“അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ഗാനത്തിലൂടെ കേരളക്കരയാകെ ഏറ്റെടുത്ത ഗായികയാണ് അട്ടപ്പാടി സ്വദേശി നഞ്ചിയമ്മ. ചിത്രത്തിന്റെ റിലീസിനു മുൻപെ പാട്ട് വൻ ഹിറ്റായി മാറിയിരുന്നു. ഈ പാട്ട് കേൾക്കുമ്പോൾ കാണാൻ കഴിഞ്ഞത് ഒരു അമ്മയെയാണെന്ന് നടൻ സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപി തന്നെ അവതാരകനായെത്തിയ ഷോയിലാണ് ഇക്കാര്യം പറഞ്ഞത്.
നഞ്ചിയമ്മ ആലപിച്ച ‘ദൈവമകളേ...’ എന്ന ഗാനം കേൾക്കുമ്പോൾ തനിക്ക് അഭിമന്യുവിന്റെ അമ്മയുടെ മുഖമാണ് ഓർമ വരുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയ്ക്കിടെ നഞ്ചിയമ്മയുടെ പാട്ടിലൂടെ പ്രേക്ഷകരുടെയും സുരേഷ് ഗോപിയുടെയും കണ്ണ് നിറയുകയായിരുന്നു. "നാൻ പെറ്റ മകനെ" എന്ന് വിളിക്കുന്ന അഭിമന്യുവിന്റെ അമ്മയെ ഓർത്ത് പോകും. ആ അമ്മയുടെ മുഖവും, ആ ഗ്രാമവും ഒരു നിമിഷം മനസിലൂടെ പോകും. അഭിമന്യുവിന്റെ അമ്മയ്ക്കും കുടുംബത്തിനും ഓരായിരം പ്രാർഥനകൾ നേരുന്നതായും സുരേഷ് ഗോപി വേദിയിൽ വച്ചുപറഞ്ഞു.
വിതുമ്പലോടെയാണ് നഞ്ചിയമ്മ വേദിയിൽ പാട്ട് അവസാനിപ്പിച്ചത്. പാടിക്കഴിഞ്ഞപ്പോൾ സുരേഷ് ഗോപി നഞ്ചിയമ്മയുടെ കാൽ തൊട്ട് വന്ദിച്ചു. 2018ൽ എറണാകുളം മഹാരാജാസ് കോളജിൽ രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് ‘നാൻ പെറ്റ മകനേ’ എന്നു ഹൃദയം നൊന്തു കരഞ്ഞ ആ അമ്മയെ ആരും മറക്കാനിടയില്ല.