ചെന്നൈ : തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ക്ഷേത്രത്തിന് സമീപത്ത് നിന്നും നിധി ശേഖരം കണ്ടെത്തി. ഇവിടെ തിരുവാനിക്കാവലിലെ ജംബുകേശ്വർ ക്ഷേത്രത്തിന് സമീപമാണ് കുഴിയെടുത്തപ്പോൾ ഒരു കുടം സ്വർണം ലഭിച്ചത്. ഉദ്ദേശം ഏഴടി താഴ്ചയിൽ കുഴിയെടുത്തപ്പോഴാണ് ഒരു പാത്രത്തിലായി സ്വർണനാണയങ്ങൾ കണ്ടെത്തിയത്. പാത്രത്തിൽ 505 സ്വർണനാണയമാണുണ്ടായിരുന്നത്. 1.716 കിലോഗ്രാം ഭാരമുള്ള സ്വർണത്തിൽ ഒരു നാണയമൊഴിച്ച് ബാക്കിയെല്ലാം ചെറിയ നാണയങ്ങളാണ്, ഇതിൽ അറബിയിൽ എഴുതിയ അക്ഷരങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ പത്തോ പന്ത്രണ്ടോ നൂറ്റാണ്ടുകളിൽ ഉപയോഗിച്ചിരുന്ന നാണയങ്ങളാണെന്നാണ് അനുമാനം.
കഴിഞ്ഞ ബുധനാഴ്ച കണ്ടെടുത്ത നാണയ ശേഖരം കൂടുതൽ പരിശോധനയ്ക്കായി ക്ഷേത്ര അധികൃതർ അധികാരികൾക്കു കൈമാറി. നാണയങ്ങളും പാത്രവും ഇപ്പോൾ ട്രഷറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.