vodafone-idea

 നിരക്ക് കൂട്ടാൻ അനുമതി തേടി വൊഡാഫോൺ ഐഡിയ

ന്യൂഡൽഹി: സുപ്രീം കോടതിയുടെ 'എ.ജി.ആർ" വിധിയെ തുടർന്ന് വലിയ സാമ്പത്തിക ബാദ്ധ്യതയിലേക്ക് വീണ വൊഡാഫോൺ ഐഡിയ, മൊബൈൽ ഇന്റർനെറ്ര്, കാൾ നിരക്കുകൾ കുത്തനെ കൂട്ടാൻ സർക്കാരിന്റെ അനുമതി തേടി. നിലവിൽ ഒരു ജിബി ഡേറ്റയ്ക്ക് 4 - 5 രൂപയാണ് നിരക്ക്. ഏപ്രിൽ ഒന്നുമുതൽ ഇത്, 7 - 8 മടങ്ങ് വർദ്ധിപ്പിച്ച് 35 രൂപയാക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. ഔട്ട് ഗോയിംഗ് കാൾ നിരക്ക്, മിനുട്ടിന് ആറുപൈസ വീതം കൂട്ടണമെന്നും ആവശ്യമുണ്ട്.

അഡ്‌ജസ്‌റ്റഡ് ഗ്രോസ് റെവന്യൂ (എ.ജി.ആർ) ഇനത്തിൽ കേന്ദ്രസർക്കാരിന് നൽകാനുള്ള 53,000 കോടി രൂപയുടെ കുടിശിക ഉടൻ വീട്ടണമെന്ന സുപ്രീം കോടതി വിധിയാണ് വൊഡാഫോൺ ഐഡിയയ്ക്ക് തിരിച്ചടിയായത്. കുടിശിക വീട്ടാൻ കമ്പനി 18 വർഷത്തെ സാവകാശം തേടിയെങ്കിലും ഫലമുണ്ടായിരുന്നില്ല. മാർച്ച് 17നകം കുടിശിക വീട്ടണമെന്നാണ് സുപ്രീം കോടതി നിർദേശം. ഇതിനകം 3,500 കോടി രൂപ മാത്രമാണ് കമ്പനി അടച്ചത്. ഭാരതി എയർടെൽ ഉൾപ്പെടെ 15ഓളം ടെലികോം സ്ഥാപനങ്ങളിൽ നിന്ന് ആകെ 1.47 ലക്ഷം കോടി രൂപയാണ് എ.ജി.ആർ കുടിശികയായി സർക്കാരിന് കിട്ടാനുള്ളത്. ഏകദേശം ഏഴുകോടിയോളം ഡേറ്റാ വരിക്കാർ വൊഡാഫോൺ ഐഡിയയ്ക്കുണ്ട്.