ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലെ പ്രതി യൂസുഫ് ചോപ്പന് ഡൽഹി പാടാല്യ ഹൗസ് കോടതി ജാമ്യം നൽകി. ചട്ടപ്രകാരമുള്ള സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ ദേശീയ അന്വേഷണ ഏജൻസി പരാജയപ്പെട്ടുവെന്നും അതിനാൽ സ്വഭാവിക ജാമ്യത്തിന് പ്രതിക്ക് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. യൂസുഫ് 50,000 രൂപ കെട്ടിവയ്ക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി കൂട്ടിച്ചേർത്തു.
180 ദിവസമായി എൻ.ഐ.എയുടെ കസ്റ്റഡിയിലാണ് യൂസുഫ്. നിയമപ്രകാരം ഈ സമയപരിധിക്കുള്ളിൽ എൻ.ഐ.എ കുറ്റപത്രം കോടതിയിൽ സമർപ്പിക്കണമായിരുന്നു. ഫെബ്രുവരി 11നാണ് സമയപരിധി അവസാനിച്ചത്.