corona-virus

ന്യൂഡല്‍ഹി: കൊറോണ വെെറസ്(കൊവിഡ്-19)​പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജപ്പാന്‍, ദക്ഷിണ കൊറിയൻ പൗരൻമാർക്ക് ഇന്ത്യ ഭാഗികമായി യാത്രാവിലക്ക് ഏര്‍പ്പെടുത്തി. 'വിസ ഓണ്‍ അറൈവല്‍' സേവനത്തിനാണ് താൽകാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജപ്പാനിലും കൊറിയയിലും കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ രണ്ട് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഭാഗികമായി വിലക്ക് ഏര്‍പ്പെടുത്തിയത്.

യൂറോപിലും ഗള്‍ഫ് രാജ്യങ്ങളിലുമാണ് പുതിയതായി രോഗം ബാധിക്കുന്നത്. ലോകത്താകമാനം രോഗം ബാധിച്ചവരുടെ എണ്ണം 82000 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം മാത്രം 256 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവയിൽ 90 ശതമാനത്തോളം കേസുകളും ദക്ഷിണ കൊറിയയിലെ വൈറസ് പ്രഭവ കേന്ദ്രമായ ഡെയ്ഗു നഗരത്തിലാണ്.

വരും ദിവസങ്ങളിൽ കൊറോണ ബാധിതരുടെ എണ്ണം 3000 ആയി ഉയരാൻ സാദ്ധ്യതയുണ്ടെന്നും വരുന്ന ആഴ്ച നിർണായകമാണെന്നും ഡെയ്ഗു മേയർ ക്വാൻ യങ്ജിൻ പറഞ്ഞു. ജപ്പാനില്‍ ഇതുവരെ 186 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്‌. നാല് പേര്‍ മരിക്കുകയും ചെയ്തു. ഒരു മാസത്തേക്ക് രാജ്യത്തെ സ്‌കൂളുകള്‍ അടയ്ക്കാനും ജപ്പാന്‍ പ്രധാനമന്ത്രി ഉത്തരവിട്ടിരുന്നു. ഇറാന്‍ വൈസ് പ്രസിഡന്റ് മസൗമെ എബ്‌തെക്കറിനും കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.