ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ. നാരായണമൂർത്തിയും ജെഫ് ബെസോസും കൈകോർക്കുന്നു
ബംഗളൂരു: ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യയിൽ വലിയ സ്വീകാര്യത നേടിയ ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തേക്ക് ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോണും ചുവടുവയ്ക്കുന്നു. ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ. നാരായണമൂർത്തിയുടെ സംരംഭമായ കാറ്റമരാൻ വെഞ്ച്വേഴ്‌സുമായാണ് ഇതിനായി ആമസോൺ സി.ഇ.ഒയും ലോകത്തെ ഏറ്റവും വലിയ കോടീശ്വരനുമായ ജെഫ് ബെസോസ് കൈകോർക്കുന്നത്.
ആമസോണിന്റെ പ്രൈം അല്ലെങ്കിൽ ആമസോൺ ഫ്രെഷ് സർവീസിന്റെ ഭാഗമായാകും ഓൺലൈൻ ഭക്ഷണ ഡെലിവറിയും ആരംഭിക്കുക. അടുത്തമാസം പ്രവർത്തനം തുടങ്ങുന്ന സംരംഭത്തിന്റെ, പരീക്ഷണം (പൈലറ്റ് സർവീസ്) ബംഗളൂരുവിൽ നടക്കുന്നുണ്ട്.
നിലവിൽ സൊമാറ്റോയും സ്വിഗ്ഗിയുമാണ് ഇന്ത്യയിൽ ഓൺലൈൻ ഫുഡ് വിതരണ രംഗത്തെ കുത്തക ശക്തികൾ. യൂബർ ഈറ്ര്‌സിനെ അടുത്തിടെ സൊമാറ്രോ സ്വന്തമാക്കിയിരുന്നു. 55 ശതമാനം വിപണി വിഹിതവുമായി സൊമാറ്രോയാണ് മുന്നിൽ. 2023ഓടെ ഇന്ത്യൻ ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസ് മൂല്യം 90,000 കോടി രൂപ കടക്കുമെന്നാണ് വിലയിരുത്തലുകൾ. നിലവിൽ ഇത് 50,000 കോടി രൂപയ്ക്കടുത്താണ്.
ജനുവരിയിൽ ഇന്ത്യ സന്ദർശിച്ച ബെസോസ്, 100 കോടി ഡോളറിന്റെ അധിക നിക്ഷേപം വാഗ്‌ദാനം ചെയ്‌തിരുന്നു. ഇതോടെ, ആമസോണിന്റെ ഇന്ത്യയിലെ മൊത്തം നിക്ഷേപം 650 കോടി ഡോളറാകും.