കൊല്ലം: മലയാളികളുടെ പ്രാർഥനകൾ വിഫലമാക്കി ഇന്ന് രാവിലെയാണ് കൊല്ലത്ത് പള്ളിമണ്‍ ഇളവൂരില്‍ കാണാതായ ആറുവയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. വീടിനടുത്തുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് പൊലീസിന്റെ മുങ്ങല്‍ വിദഗ്ദ്ധരാണ് ഇന്ന് രാവിലെ 7.30 ഓടെ കുട്ടിയെ മരിച്ച നിലയില്‍ ആറ്റില്‍ കണ്ടെത്തിയത് . ദേവനന്ദയ്ക്ക് മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലി ആർപ്പിച്ചു.
കൊല്ലം പള്ളിമണിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന ആറുവയസുകാരിയെ ഇന്നലെ രാവിലെ പത്തരയോടെ കാണാതാവുകയായിരുന്നു. ഓടനാവട്ടം കുടവട്ടൂർ ദീപസദനത്തിൽ സി.പ്രദീപിന്റെയും ധന്യയുടെയും മകൾ ദേവനന്ദയെ (പൊന്നു) അമ്മ വീടായ പള്ളിമൺ ഇളവൂർ ധനീഷ് ഭവനിൽ നിന്നാണ് കാണാതായത്. വാക്കനാട് സരസ്വതി വിദ്യാനികേതനിൽ ഒന്നാം ക്ളാസ് വിദ്യാർത്ഥിനിയാണ്.
പൊലീസും ഫയർ ഫോഴ്സും നാട്ടുകാരുമുൾപ്പെടെ ഇന്നലെ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. വീട്ടിലെത്തി മണംപിടിച്ച പൊലീസ് നായ ആറിന് കുറുകേയുള്ള ബണ്ട് കടന്ന് വള്ളക്കടവ് വരെ എത്തിയശേഷം മടങ്ങിപ്പോന്നിരുന്നു. തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.