ന്യൂഡൽഹി: ഡൽഹിയിൽ കലാപം കാരണം മുടങ്ങിപ്പോകുന്ന അവസ്ഥയിലെത്തിയ ഹിന്ദുമതത്തിൽപ്പെട്ട യുവതിയുടെ വിവാഹത്തിന് കാവലായി മുസ്ളീം സഹോദരങ്ങൾ. വിവാഹ ദിവസം കലാപം കാരണം വരനും കുടുംബത്തിനും സ്ഥലത്തെത്താൻ കഴിയാത്ത സ്ഥിതിയായിരുന്നു, എന്നാൽ വരനെയും കുടുംബത്തെയും സ്ഥലത്തെത്തിക്കുക മാത്രമല്ല, കലാപകാരികളിൽ നിന്ന് വധുവിന്റെ വീടിന് കാവൽ നിൽക്കുകയും ചെയ്തത് ഇവരായിരുന്നു. മുസ്ളീം മത വിശ്വാസികൾ കുടുതലുള്ള ചേരിയിലാണ് വധുവും കുടുംബവും താമസിക്കുന്നത്. കലാപത്തെ തുടർന്ന് വിവാഹം വേണ്ടെന്ന് വയ്ക്കാനുള്ള ഉപദേശങ്ങൾ ഇവർക്ക് ലഭിച്ചിരുന്നു.എല്ലാ വെല്ലുവിളികളെയും നോക്കുകുത്തിയാക്കിയാണ് വിവാഹം നടന്നത്.
വിവാഹത്തിനായി പെൺകുട്ടി ഭംഗിയുള്ള വസ്ത്രങ്ങളും മൈലാഞ്ചിയും മഞ്ഞളും ധരിച്ചിരുന്നു, പക്ഷെ വിവാഹദിവസവും തലേദിവസവും നാട്ടിൽ നടന്ന കലാപം 23കാരി സാവിത്രി പ്രസാദിന്റെ കണ്ണുകളെ ഈറൻ അണിയിച്ചു. വിവാഹം നീട്ടിവയ്ക്കണമെന്ന ആവശ്യമുണ്ടായിരുന്നെങ്കിലും നിശ്ചയിച്ച ദിവസം തന്നെ സാവിത്രിയുടെ അച്ഛൻ ബോധയ് പ്രസാദ് മുസ്ളീംങ്ങളായ അയൽക്കാരുടെ സഹായത്തോടെ വിവാഹം നടത്തി. എല്ലാത്തിനും കൂടെ നിന്നത് അയൽക്കാരായ മുസ്ലീം സഹോദരങ്ങളായിരുന്നു. അവരുടെ സാനിധ്യം ആ കുടുംബത്തെ അസ്വസ്തമാക്കാറുമില്ലായിരുന്നു. "വിവാഹ ദിവസം എന്നെ സംരക്ഷിച്ചത് മുസ്ളീം സഹോദരൻമാരാണ്" റോയിറ്രേഴ്സിനോട് വിവാഹ ദിവസം സാവിത്രി പറഞ്ഞു.
സമീപത്തുള്ള തെരുവുകളിൽ കാറുകളും കടകളും തെരുവുകളും കത്തിയമർന്നപ്പോൾ വിവാഹ ചടങ്ങുകൾ നടന്നത് ചാന്ദ് ബാഗിലെ ചേരിയിലെ ഇടുങ്ങിയ വഴിയിൽ സ്ഥിതിചെയ്യുന്ന സാവിത്രയുടെ ചെറിയ വീട്ടിലാണ്. കലാപം കാരണം നേരത്തെ നിശ്ചയിച്ച രീതിയിൽ വിവാഹം നടത്താൻ സാധിച്ചില്ല. ബോധയ് പ്രസാദ് വിവാഹം നീട്ടിവയ്ക്കാൻ തയ്യാറല്ലായിരുന്നു, അതിനാൽ ചാന്ദ് ബാഗിലെ വീട്ടിൽ വിവാഹം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു.
അതേസമയം, ഡൽഹിയിലെ ചാന്ദ് ബാഗിലും പരിസരപ്രദേശങ്ങളിലും നടന്ന കലാപത്തിൽ 38 പേർ മരിച്ചു, നിരവധിപേർ പരിക്കുകളോടെ ആശുപത്രിയിലാണ്. വീടിന്റെ ടെറസിൽ നിന്നാണ് ഞങ്ങൾ കലാപത്തിന്റെ ഭീകരദൃശ്യങ്ങൾ കണ്ടതെന്ന് ബോധയ് പ്രസാദ് പറഞ്ഞു. ഇപ്പോൾ നടക്കുന്നത് ശരിയല്ല, വർഷങ്ങളായി ഇവിടെ മുസ്ളീംങ്ങളോടൊപ്പം താമസിക്കുന്ന ഞങ്ങൾക്ക് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. ഈ കലാപത്തിനു പിന്നിൽ ആരാണെന്ന് അറിയില്ല. ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ളീങ്ങളും തമ്മിൽ ശത്രുതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാപം മതത്തിന്റെ പേരിലല്ല ആസൂത്രിതമാണെന്ന ആക്ഷേപമുണ്ട്. കലാപം ബുധനാഴ്ചമുതൽ നിയന്ത്രണവിധേയമാണെങ്കിലും കടമ്പോളങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്, ഇത് ഡൽഹിയുടെ സാമ്പത്തികമേഖലയെ പ്രതികൂലമായി ബാധിക്കും.
വിവാഹശേഷം ബന്ധുക്കളുടെയും ആയൽവാസികളുടെയും അകമ്പടിയോടെയാണ് സാവിത്രി വരന്റെ വീട്ടിലേക്ക് യാത്രയായത്. തന്റെ ബന്ധുക്കളിലധികവും വിവാഹത്തിനെത്തിയില്ലെങ്കിലും ഞങ്ങളുടെ മുസ്ളീം അയൽവാസികൾ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്ന് ബോധയ് പ്രസാദ് പറഞ്ഞു.