ന്യൂഡൽഹി: വർഗീയതയുടെ ദുർഭൂതങ്ങളെ കെട്ടഴിച്ച് വിട്ട ഡൽഹി കലാപം നടന്നിട്ട് ഇന്നേക്ക് ആറ് ദിവസമാണ് ആയിരിക്കുന്നത്. ഇപ്പോൾ സ്ഥിഗതികൾ ശാന്തമാണെങ്കിലും, കലാപം കൃത്യസമയത്ത് തടയാൻ കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാരുകൾ കാണിച്ച അലംഭാവം 42 മനുഷ്യ ജീവനുകൾ നഷ്ടമാകാൻ കാരണമായിരുന്നു. ഇരുന്നൂറിൽ അധികം പേർക്ക് കലാപത്തിൽ പരിക്കുകളും ഏറ്റിരുന്നു. എന്നിരുന്നാലും കലാപം നടന്ന വടക്കൻ ഡൽഹിയിൽ ഇപ്പോഴും മനുഷ്യത്വത്തിന്റെയും സഹോദര്യത്തിന്റെയും അവശേഷിപ്പുകളുണ്ട് എന്ന് സൂചിപ്പിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. അത്തരത്തിൽ ഒരു കഥയാണ് തന്റെ ജീവൻ പോലും അപകടത്തിലാക്കികൊണ്ട് ഇതര മതത്തിൽ പെട്ട തന്റെ അയൽക്കാരെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച പ്രേംകാന്ത് ഭാഗേലിന് പറയാനുള്ളത്.
തന്റെ ജീവൻ അപകടത്തിലാകും എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഭാഗേൽ തീയാളി പടരുന്ന വീടുകളിൽ കയറികൊണ്ട് മുസ്ലിം മതത്തിൽ പെട്ട തന്റെ ആറ് അയൽക്കാരുടെ ജീവൻ രക്ഷപ്പെടുത്തിയത്. ഹിന്ദു, മുസ്ലിം മതവിഭാഗങ്ങളിൽ പെട്ടവർ സഹോദര്യത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ശിവ് വിഹാറിലാണ് സംഭവം നടന്നത്. തന്റെ സുഹൃത്തുക്കളുടെ വീട് കലാപകാരികൾ തീവച്ചത് കണ്ടാണ് ഭാഗേൽ അവരെ രക്ഷിക്കാനായി ഇറങ്ങി പുറപ്പെടുന്നത്. കുടുംബത്തിലെ അഞ്ച് പേരെ രക്ഷപ്പെടുത്തിയ ശേഷം സുഹൃത്തിന്റെ പ്രായമായ അമ്മയെ കൂടി രക്ഷപ്പെടുത്തി പുറത്തെത്തിച്ചതോടെ ഭാഗേലിന്റെ ദേഹത്ത് ആകമാനം ഗുരുതരമായി പൊള്ളലേറ്റിരുന്നു.
തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചപ്പോഴാണ് കലാപത്തിന്റെ അതിക്രൂരമായ മറ്റൊരു മുഖം കൂടി വെളിപ്പെടുന്നത്. കലാപകാരികൾ വാഹനങ്ങൾ തടഞ്ഞത് കാരണം ആംബുലൻസിന് ഭാഗേലിന്റെ അടുത്തേക്ക് എത്താനായില്ല. ഇതുകാരണം ശരീരത്തിൽ 70 ശതമാനം പൊള്ളലുകളോട് കൂടി ഒരു രാത്രി മുഴുവനാണ് ഈ മനുഷ്യന് തള്ളി നീക്കേണ്ടി വന്നത്. അവസാനം പിറ്റേന്ന് പുലർച്ചെയാണ് ഇദ്ദേഹത്തെ അടുത്തുള്ള ജി.ടി.ബി ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റിയത്. ഇപ്പോഴും മരണവുമായി മല്ലടിക്കുന്ന ഭാഗേലിന് മനസിന് സന്തോഷം നൽകുന്ന ഒരു കാര്യമുണ്ട്. താൻ കാരണം ആറ് പേരുടെ ജീവൻ രക്ഷിക്കാൻ ആയെന്നതാണ് അത്.