സിസ്റ്റർ മഗ്ദലന കിടക്കയിൽ കിടന്ന് ഒരിക്കൽക്കൂടി പ്രാർത്ഥിക്കുകയായിരുന്നു. മാനസിയോട് ഹൃദയം തുറന്ന് സംസാരിച്ചതിന്റെ മനഃസമാധാനം അവരെ വല്ലാതെ സന്തോഷിപ്പിച്ചു, കർത്താവിനോട് വീണ്ടും വീണ്ടും നന്ദി പറഞ്ഞു, ഒരിക്കൽ കൂടി രുഗ്മിണിയെ അരികത്തെത്തിച്ചതിന്. പഴയ കാര്യങ്ങളൊക്കെ വീണ്ടും വീണ്ടും മനസിലൂടെ കടന്നുവന്നുകൊണ്ടിരുന്നു. തങ്ങൾക്കു വേണ്ട നോട്ടുകളെല്ലാം പകർത്തി തന്നിരുന്ന രുഗ്മിണി, മീൻ കൂട്ടാറില്ലെങ്കിലും ഉറ്റകൂട്ടുകാരികളായ തനിക്കും മാനസിക്കും വേണ്ടി നന്നായി മീൻ കറി വച്ച് കൊണ്ടു തന്നിരുന്ന രുഗ്മിണി....
സിസ്റ്റർ കണ്ണീർ തുടച്ച് തിരിഞ്ഞുകിടന്നു. പെട്ടെന്നാണ് കോളിംഗ് ബെല്ലിന്റെ ശബ്ദം കാതിൽ വന്നുവീണത്. ആരാവും ഈ സമയത്ത്? സംശയിച്ച് കിടക്കയിൽ നിന്നെഴുന്നേറ്റു. സിസ്റ്റർ മുൻവശത്തേക്ക് ചെന്നു. ജനാല തുറന്ന് പുറത്തേക്ക് നോക്കി.
''ആരാ...?"
''ഞാനാ മഗ്ദലന സിസ്റ്റർ?"
''ആര് രുക്കുവോ? "
''അതെ സിസ്റ്ററേ"
''നീ വീട്ടിൽ പോയതല്ലേ?"
''സിസ്റ്ററൊന്ന് വാതിൽ തുറക്ക്."
സിസ്റ്റർ വാതിലിന്റെ ഒരു പാളി തുറന്ന് തല വെളിയിലിട്ടു. വിശ്വാസം വരാത്ത മട്ടിൽ പുറത്തേക്ക് കണ്ണുകൾ പായിച്ചു.
''നീ...നിന്റെ മുഖമെന്താ വല്ലാതെ. ആരെങ്കിലും ഉപദ്രവിച്ചോ നിന്നെ?ആ സമയത്ത് പോയപ്പോഴേ ഞാൻ സംശയിച്ചു."
''മടങ്ങി വരേണ്ടി വന്നു സിസ്റ്റർ"....
ഒരു വശത്തായി മാറി നിന്ന തളിരിനെ രുക്കു സിസ്റ്ററിന്റെ വശത്തേക്ക് നീക്കി നിറുത്തി.
''സിസ്റ്റർ ഇതാണ് എന്റെ മകൾ, തളിർ... ഞാനിവളെ സിസ്റ്ററിനെ ഏൽപ്പിക്കുകയാണ്. സത്യം തെളിയിച്ച് ഞാൻ മടങ്ങി വരുന്നത് വരെ അവൾ ഇവിടെ സുരക്ഷിതയായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഞാനിവരോടൊപ്പം പോകുന്നു. കൊലപാതകക്കുറ്റത്തിന് പൊലീസ് എന്നെ അറസ്റ്റു ചെയ്തിരിക്കുകയാണ്. കണ്ടില്ലേ... കൈ വിലങ്ങ്..."
രുക്കുവിന്റെ വാക്കുകൾ കേട്ട് അവർ ഞെട്ടി. ഒന്നും വിശ്വസിക്കാനാകുന്നില്ല.
''ഇവിടെ നിന്നും പോയതിനിടയ്ക്ക് എന്തു സംഭവിച്ചു എന്നായിരിക്കും സിസ്റ്റർ ചിന്തിക്കുന്നതെന്ന് എനിക്കറിയാം. അതൊക്കെ ഇവൾ വിശദമായി പറയും, ഞാൻ പോകുന്നു..."
തളിരിനെ ഒരിക്കൽ കൂടി രുക്കു നോക്കി.
''മോളേ നിനക്ക് ഈ അമ്മയ്ക്ക് പകരം മറ്റൊരമ്മയേയാണ് കിട്ടിയിരിക്കുന്നത്. ഒരിക്കലും നീ വിഷമിക്കാനിട വരില്ല.. കരയാതിരിക്കൂ..."
രുക്കു പൊലീസുകാരോടൊപ്പം ജീപ്പിൽ കയറി, തളിർ വാവിട്ട് നിലവിളിച്ചു.
''മോളേ സമാധാനമായിരിക്കൂ, വരൂ ഞാനുണ്ട് നിനക്ക്..."
മഗ്ദലന തളിരിനെ തോളോടു ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് അകത്തേക്ക് കൊണ്ടു പോയി.
**************
നാഷണൽ ക്ളബിന്റെ മുറ്റത്തെ മരത്തണലിൽ ദേവാനന്ദ് തന്റെ ബെൻസ് കാർ പാർക്ക് ചെയ്തു. തിരുവനന്തപുരത്തെ പ്രശസ്തമായ ക്ളബിൽ അഫിലിയേറ്റ് ചെയ്തതാണ്, കൊച്ചിയിലെ ഈ നാഷണൽ ക്ളബ്. ദേവേന്ദ്രക്കാരണവർ ആണ് ദേവാനന്ദിന് ലക്ഷങ്ങൾ മുടക്കി ക്ളബ് അംഗത്വം വാങ്ങിക്കൊടുത്തത്. ദേവേന്ദ്രക്കാരണവരുടെ ആദ്യഭാര്യ സതിയുടെ ആദ്യവിവാഹബന്ധത്തിലെ മകനാണ് ദേവാനന്ദ്. ദേവ് എന്നാണ് എല്ലാവരും വിളിക്കുന്നത്, മുപ്പത്, മുപ്പത്തിരണ്ടു വയസ് പ്രായം. ഒത്ത ഉയരം, വെളുത്ത നിറം, കാഴ്ചയിൽ യോഗ്യൻ. പല പെൺകുട്ടികളുടെയും ആരാധ്യപുരുഷൻ. രണ്ടാനച്ഛനാണ് ദേവേന്ദ്രക്കാരണവരെങ്കിലും അച്ഛൻ എന്നാണ് ദേവ് അയാളെ വിളിക്കുന്നത്.
രണ്ടുപേരുടെയും പേരുകൾ തമ്മിൽ സാമ്യമുള്ളതുകൊണ്ട് അതൊക്കെ ദേവിന്റെ സ്ഥാപനങ്ങളാണെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. ദേവ് ആ ധാരണ തിരുത്താനും പോയിട്ടില്ല. മാത്രമല്ല, അതൊക്കെ തന്റേതാണെന്ന് പലരോടും പറഞ്ഞിട്ടുമുണ്ട്.
ദേവേന്ദ്രക്കാരണവരിൽ സതിയ്ക്കൊരു മകളുണ്ട്, ദയ. ദേവേന്ദ്രക്കാരണവരുടെ ആദ്യഭാര്യ നേരത്തേ മരിച്ചു പോയി, അവർ അമേരിക്കയിൽ ഡോക്ടറായിരുന്നു. അതിലൊരു മകളുണ്ട്, അമേരിക്കൻ പൗരയാണ്, പേര് ട്വിങ്കിൾ. ട്വിങ്കിൾ അമ്മയുടെ വഴിയേ അമേരിക്കയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ്. തന്റെ ഉടമസ്ഥതയിലുള്ള ദേവ ഹോസ്പിറ്റൽ ഷെയറിൽ ട്വിങ്കിളിനെയും ഉൾപ്പെടുത്തണമെന്ന് ഒരിക്കൽ കാരണവർ അഭിപ്രായപ്പെട്ടിരുന്നു. അതിനോട് സതിക്കും മകനും എതിർപ്പുണ്ട്. ബിൽഡിംഗ് കൺസ്ട്രക്ഷൻ സ്ഥാപനം ദേവാനന്ദിനാണെന്ന് ദേവേന്ദ്രക്കാരണവർ നേരത്തെ തന്നെ പറഞ്ഞിരുന്നു. ദേവാനന്ദ് കാറിൽ നിന്നിറങ്ങിയപ്പോൾ യൂണിഫോമിട്ട സെക്യൂരിറ്റി ഭവ്യതയോടെ അയാളുടെ സമീപത്തേക്ക് ചെന്നു നിന്നു.
''സർ ലോൺട്രിയിൽ അലക്കാൻ കൊടുത്ത ഡ്രസുകൾ പാക്ക് ചെയ്ത് വച്ചിട്ടുണ്ട്."
''ങും. എടുത്ത് കാറിൽ വച്ചോളൂ."
ദേവ് കാറിന്റെ കീ സെക്യൂരിറ്റിയുടെ കൈയിൽ കൊടുത്തു ബാറിലേക്ക് നടന്നു, ആരെയും ശ്രദ്ധിക്കാതെ.
ക്ലബ് അംഗങ്ങൾക്ക് അവിടെ തന്നെ ഡ്രൈക്ലീനിംഗിനും ലോൺട്രിയ്ക്കുമുള്ള സൗകര്യങ്ങളുമുണ്ട്. അംഗങ്ങളുടെ സെക്കന്റ് ഹോം എന്നാണ് ക്ലബിനെ വിശേഷിപ്പിക്കുന്നത്.
ദേവാനന്ദ് ആരെയും ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നപ്പോൾ പല വെയിറ്റേഴ്സും ദേവിന് ഗുഡ് ഈവനിംഗ് പറഞ്ഞു ഭവ്യത പ്രകടിപ്പിച്ചു. വെയ്റ്റേഴ്സിൽ പലരും അവരുടെ വേണ്ടപ്പെട്ടവർക്കായി ദേവാനന്ദിന്റെ ഹോസ്പിറ്റലിൽ ജോലിക്കാര്യം ചോദിച്ചിട്ടുണ്ട്. ഹോസ്പിറ്റലിന്റെ ഉടമസ്ഥാവകാശം ദേവിനാണെന്നാണ് അവരുടെയും ധാരണ. ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലാണ് ദേവാ ഹോസ്പിറ്റൽ. ഹോസ്പിറ്റലിന്റെ ഉടമസ്ഥാവകാശം തന്റേതാണെന്ന അഹങ്കാരത്തോടെയാണ് ദേവ് ബാറിലേക്ക് നടന്നതും.
ബാറിൽ കയറിയ ദേവ് തന്റെ മുഖത്ത് അതീവദുഃഖം പ്രകടിപ്പിക്കാൻ ശ്രദ്ധിച്ചിരുന്നു. ബാറിലുണ്ടായിരുന്ന മറ്റുള്ളവരെ ശ്രദ്ധിക്കാതെ അയാൾസീറ്റിൽ ഇരുന്നു.
''വെയിറ്റർ"
ദേവ് അവിടെ നിന്ന വെയിറ്ററെ വിളിച്ചു.
''സർ "
അയാൾ ബഹുമാനപൂർവം ദേവിന്റെ മുന്നിലേക്ക് വന്നുനിന്നു.
''എന്റെ ബ്രാൻഡ് എടുക്ക്. "
വെയിറ്റർ ദേവിന്റെ പതിവ് വിസ്കി, ഗ്ലാസിലൊഴിച്ചു. ഐസ് ക്യൂബിട്ടു. രണ്ടുമൂന്ന് ചെറിയും ഇട്ടു. ബഹുമാനം ഒട്ടും ചോരാതെ വെയിറ്റർ ചോദിച്ചു.
''സർ സ്നാക്സ് എന്താണ് വേണ്ടത്?"
''ഒരാൾ കൂടി വരാനുണ്ട്... എന്നിട്ട് പറയാം."
അല്പം ഗൗരവത്തിലാണ് ദേവ് മറുപടി പറഞ്ഞത്. ചില സന്ദർഭങ്ങളിൽ ദേവ് അങ്ങനെയാണ്. ആവശ്യമില്ലാത്ത ഗൗരവം മുഖത്ത് കാണിക്കും. താനുദ്ദേശിക്കുന്ന സ്ഥാനം ആരിൽ നിന്നും കിട്ടാതെയാകുമ്പോഴാണ് ആ ഭാവം. പല വെയിറ്റർമാർക്കും അതറിയുകയും ചെയ്യാം. അതുകൊണ്ടവർ തഞ്ചം നോക്കി സംസാരിക്കുകയും ആദരവ് പ്രകടിപ്പിക്കുകയും ചെയ്യും. അവർക്കൊക്കെ ടിപ്പും കൈ നിറയെ കിട്ടും.ഒരു സിപ്പ് മദ്യം അകത്താക്കിയപ്പോൾ രാജേഷ് കൈമൾ ബാറിനകത്തേക്ക് കയറി വന്നു.
ദേവിന്റെ തോളിൽതട്ടി പറഞ്ഞു.
''ഞാനല്പം വൈകി. നീ തുടങ്ങിയോ?"
'' ങും. ഞാൻ പറഞ്ഞാൽ പറഞ്ഞ വാക്കാണെന്ന് അറിയാമല്ലോ."
''നിനക്കെന്തു പറ്റി. പതിവില്ലാതെ "
''അതറിയില്ലേ നിനക്ക്?"
''ദേവേന്ദ്രക്കാരണവരുടെ മരണമല്ലേ. ശവസംസ്കാരവും കഴിഞ്ഞു. എല്ലാത്തിനും ഞാൻ താങ്ങായി നിന്നോടൊപ്പം ഉണ്ടായിരുന്നതുമല്ലേ."
''ങും "
ദേവ് മൂളി. കൈമളിനെ ആദ്യം കാണുന്നതുപോലെ നോക്കി.
രാജേഷ് കൈമൾ ദേവേന്ദ്രക്കാരണവരുടെ വിശ്വസ്തനായ ഓഡിറ്റർ ആണ്. എന്നിരുന്നാലും ദേവിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനും കൂടിയാണ്. രണ്ടുപേരും ഒരുമിച്ച് പഠിച്ചവരാണ്. ദേവേന്ദ്രക്കാരണവർക്ക് കൈമളിനെ പരിചയപ്പെടുത്തി കൊടുത്തത് ദേവ് ആണ്.
''നിന്റെ ഫോൺ ഓഫാണല്ലോ ദേവ്. വഴിയിലെ ബ്ലോക്കിനെപ്പറ്റി പറയാൻ ഞാൻ വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫ് എന്നാണ് കേട്ടത്. നിന്റെ മറ്റേ നമ്പറിൽ റിംഗ് പോകുന്നതല്ലാതെ എടുക്കുന്നുമില്ല."
''ആ രണ്ടുഫോണും ഞാൻ ഒഴിവാക്കി, മറ്റൊരു നമ്പർ എടുത്തു."
''അതെന്താ?"
''കാരണം പറയാം."
അച്ഛന്റെ കൊലയ്ക്ക് പിന്നിലെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് പറഞ്ഞ് ഞാൻ മടുത്തെടാ. എന്തൊക്കെയാ ചോദ്യങ്ങളെന്നറിയോ. ആരാണ് രുഗ്മിണി വാരസ്യാർ, അവരും നീയുമായിട്ട് അവിഹിത ബന്ധമുണ്ടായിരുന്നോ? ആ സ്ത്രീ തന്നെയാണോ നിന്റച്ഛനെ കൊന്നത്. അതോ ആ കൊല നടത്തിച്ചത് നിന്റമ്മയാണോ? ഇങ്ങനെ എത്രയെത്ര ചോദ്യങ്ങളാണെന്നറിയാമോ? മറുപടി പറഞ്ഞ് മടുത്തു."
''സത്യത്തിൽ നിന്റച്ഛനെ പറ്റി ഈ നാട്ടുകാർക്കെന്തറിയാം. ആരോടും ഉള്ളുതുറന്ന് സംസാരിക്കാത്ത ഒരു വ്യക്തി. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെ പറ്റി ആർക്കും ഒന്നുമറിയില്ല. റിസോർട്ടിലേക്കുള്ള വഴിയുടെ പ്രശ്നമൊക്കെ നിനക്കും അനുജനും പിന്നെ എനിക്കുമേ അറിയുള്ളൂ. ദയയക്കും അമ്മയ്ക്കും പോലും അറിയില്ല."
കൈമൾ ഓർമ്മിപ്പിച്ചു.
''പക്ഷേ അമ്മ ഈ കൊലയ്ക്ക് ശേഷം ഒരു കാര്യം പറഞ്ഞു. ഈ കൊല രുഗ്മിണി വാരസ്യാർ തന്നെ നടത്തിയതാണെന്നാണ് . ആ പണയവസ്തു അച്ഛന്റെ പേർക്ക് രജിസ്റ്റർ ചെയ്തിരുന്നു എന്നാണ്."
''അതിന് നമ്മളും സംസാരിച്ചിരുന്നതല്ലേ. വഴിക്കുള്ള ഭാഗം എടുത്തിട്ട് ബാക്കി അവർക്ക് തിരിച്ചു കൊടുക്കണമെന്നും പറഞ്ഞതാരുന്നല്ലോ? അതിനിടയ്ക്ക്...എന്തിന്? അതിന്റെ പവർ ഒഫ് അറ്റോർണി വരെ ഒപ്പിട്ടു തന്നതല്ലേ."
''അതെന്നായിരുന്നു? അതും ഇതിനിടയ്ക്ക് നടന്നോ? എന്നോടാകാര്യം സംസാരിച്ചിരുന്നു. അവർക്കത് തിരിച്ചെഴുതികൊടുക്കണമെന്ന് എന്നോട് പറഞ്ഞ ദിവസങ്ങളുണ്ട്. ദേവേന്ദ്രക്കാരണവർ പിന്നെന്തിന് അദ്ദേഹത്തിനെ അവർ കൊലചെയ്യണം...?"
കൈമൾ സംശയം പ്രകടിപ്പിച്ചു.
''എന്താണെന്ന് എനിക്കറിയില്ല കൈമൾ."
''നീ നിന്റെ പേർക്ക് എഴുതാൻ അദ്ദേഹത്തെ നിർബന്ധിച്ചിരുന്നോ ദേവ് ഞാനറിയാതെ?കാരണം ആ കുട്ടിയെ പഠിപ്പിച്ച് ഡോക്ടറാക്കി നിങ്ങളുടെ ഹോസ്പിറ്റലിൽ തന്നെ ജോലികൊടുക്കാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ. ഒരു മോളെ പോലെയാ അദ്ദേഹം ആ കുട്ടിയെ കണ്ടിരുന്നതും.സ്വന്തം മകളെ കൂടി ഈ ഹോസ്പിറ്റലിലേക്ക് പറിച്ചുമാറ്റാനും ദേവേന്ദ്രക്കാരണവർ ശ്രമിക്കുന്നുണ്ടായിരുന്നു. നിന്നോടാക്കാര്യം അദ്ദേഹം പറഞ്ഞിരിക്കുമല്ലോ..."
രാജേഷ് കൈമൾ വെളിപ്പെടുത്തി.
''ങും...എന്തായാലും ഇനി ഇതൊക്കെ എനിക്കവകാശപ്പെട്ടതാ. എല്ലാറ്റിനും എനിക്കവകാശം എഴുതിത്തന്ന പേപ്പറുണ്ട്. ഇത് ദൈവനിശ്ചയമാവാം."
''അപ്പോൾ ദയയ്ക്കോ?ദയ അദ്ദേഹത്തിന്റെ രക്തമല്ലേ?"
കൊഞ്ചു ഫ്രൈ ഫോർക്കിൽ കുത്തി വായിലിട്ടു കൊണ്ട് കൈമൾ ദേവിനോട് സംശയം പ്രകടിപ്പിച്ചു.
''അതെ. അവൾക്കും കൊടുക്കണം പകുതി അവകാശം. പത്തിരുപത് വർഷമായി ഞാനും അച്ഛനെ സേവിച്ചു കഴിഞ്ഞതല്ലേ? എല്ലാ ബിസിനസ് കാര്യത്തിലും ഞാനൊപ്പമുണ്ടായിരുന്നല്ലോ. നിനക്കും അതറിയാമായിരുന്നതല്ലേ? ഈ നാട്ടിലേക്ക് കൂടി ബിസിനസ് എക്സ്പാന്റ് ചെയ്യണം എന്ന ഐഡിയ അമ്മയുടേതായിരുന്നു. അതിനൊപ്പം ഞാനും നിന്നു. അപ്പോൾ ഇവിടത്തെ സ്വത്തിനൊക്കെ ന്യായമായും എനിക്കും ദയയ്ക്കുമാണ് അവകാശം. അതാവും ദൈവമായിട്ട് ഇങ്ങനെയൊക്കെ സംഭവിപ്പിച്ചത്. "
''ങും. "
കൈമൾ മൂളി.
''എന്തായാലും നീ എന്നോടൊപ്പം കാണണം കൈമൾ. എന്റെ കണക്കുകളും കാര്യങ്ങളും നീ കൃത്യമായി നോക്കണം. അതുകൊണ്ടാണ് എല്ലാകാര്യവും നിന്നോട് കൃത്യമായി പറഞ്ഞത്."
ദേവാനന്ദ് ഗൗരവത്തോടെ വെളിപ്പെടുത്തി.
രാജേഷ് കൈമൾ മറുപടി പറഞ്ഞില്ല, അയാൾ മുന്നിലിരുന്ന ഗ്ലാസിലെ മദ്യം കാലിയാക്കി എഴുന്നേറ്റു.
''ഞാൻ പോകുന്നു ദേവ്, സമയം കുറെയായി."
യാത്രപറഞ്ഞ് പോകാനെഴുന്നേറ്റ കൈമളിന്റെ ഇടതുകൈയിൽ ദേവ് കൈ മുറുക്കെപ്പിടിച്ചു.
''പിന്നെ ഒരു കാര്യം കൂടി പറയാനുണ്ട്. എങ്ങനെയും ആ രുഗ്മിണി വാരസ്യാരുടെ മകളെ പാട്ടിലാക്കണം.അവൾ കേസിന് പോകാതെ ഈ കൊലയാളി ആരെന്നറിയാൻ നമ്മളോടൊപ്പം ഉറച്ചുനിൽക്കണം. അതിനുവേണ്ടി അവളോട് ഒരടുപ്പം ഉണ്ടാക്കിയെടുക്കണം. "
''അത് അവളുടെ അമ്മയല്ലേ പ്രതി?"
''പൊലീസുകാർക്ക് അവൾ മൊഴി നൽകിയിരിക്കുന്നത് ആ കൊല നടത്തിയത് അവളുടെ അമ്മ അല്ലെന്നാണ്. ആ സ്ത്രീ പറയുന്നത് അവരിൽ നിന്നു പറ്റിയ ഒരബദ്ധമാണെന്നും. പക്ഷേ ഒറ്ര വെട്ടിനാണ് ആ കൊല നടന്നത്. ഒരു സ്ത്രീയുടെ വെട്ടിൽ ആ കൊല നടക്കാൻ ഇടയില്ലെന്നാണ് മഹസറിലുള്ളതത്രേ."
''പിന്നെ അവരെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടിരിക്കുന്നത്? "
''അതവർ സ്വമനസാലേ കൊലനടത്തിയതാണെന്ന് ഏറ്റുപറഞ്ഞതുകൊണ്ടാവും."
''എന്തായാലും നിന്നെ അതൊന്നും ബാധിക്കുകയില്ലല്ലോ. അവരായി അവരുടെ പാടായി. ആരായാലും ചെയ്ത പാപത്തിന് അവർ അനുഭവിക്കും.സത്യം കാലം തെളിയിക്കും. നീ വീട്ടിൽ പോകാൻ നോക്ക്."
കൈമൾ മുന്നോട്ട് നടന്നു.
(തുടരും)