ഹോങ്കോങ് : ജനങ്ങൾക്കായി പാലും തേനും ഒഴുക്കാമെന്ന വാഗ്ദാനം തിരഞ്ഞെടുപ്പ് പ്രചരണത്തിൽ മാത്രം കേൾക്കുന്നവരെ ഞെട്ടിച്ചിരിക്കുകയാണ് ഹോങ്കോങ്. ഏറെ നാളായി ഇവിടം സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു. കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്നവരെ ചൈനയ്ക്ക് വിട്ടുകൊടുക്കാമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതിയ്‌ക്കെതിരെയാണ് മാസങ്ങളോളം ജനം തെരുവിലിറങ്ങിയത്. ഇതിന് പിന്നാലെ ചൈനയിൽ കൊറോണ കൂടി പൊട്ടിപ്പുറപ്പെട്ടതോടെ ഹോങ്കോങിന്റെ സാമ്പത്തിക നിലയും പരുങ്ങലിലായിരിക്കുകയാണ്. ജനത്തിന്റെ കൈയ്യിൽ പണലഭ്യത കുറഞ്ഞതോടെയാണ് നഗരം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായത്.
എന്നാൽ മാന്ദ്യത്തിൽ നിന്നും രക്ഷ നേടാനായി തകർപ്പൻ പദ്ധതിയാണ് ഭരണാധികാരികൾ സ്വീകരിച്ചിരിക്കുന്നത്. പതിനെട്ട് വയസ് പൂർത്തിയായ എല്ലാ പൗരൻമാർക്കും പതിനായിരം ഹോങ്കോങ് ഡോളർ( ഒരു ലക്ഷം ഇന്ത്യ രൂപയ്ക്കടുത്ത് ) നൽകാനാണ് തീരുമാനം. ബഡ്ജറ്റിലൂടെയാണ് ഈ ജനകീയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കൂടുതൽ പണം ജനത്തിന്റെ കൈയ്യിലെത്തുന്നതോടെ പണത്തിന്റെ ചലനാത്മകത കൂടുമെന്നും വിപണികൾ ഉണരുമെന്നുമാണ് കണക്കുകൂട്ടുന്നത്. എഴുപത് ലക്ഷത്തോളം പേർക്കാണ് ഇവിടെ 'ലോട്ടറി' അടിച്ചിരിക്കുന്നത്. ഇതിനു പുറമേ ആദായ നികുതിയിലും ജനത്തിന് ഇളവുകൾ നൽകും.