ന്യൂഡൽഹി :ഡൽഹിയിലെ വർഗീയ കലാപത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. രണ്ട് ഡി.സി.പിമാരുടെ കീഴിൽ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്. ഡി.സി.പി ജോയ് ടിർകി, ഡി.സി.പി രാജേഷ് ഡിയോ എന്നിവരുടെ കീഴിലാണ് അന്വേഷണം.കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ് ഐ ആറുകളും പ്രത്യേക സംഘത്തിന് കൈമാറി.
അതിനിടെ ഡൽഹിയിലെ കലാപത്തിൽ പൊലീസിന്റെ അനാസ്ഥ തുറന്നുകാട്ടി പുതിയ റിപ്പോർട്ട് പുറത്തുവന്നു. ഞായറാഴ്ച ആരംഭിച്ച സംഘർഷത്തിന് മുന്നോടിയായി ഇന്റിലിജൻസും സ്പെഷ്യൽ ബ്രാഞ്ചും സംഘർഷ സാദ്ധ്യത സംബന്ധിച്ച് ആറ് ഇന്റിലിജന്റ്സ് റിപ്പോർട്ടാണ് ഡൽഹി പൊലീസിന് നല്‍കിയത്. എന്നാൽ ഇതിൽ കാര്യമായ നടപടികളൊന്നും എടുത്തില്ലെന്നാണ് റിപ്പോർട്ട്. വടക്ക് കിഴക്കൻ ഡൽഹിയിലെ മൗജപൂരിൽ ജനങ്ങളോട് സംഘടിക്കാൻ ആവശ്യപ്പെട്ട ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ ആഹ്വാനം വലിയ സംഘർഷത്തിലേക്ക് നീങ്ങുമെന്നായിരുന്നു ഇന്റലിജന്റ്സ് റിപ്പോർട്ട്.
അതേസമയം കലാപത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും ഡൽഹി സർക്കാർ പ്രഖ്യാപിച്ചു. കലാപബാധിതരെ പുനരധിവസിപ്പിക്കും. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ദേശീയ സുരക്ഷയുടെ കാര്യത്തിൽ രാഷ്ട്രീയം ഇല്ലെന്നും കെജ്‌രിവാൾ വ്യക്തമാക്കി.