namaste-trump

ന്യൂഡൽഹി: ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിനിടെ അഹമ്മദാബാദിൽ സംഘടിപ്പിച്ച നമസ്‌തെ ട്രംപ് പരിപാടി ടെലിവിഷനിൽ എത്രപേർ കണ്ടുവെന്നതുമായി ബന്ധപ്പെട്ടുള്ള കണക്കുകൾ പുറത്ത്. അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശനത്തിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച ഉച്ചയ്ക്ക് നടന്ന പരിപാടി ഇന്ത്യയിലുടനീളം 180 ടിവി ചാനലുകളിൽ നിന്നായി 4.6 കോടി ജനങ്ങളാണ് തത്സമയം കണ്ടത്.

പ്രമുഖ ടെലിവിഷൻ റേറ്റിംഗ് ഏജൻസിയായ ബാർക്ക്(ബ്രോഡ്കാ‌സ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) സർക്കാരിന് നൽകിയ കണക്കുകൾ പ്രകാരമാണിത്. 180 ഓളം ടിവി ചാനലുകളിൽ നമസ്‌തെ ട്രംപ് പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. ഇന്ത്യയിലെ മാത്രം കണക്കുകളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

അഹമ്മദാബാദിലെ മോട്ടേര സ്റ്റേഡിയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും പ്രഥമ വനിത മെലാനിയ ട്രംപിനെയും കാണാൻ ഒരു ലക്ഷത്തിലധികം ആളുകൾ എത്തി. ഒരു കോടി ആളുകൾ സ്റ്റേഡിയത്തിൽ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

'നമസ്തേ, ഇന്ത്യ... പ്രിയ സുഹൃത്ത് മോദിക്ക് നന്ദി പറഞ്ഞ് തുടങ്ങട്ടെ, അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു... ഞാനും കുടുംബവും 8000 മൈൽ താണ്ടിയെത്തിയത് ഈ സന്ദേശം പകരാനാണ്...' എന്ന് പറഞ്ഞുകൊണ്ടാണ് നമസ്‌തെ ട്രംപിൽ യു.എസ് പ്രസിഡന്റ് പ്രസംഗം ആരംഭിച്ചത്.