കൊച്ചി :ഡൽഹിയിൽ വ്യാപകമായി അരങ്ങേറിയ അക്രമസംഭവങ്ങളിലും സംഘർഷങ്ങളിലും പ്രതികരിക്കാതെ മൗനം പാലിക്കുന്ന സിനിമാപ്രവർത്തകരെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. കഥാപാത്രങ്ങൾക്കായി തടി കൂട്ടാനും കുറയ്ക്കാനുമുള്ള തിരക്കിലാണ് താരങ്ങളെന്നും അതുകൊണ്ടാണ് അവർ പ്രതികരിക്കാത്തതെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
ഞങ്ങൾ സിനിമക്കാർ വലിയ തിരക്കിലാണ്. നിങ്ങൾ വിചാരിക്കുന്ന പോലുള്ള ആളുകളല്ല. അതുകൊണ്ടു തന്നെ രാജ്യത്ത് നടക്കുന്ന സംഭവങ്ങളോട് അപ്പപ്പോൾ പ്രതികരിക്കാൻ സമയം കിട്ടില്ല. എന്തെന്നാൽ ഞങ്ങൾ സിക്‌സ് പാക്‌സും ഏറ്റ് പാക്‌സും ഉണ്ടാക്കുന്ന തിരക്കിലാണ്. കഥാപാത്രങ്ങൾക്ക് വേണ്ടി തടി കൂട്ടുകയും കുറയ്ക്കുകയും വേണം. പിന്നെ ഈ ഉണ്ടാക്കിയ പാക്കുകളെല്ലാം ഇല്ലാതാക്കണം. ഒരുപാട് തിരക്കുള്ള ആൾക്കാരാണ് ഞങ്ങൾ. എന്നാൽ ഈ പ്രശ്‌നങ്ങളൊക്കെ കെട്ടടങ്ങിയാൽ, അതേ കുറിച്ച് ഞങ്ങൾസിനിമയുണ്ടാക്കും. അപ്പോൾ നിങ്ങളെല്ലാവരും ഞങ്ങളുടെ കൂടെ നിൽക്കണം. എന്തെന്നാൽ അത് നിങ്ങളുടെ ഉത്തരവാദിത്വമാണ്.’–ഹരീഷ് പേരടി പറയുന്നു.