ankit-sharma

ന്യൂഡൽഹി: തലസ്ഥാനത്തെ വടക്കുകിഴക്കൻ മേഖലയിലുണ്ടായ കലാപത്തിനിടെ ഐ.ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസം അഴുക്കുചാലിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത്. കൊലപ്പെട്ടതിനെ തുടർന്ന് അങ്കിത് ശർമ്മയുടെ കുടുംബം ആപ് കൗൺസിലറായ താഹിർ ഹുസൈനെതിരെ രംഗത്തെത്തിയിരുന്നു. മിക്ക ഇന്ത്യൻ മാദ്ധ്യമങ്ങളും അങ്കിത് ശർമ്മയെ കൊലപാതകത്തിന് പിന്നിൽ മുസ്ലിങ്ങളാണെന്നാണ് റിപ്പോർട്ട് ചെയ്തത്.

അതേസമയം വാള്‍സ്ട്രീറ്റ് ജേണൽ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്. 'മിസ്റ്റർ ശർമ്മ വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ ഒരു സംഘം കലാപകാരികൾ അദ്ദേഹത്തിന് നേരെ കല്ലെറിഞ്ഞു. അദ്ദേഹത്തിന്റെ വീടിനടുത്തുവച്ചായിരുന്നു ഇത്. അതേക്കുറിച്ച് അങ്കിത് ശർമ്മയുടെ സഹോദരൻ അങ്കുർ ശർമ്മ പറഞ്ഞത് ഇങ്ങനെ - അവർ കല്ലുകളും വടികളും കത്തികളും വാളുകളുമായാണ് വന്നത്. അവർ ജയ് ശ്രീരാം വിളിക്കുന്നുണ്ടായിരുന്നു. അവരിൽ ചിലർ ഹെൽമെറ്റ് ധരിച്ചിട്ടുണ്ടായിരുന്നു. അവർ കല്ലുകളും ഇഷ്ടികകളും എറിയാൻ തുടങ്ങി'.

അങ്കിതിന്റെ മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ക്രൂരമായ കല്ലേറിലാണ് കൊല്ലപ്പെട്ടതെന്ന് നാട്ടുകാരും പറയുന്നു. ആപ് കൗൺസിലറായ താഹിറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ കല്ലേറിലാണ് അങ്കിത് കൊല്ലപ്പെട്ടതെന്നാണ് ബി.ജെ.പി നേതാവ് കപിൽ മിശ്ര ആരോപിക്കുന്നത്. അതിക്രമസംഭവങ്ങൾ അരങ്ങേറുമ്പോൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി താഹിർ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും മിശ്ര ആരോപിക്കുന്നു.