ന്യൂഡൽഹി: ഡൽഹിയിൽ നടന്ന വർഗീയ കലാപത്തിനിടെ ഐ.ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവത്തിൽ ആംആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനെതിരെ പൊലീസ് കേസെടുത്തു. കൊലപാതകത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. താഹിറിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. പൊലീസ് കേസെടുത്തതിന് പിന്നാലെ താഹിർ ഹുസൈനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ആം ആദ്മി പാർട്ടി അറിയിച്ചു..
നെഹ്‌റു വിഹാറിൽ നിന്നുള്ള ആം ആദ്മി പാർട്ടി കൗൺസിലറാണ് താഹിർ ഹുസൈൻ. ഐ.ബിയിൽ ട്രെയിനി ഓഫീസർ ആയിരുന്ന അങ്കിതിന്റെ മൃതദേഹം ചാന്ദ് ബാഗിലെ ഒരു ഓടയിൽ നിന്നാണ് കണ്ടെടുത്തത്. അങ്കിത് ശർമയുടെ കുടുംബം, ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവായ താഹിർ ഹുസൈനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. കലാപത്തിനിടെ അങ്കിത് ശർമയെ വധിച്ച് കുറ്റം ലഹളക്കാർക്കുമേൽ ആരോപിക്കുകയാണ് താഹിർ ചെയ്തിരിക്കുന്നത് എന്നാണ് അങ്കിതിന്റെ ബന്ധുക്കളുടെ ആരോപണം.
താഹിർ ഹുസൈന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുകളിൽ നിന്നാണ് അങ്കിതിനു നേർക്ക് കല്ലേറുണ്ടായത് എന്ന് അങ്കിതിന്റെ ബന്ധുക്കൾ വാർത്താഏജൻസിയോട് പറഞ്ഞു.. അങ്കിത് ശർമയുടെ സഹോദരൻ അങ്കുറിനെയും രണ്ടു സ്നേഹിതരെയും അക്രമാസക്തമായ ഒരു ജനക്കൂട്ടം പിടിച്ചു കൊണ്ടുപോകുന്നത് കണ്ടതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അവരെ രക്ഷിക്കാൻ ശ്രമിച്ചവർക്കുനേരെ അക്രമികൾ വെടിവെച്ചതായും തദ്ദേശവാസിയായ അയാൾ പറഞ്ഞു.
കലാപത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കലാപത്തിൽആം ആദ്മി പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ അവർക്ക് ഇരട്ടിശിക്ഷ നല്‍കുമെന്നും രാഷ്ട്രീയം നോക്കില്ലെന്നും നേരത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ‌്‌രിവാൾ നേരത്തെ പറഞ്ഞിരുന്നു.