ന്യൂഡൽഹി:കലാപത്തിനിടെ ചാന്ദ്ബാഗിൽ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ടതിന് പിന്നിൽ ആംആദ്മി കൗൺസിലർ താഹിർ ഹുസൈന് പങ്കുണ്ടെന്ന് ബി.ജെ.പി ആരോപിച്ചു. അങ്കിതിനെ മർദ്ദിച്ചും വെടിവച്ചും കൊലപ്പെടുത്തിയതാണെന്ന് പിതാവ് രവീന്ദർ ശർമ്മ ആരോപിച്ചതിന് പിന്നാലെ താഹിർ ഹുസൈന് പങ്കുണ്ടെന്ന വാദവുമായി ബി.ജെ.പി രംഗത്തു വന്നിരുന്നു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.ആരോപണം തെളിഞ്ഞാൽ എത്ര വലിയ നേതാവാണെങ്കിലും നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രതികരിച്ചു. താഹിറിന്റെ വീട്ടിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തെന്നും ആംആദ്മി പാർട്ടി മൗനം പാലിക്കുകയാണെന്നും കേന്ദ്രമന്ത്രിയും ബി.ജെ.പി വക്താവുമായ പ്രകാശ് ജാവദേക്കർ ആരോപിച്ചു.
മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ
കലാപത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും അറിയിച്ചു. കലാപ പ്രദേശത്ത് സർക്കാർ സൗജന്യ ഭക്ഷണ വിതരണം നടത്തി. പത്തുലക്ഷം രൂപയിൽ ഒരു ലക്ഷം ഉടൻ കൈമാറും. രേഖകൾ പരിശോധിച്ച ശേഷമാകും ബാക്കി തുക നൽകുക. മരിച്ച പ്രായപൂർത്തിയാകാത്തവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ. ഗുരുതര അംഗവൈകല്യം സംഭവിച്ചവർക്ക് അഞ്ച് ലക്ഷം. അനാഥരായവർക്ക് മൂന്നു ലക്ഷം. നശിച്ച റിക്ഷകൾക്ക് 25,000, ഇ-റിക്ഷകൾക്ക് 50,000, തീകത്തി നശിച്ച വീടുകൾക്ക് അഞ്ച് ലക്ഷം. ഭാഗികമായി നശിച്ച വീടുകൾക്ക് 2.5ലക്ഷം എന്നിങ്ങനെയാണ് നഷ്ടപരിഹാരം.
സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റി
കലാപ ബാധിത പ്രദേശങ്ങളിൽ ഇന്നും നാളെയും നടക്കാനിരുന്ന സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റിവച്ചു. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും.