ്യാപകമായി വൈറസ് രേഖപ്പെടുത്തിയ രാജ്യങ്ങൾക്ക് ഉംറ വിസ നിഷേധിക്കുകയും ചെയ്‌തു.

സ്വദേശികൾക്കോ മറ്റു ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കോ ദേശീയ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ഈ സമയത്ത് യാത്ര ചെയ്യാൻ കഴിയില്ല. മറ്റ് ഗൾഫ് രാഷ്ട്രങ്ങളിൽ അകപ്പെട്ട സ്വദേശികൾക്ക് തിരിച്ച് സൗദിയിൽ എത്താനും ദേശീയ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് നേരത്തെ സൗദിയിൽ എത്തിയവർക്ക് തിരിച്ച് സ്വദേശത്തെത്താനും നിബന്ധനകളോടെ യാത്ര അനുവദിക്കും. സൗദിയിൽ എത്തുന്നതിനുമുമ്പ് ഏത് രാജ്യം സന്ദർശിച്ചാണ് യാത്രക്കാർ എത്തുന്നതെന്ന് എൻട്രി പോയിന്റുകളിലെ ആരോഗ്യ അധികൃതർ പരിശോധിക്കുകയും ആവശ്യമായ മുൻകരുതൽ നടപടികൾ പ്രയോഗിക്കുകയും ചെയ്യും. നിയന്ത്രണങ്ങൾ താത്കാലികമാണെങ്കിലും എപ്പോൾ പിൻവലിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. കോവിഡ് - 19 ഭീതി അവസാനിക്കുന്നതുവരെ വിലക്കുകൾ തുടരുമെന്നാണ് കരുതുന്നത്.