നിന്റെ കൈയിലെ പുട്ടാണ് എന്റെ ലക്ഷ്യം
അതെനിക്കും നിനക്കും നന്നായറിയാം
എന്നാലും നിന്റെ തെറ്റാടിയിലെ ഒരേറ്,
ലക്ഷ്യം കണ്ടാൽ
എല്ലാം തകിടം മറിയുമല്ലോ
ആയതിനാൽ ഓരോ ചുവടും
പാത്തും പതുങ്ങിയുമാണ്
ഞാൻ മുന്നോട്ട് വയ്ക്കുന്നത്.
ജീവിതത്തിന്റെ കേമത്വമെന്നും നീ
എന്നോട് പറയണ്ട
ആലിൻ കായ് പഴുത്തപ്പോൾ
എന്റെ വായിൽ നിറയെ പുണ്ണായിരുന്നു
ഞാനാറ്റു നോറ്റ പഴങ്ങൾ
മറ്റുകിളികൾ കൊത്തിവിഴുങ്ങുന്നത്
നിസഹായനായ് ഞാൻ നോക്കി നിന്നു
നിന്റെ പാടത്ത് നൂറുമേനി വിളഞ്ഞതും
പത്തായങ്ങൾ നിറഞ്ഞു കവിഞ്ഞതും
അറപ്പുരകളിൽ അളന്നു കൂട്ടിവച്ചതും
എല്ലാർക്കുമറിയാം, എനിക്കുമറിയാം
കിളികൾ, കതിരുകൊത്തി പറന്നതും
ഉറുമ്പുകൾ അറപ്പുരകളിൽ
ക്ഷേമരാഷ്ട്രങ്ങൾ പണിതതും
പുസ്തകക്കണക്കിൽ
ഇടതുഭാഗത്തെഴുതി നീ
പോട്ടെ, അതൊക്കെ വലിയ വലിയ കാര്യങ്ങൾ
എനിക്കിപ്പോൾ വിശക്കുന്നു
ഒരു കഷണം പുട്ടാണ് വേണ്ടത്
വെറുതേ വേണ്ട, ആദ്യം
മുറ്റത്തെ ചീത്തകൾ കൊത്തിവലിക്കട്ടെ ഞാൻ!