തിരൂരങ്ങാടി : വാടക ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്നു ഇതര സംസ്ഥാനതൊഴിലാളികൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഒഡീഷ സ്വദേശിയായ ലച്ചാമ മാജിയെയാണ് (43) അതേ റൂമിൽ താമസിച്ചിരുന്നയാൾ വെട്ടിക്കൊന്നത്. സുഹൃത്തായ ഒഡീഷ സ്വദേശി ബുട്ടി ബാഗിയെ(44) സംഭവത്തിന് ശേഷം നാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തിരൂരങ്ങാടി എസ്.എച്ച്.ഒ കെ. റഫീഖിന്റെ നേതൃത്വത്തിൽ മമ്പുറത്ത് വച്ച് പിടികൂടി. വ്യാഴാഴ്ച രാത്രി ഒരു മണിക്കാണ് സംഭവം. മഴു ഉപയോഗിച്ചായിരുന്നു കൊലപാതകം. രണ്ടുപേരും മുന്നിയൂർ പ്രദേശത്തെ വിറകുവെട്ട് തൊഴിലാളികളാണ്. മുന്നിയൂർ പാറക്കടവ് വാടകക്വാർട്ടേഴ്സ് നിരവധി ഇതര സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമാണ്.
അതേസമയം കോഴിയിറച്ചിയുടെ പേരിലാണ് ബുട്ടി ബാഗലും ലക്ഷ്മൺ മാജിയും തമ്മിൽ തർക്കം തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. ആറ് പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഇവരെല്ലാം മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. താമസസ്ഥലത്ത് കോഴിയിറച്ചി പാചകം ചെയ്യുന്നത് ലക്ഷ്മൺ മാജി എതിർത്തിരുന്നു, കാരണം ഇയാൾ കോഴിക്കറി കഴിക്കുമായിരുന്നില്ല. മുൻപും ഇതേ വിഷയത്തിൽ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസവും വാടക ക്വാർട്ടേഴ്സിൽ ബുട്ടി ബാഗൽ കോഴിക്കറി ഉണ്ടാക്കിയിരുന്നു. ഇതേ തുടർന്ന് കോഴിക്കറി ലക്ഷ്മൺ മാജി എടുത്ത് പുറത്തേക്ക് കളഞ്ഞു. ഇതിൽ പ്രകോപിതനായ ബുട്ടി ബാഗൽ മാജി ഉറങ്ങിക്കിടക്കുമ്പോൾ മഴുവെടുത്ത് കഴുത്തിൽ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഫൊറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.