dhoni

മുംബയ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ്. ധോണിയുടെ ഐ.പി.എൽ തിരിച്ചുവരാനുള്ള ശ്രമത്തെ അതിശയത്തോടെ നോക്കുന്നില്ലെന്ന് മുൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ്. ഐ.പി.എൽ യുവതാരങ്ങളെ കണ്ടെത്താനുള്ള ഉപാധികൂടിയാണ് പക്ഷെ ധോണിയുടെ ഏതാനും മാച്ചുകൾ തന്നെ മതിയാകും അദ്ദേഹത്തെ 2020ലെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാൻ. മാർച്ചിൽ ആരംഭിക്കുന്ന ഇന്ത്യൻ പ്രീയിമർ ലീഗിലേക്കുള്ള തിരിച്ചുവരവിനായി ധോണി പരിശീലനം തുടങ്ങിക്കഴിഞ്ഞു. അതേസമയം 38 വയസുള്ള ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റന്റെ ക്രിക്കറ്റ് കരിയറിനെ കുറിച്ചുള്ള ഊഹാപോഹങ്ങൾ 2019 ഏകദിന ലോകകപ്പിന്റെ സെമിഫൈനൽ തോൽവി മുതൽ തുടരുകയാണ്, ആരാധകരും ധോണിയുടെ അടുത്ത നീക്കമറിയാൻ കാത്തിരിക്കുകയാണ്.

" ഐ.പി.എൽ എന്നത് ധോണിയെ സംബന്ധിച്ച വിഷയം മാത്രമല്ല. അടുത്ത പത്ത് വർഷത്തേക്ക് ഇന്ത്യക്ക് അഭിമാനിക്കാൻ പോന്ന യുവതാരങ്ങൾക്കുള്ള അന്വേഷണം കൂടിയാണ്, ധോണി രാജ്യത്തിനു വേണ്ടി ചെയ്യാൻ പറ്റുന്നതിലധികവും ചെയ്തുകഴിഞ്ഞു" നോയിഡയിൽ ചൊവ്വാഴ്ച നടന്ന എച്ച്.സി.എല്ലിന്റെ പരിപാടിയിൽ കപിലിന്റെ വാക്കുകൾ. ധോണിയുടെ ആരാധകൻ എന്ന നിലയിൽ അദ്ദേഹം ടി20 വേൾഡ് കപ്പ് കളിക്കുന്നത് കാണാൻ ആഗ്രഹമുണ്ട്, പക്ഷെ ഒരു ക്രിക്കറ്റർ എന്ന നിലയിൽ ബി.സി.സി.ഐയുടെ തീരുമാനമായിരിക്കും അന്തിമം. ഈ വർഷത്തെ ധോണിയുടെ കരാർ ബി.സി.സി.ഐ പുതുക്കിയിരുന്നില്ല. കഴിഞ്ഞ കുറച്ചുകാലമായി ധോണി ഇന്ത്യക്കു വേണ്ടി കളിച്ചിട്ട് ഒരുപക്ഷെ ടീമിലുണ്ടായിരുന്നെങ്കിൽ ധോണി മിന്നുന്ന പ്രകടനം കാഴ്ച വയ്കുമായിരുന്നു. ക്രിക്കറ്റിൽ ഓരോ കളിക്കാർക്കും ഓരോ അനുമാനങ്ങളാണ് ഉള്ളതെന്നും കപിൽ കൂട്ടിച്ചേ‌ർത്തു.

ബുംറയെ കുറിച്ചും കപിൽ പരാമർശിച്ചു. ഇപ്പോൾ നടക്കുന്ന ന്യൂസിലാന്റ് പര്യടനത്തെ മുൻനിർത്തി നോക്കിയാൽ വിക്കറ്രെടിക്കുന്ന കാര്യത്തിൽ മാത്രം ബുംറ ഒരല്പം ശ്രദ്ധ ചെലുത്തിയാൽ മതിയാകും. അദ്ദേഹത്തെ കുറിച്ച് വേവലാതിപ്പെടേണ്ട ആവശ്യമില്ല. പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയ ബുംറ ആദ്യ ഏകദിന കളികളിൽ വിക്കറ്റ് നേടാൻ ബുദ്ധിമുട്ടിയത് സ്വാഭാവികമാണ്. അതിൽ അദ്ദേഹത്തെ വിമർശിക്കേണ്ട കാര്യമില്ലെന്നും കപിൽ കൂട്ടിച്ചേർത്തു.

വെല്ലിഗ്ടണിൽ നടന്ന ടെസ്റ്റിൽ ഇന്ത്യ 10 വിക്കറ്റിനു തോറ്റിരുന്നു, ആ കളിയിൽ മികച്ച ഫോമിൽ തുടരുന്ന കെ.എൽ. രാഹുലിനെ ഉൾപ്പെടുത്താതതിൽ കപിൽ ദേവ് നീരസം പ്രകടിപ്പിച്ചു. ശനിയാഴ്ച ക്രൈസ്റ്റ്ചർച്ചിൽ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റിൽ ആദ്യ കളിയിൽ സംഭവിച്ച പിഴവുകൾ മനസിലാക്കി ഇന്ത്യ തിരിച്ചുവരുമെന്നും 1983ലെ ലോകപ്പ് നേടിയ ടീം ക്യാപ്റ്റൻ വ്യക്തമാക്കി.

ആസ്ട്രേലിയയിൽ നടക്കുന്ന വനിതാ ടി20 വേൾഡ് കപ്പിൽ ഇന്ത്യൻ ടീം സെമിഫൈനൽ ഉറപ്പിച്ചതിനെ പ്രശംസിക്കാനും കപിൽ ദേവ് മറന്നില്ല. ബി.സി.സി.ഐ വനിതാ ക്രിക്കറ്റ് ടീമിന് നൽകുന്ന പിന്തുണയും അവസരങ്ങളും വലുതാണെന്നും കഴിഞ്ഞ 15 വർഷത്തെ ആപേക്ഷിച്ച് നോക്കിയാൽ വനിതാ ക്രിക്കറ്ര് ടീം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.