graph

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ (2019-20) മൂന്നാംപാദമായ ഒക്‌ടോബർ-ഡിസംബറിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ചാ നിരക്ക് കേന്ദ്ര സ്‌റ്രാറ്റിസ്‌റ്റിക്‌സ് വകുപ്പ് ഇന്ന് പുറത്തുവിടും. നടപ്പുവർഷത്തെ ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) അഞ്ചു ശതമാനത്തിലേക്കും രണ്ടാംപാദമായ ജൂലായ്-സെപ്‌തംബറിൽ ആറരവർഷത്തെ താഴ്‌ചയായ 4.5 ശതമാനത്തിലേക്കും വളർച്ച കൂപ്പുകുത്തിയിരുന്നു.

ഡിസംബർപാദത്തിൽ 4.5 ശതമാനം വളർച്ചപോലും പ്രയാസകരമാണെന്ന് ഒരുവിഭാഗം സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. മറ്റു ചിലർ 4.9 ശതമാനം വരെ ഇന്ത്യ വളർന്നേക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണുകളായ മാനുഫാക്‌ചറിംഗ്, കാർഷികം, വ്യവസായം, ഉപഭോക്തൃ വിപണി എന്നിവയുടെ തളർച്ചയാണ് കഴിഞ്ഞപാദങ്ങളിൽ വളർച്ചയെ ബാധിച്ചത്. വായ്‌പാ വിതരണം കുറഞ്ഞത് മൂലം വിപണിയിലേക്കുള്ള പണമൊഴുക്ക് നിർജീവമായതും തിരിച്ചടിയായി.

മൂന്നാംപാദത്തിലെ വളർച്ചാ നിർണയ ഘടകങ്ങളെല്ലാം സൂചിപ്പിക്കുന്നത് ജി.ഡി.പി തളർച്ചയുടെ ട്രാക്കിൽ തന്നെ തുടരുന്നുവെന്നാണ്. വ്യാവസായിക ഉത്‌പാദന വളർച്ച നടപ്പുവർഷം ഡിസംബർ വരെ 0.5 ശതമാനം മാത്രമാണ്. വാണിജ്യ വാഹന വില്പന 18.5 ശതമാനം ഇടിഞ്ഞു. വിമാന യാത്രക്കാരുടെ എണ്ണത്തിലെ വളർച്ച 10.7 ശതമാനത്തിൽ നിന്ന് 4.5 ശതമാനത്തിലേക്ക് താഴ്‌ന്നു. റെയിൽവേ ചരക്കുനീക്കം കുറിച്ചത് നെഗറ്രീവ് 4.7 ശതമാനം വളർച്ചയാണ്.

വിവിധ സ്ഥാപനങ്ങൾ

വിലയിരുത്തിയ വളർച്ച

(ഒക്‌ടോബർ-ഡിസംബർ 2019)

എസ്.ബി.ഐ : 4.5%

ക്രിസിൽ : 5.1%

കെയർ : 4.5%

ഇന്ത്യാ റേറ്റിംഗ്സ് : 4.7%

ഐ.ഡി.എഫ്.സി ഫസ്‌റ്ര് : 4.6%

യെസ് ബാങ്ക് : 4.5%

കോട്ടക് ബാങ്ക് : 4.5%

എച്ച്.ഡി.എഫ്.സി ബാങ്ക് : 4.8%