കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശൃങ്ങൾ പകർത്തിയ കേസിൽ നടി മഞ്ജു വാര്യരെ പ്രത്യേക കോടതി വിസ്തരിച്ചു. പ്രോസിക്യൂഷൻ വിസ്താരവും ക്രോസ് വിസ്താരവും നടന്നു. ക്വട്ടേഷൻ നൽകി നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജുവാര്യർ ആരോപിച്ചിരുന്നു. നടൻ ദിലീപ് പ്രതിയായ കേസിലെ പ്രധാന സാക്ഷികളിലൊരാളായ മഞ്ജുവിന്റെ മൊഴി ഏറെ നിർണായകമായാണ് കരുതുന്നത്.
അതേസമയം, നടി ബിന്ദു പണിക്കര്‍, നടന്‍ സിദ്ദിഖ് എന്നിവരുടെ വിസ്താരം ഇന്നു നടന്നില്ല. ഇവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റി. കേസിൽ, സാക്ഷികളായ നടി രമ്യ നമ്പീശൻ, സഹോദരൻ രാഹുൽ, സംവിധായകൻ ലാലിന്റെ ഡ്രൈവർ എന്നിവരെ പ്രത്യേക കോടതി നേരത്തെ വിസ്തരിച്ചിരുന്നു. നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്, നടൻ കുഞ്ചാക്കോ ബോബൻ, സംയുക്ത വർമ എന്നിവരെ നാളെയും സംവിധായകൻ ശ്രീകുമാർ മേനോനെ മറ്റന്നാളും വിസ്തരിക്കും.
കേസിൽ ദിലീപ് പ്രതിചേർക്കപ്പെടുന്നതിന് മുമ്പ് തന്നെ ഗൂഡലോചന നടന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയ വ്യക്തിയാണ് മഞ്ജു. കേസിൽ വഴിത്തിരിവായതും ഈ പ്രസ്താവന തന്നെയായിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിരോധം ഉണ്ടെന്ന് വിശദീകരിച്ച് അതിനുള്ള കാരണങ്ങളും ചൂണ്ടിക്കാട്ടി പ്രൊസിക്യുഷൻ മഞ്ജുവിനെ പ്രധാന സാക്ഷിയാകുകയും ചെയ്തു.
നേരത്തേ കേസിൽ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ വിടുതൽ ഹര്‍ജി പ്രത്യേക കോടതി തള്ളിയിരുന്നു. ദൃശ്യങ്ങളുടെ ആധികാരികത ചോദ്യം ചെയ്താണ് ദിലീപ് കോടതിയെ സമീപിച്ചത്. കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരി 18-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 136 സാക്ഷികളെയാണ് ആദ്യഘട്ടത്തിൽ കോടതി വിസ്തരിക്കുന്നത്. 35 ദിവസം കൊണ്ട് ആദ്യഘട്ട വിചാരണ പൂർത്തിയാക്കും.