കൊച്ചു കുട്ടികളുടെ ശീലങ്ങളെ കുറിച്ച് ഏറ്റവും ആശങ്കപ്പെടുന്നത് വീട്ടുകാരായിരിക്കും. ചെറുപ്രായത്തിലുള്ള കുട്ടികൾ കുറച്ച് മാത്രം സംസാരിക്കുന്നതും, പ്രായത്തിൽ കവിഞ്ഞ് സംസാരിക്കുന്നതുമായ ശീലങ്ങൾ നമുക്കു ചുറ്റിലും കണ്ടു കാണും. എന്നാൽ ഇത് പലപ്പോഴും അവർ വളരുന്ന ചുറ്റുപാടിന്റെ സ്വാധീന ഫലത്തിലാവും. ഈ രണ്ടു പ്രശ്നങ്ങളുമായി തന്നെ കാണാനെത്തിയ കുടുംബങ്ങളോട് ഇടപെട്ട രീതിയെ കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരിക്കുകയാണ് പ്രശസ്ത മനശാസ്ത്രജ്ഞയായ കല.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആകെ തകര്ന്ന മട്ടിൽ ഇരിക്കുന്ന മകൾ..
അവളുടെ കൈക്കുഞ്ഞിനെ എടുത്തു അതിലും തകർന്നിരിക്കുന്ന അമ്മ..
ഇവരുടെ നടുവിൽ ഒരു അഞ്ചു വയസ്സുകാരി.. ഇത്രയും കൊച്ചു കുട്ടിക്കു ഞാൻ കൗൺസലിങ് കൊടുക്കില്ല എന്ന് പറയാൻ പറ്റാത്ത വിധം,
പ്രിയമുള്ള ഒരാളുടെ ശുപാർശ ആയിട്ട് എത്തിയതാണ്..
ചറപറാന്നു ആരെ കണ്ടാലും വർത്തമാനം പറയുന്നു,
എന്ത് പറയണം, എവിടെ പറയാൻ എന്നൊക്കെ അറിയാൻ ശ്രമിക്കുന്നില്ല..
ഉത്തരവാദിത്വം തീരെ ഇല്ല...
ഇതൊക്കെ കേട്ടു കൊണ്ടൊരു നക്ഷത്രക്കണ്ണുള്ള കുഞ്ഞ് എന്റെ മുന്നില്..
കൊച്ചു വായിൽ വലിയ വർത്തമാനം ആണ്.. !
അമ്മുമ്മ വക പരാതി..
ഞാൻ ഒന്ന് പുറകോട്ട് പോയി..
ഇത്പോലെ ഒരു കുട്ടിയായിരുന്നു ഞാനും..
വാ അടയ്ക്കാൻ ഇഷ്‌ടമില്ലാത്തത് കൊണ്ട് വിഷയങ്ങൾ തപ്പി എടുത്തു കൊണ്ട് വരും..
ഒരു ദിവസം, അച്ഛനും അമ്മയും ഞാനെന്ന അഞ്ചു വയസ്സുകാരിയുമായി സിനിമയ്ക്ക് പോയി..
വളരെ മികച്ച സിനിമ..
പക്ഷെ അതിൽ ഒരൽപ്പം വലിയ സീൻ..
അമ്മയോ അച്ഛനോ ആരോ മടിയിൽ ഇരുത്തി കണ്ണ് അങ്ങ് പൊത്തി..
സിനിമ തീർന്നു ഇറങ്ങുമ്പോൾ എട്ടു നാടും പോട്ടേ ഞാൻ വിളിച്ചു ചോദിച്ചു...
ആ ചേച്ചി എന്താമ്മേ ബ്ലൗസ് ഇടാഞ്ഞേ..
ഉണ്ടല്ലോ, ബ്രൗൺ നിറമാ..
അമ്മ വെപ്രാളപ്പെട്ട് പറഞ്ഞ ഉത്തരം എനിക്കു തൃപ്തി ആയി..
സ്കൂളിന്റെ അടുത്ത് അമ്മയുടെ ചേച്ചി താമസമുണ്ട്..
ഉച്ചയ്ക്ക് അവിടെ പോയിട്ടാണ് ഭക്ഷണം..
സാധാരണ പിള്ളേർക്ക് അങ്ങോട്ട് കഥ പറയണം എങ്കിൽ ഞാൻ തിരിച്ചാണ്..
സാംബശിവന്റെ ഒഥെല്ലോ ശബ്ദരേഖ കേട്ടു പറഞ്ഞു കൊടുത്തിരുന്ന ഞാൻ പെട്ടന്നു കഥ മാറ്റി പറഞ്ഞു തുടങ്ങി..
""അതില്ലേ, നമ്മള് വിചാരിക്കും, ആ ചേച്ചിക്ക് ബ്ലൗസ് ഇല്ലെന്ന്, പക്ഷെ ഉണ്ട്.. ""
കഥ കേട്ട്, ചുറ്റുമുള്ളവർ കണ്ണ് തള്ളി..
വാ പൊത്തി ചിരിച്ചു കൊണ്ട് അടുക്കളയിലേയ്ക്ക് ഓടുന്ന അവരുടെ വാല്യക്കാരി ഭാഗ്യലക്ഷ്മിയെ ഞാൻ സന്തോഷത്തോടെ നോക്കി..
എല്ലാർക്കും എന്റെ കഥ ഇഷ്‌ടായല്ലോ..
അമ്മ ഇങ്ങനെ എന്റെ വായാടിത്തം കൊണ്ട് ഒരുപാട് അനുഭവിച്ചിട്ടുണ്ട്..
പ്രത്യേകിച്ച് അവരുടെ തറവാട്ടിൽ പോകുമ്പോൾ അവിടെ ഉള്ള എന്റെ അതേ പ്രായത്തിൽ ഉള്ള പിള്ളേരുടെ വക തിരിവിന്റെ മുന്നിൽ..
അധികം സംസാരിക്കരുത് എന്നുള്ള താക്കീത് ഞാൻ ഒരിക്കലും കേട്ടിട്ടേ ഇല്ല..
ആരെങ്കിലും അമ്മയോട് പരാതി പറഞ്ഞിട്ടിട്ടുണ്ടാകാം ...
പക്ഷെ അതൊരു മാനസിക പ്രശ്നം ആയി അവർ എടുത്തില്ല...
വക്കീലിന്റെ അതേ സംസാരം എന്ന് മുതിർന്നപ്പോ കേട്ടുതുടങ്ങി.
അതിപ്പോ തന്തയ്ക്ക് പിറക്കുന്നത് കുറ്റമല്ലല്ലോ..
ഞാൻ പിരുപ്ര്ത്തിട്ടുണ്ട്....
ഈ കാലഘട്ടത്തിൽ വല്ലോം ജനിച്ചാൽ മതിയായിരുന്നു എന്ന് പിള്ളേരുടെ പ്രണയം കാണുമ്പോൾ ഓർക്കാറുണ്ട്..
പക്ഷെ, ഇപ്പോഴത്തെ തലമുറയിലെ മാതാപിതാക്കളുടെ വളർത്തു രീതിയിൽ ഭയം തോന്നുന്നു..
അതിനു മുതിർന്ന തലമുറ കൂട്ടും..
സ്വിച്ച് ഇട്ടാൽ ചലിക്കുന്ന മരപ്പാവകളെ ആണവർക്ക് ആവശ്യം...
മക്കളെ അല്ല...
അച്ഛനും അമ്മയും മകനും ഒന്നിച്ചു കാണണം എന്ന് പറഞ്ഞെത്തി.
മകന് പതിനാലു വയസ്സ്..
അമ്മ നടുക്ക്..
അച്ഛനും മകനും അപ്പുറവും ഇപ്പുറവും..
വാ തോരാതെ സംസാരിക്കുന്നത് അമ്മ..
ഇടയ്ക്ക് എനിക്ക് ഒന്ന് അവരോടു ശ്വാസം വിടാൻ പറയാൻ തോന്നുന്നു..
അത്രയും പോലും നിർത്തുന്നില്ല...
മകനെ കുറിച്ചുള്ള ആധിയാണ്..
ആരോടും ഇടപെടില്ല..
മിണ്ടുന്നില്ല..
ആരെങ്കിലും വീട്ടില് വന്നാൽ മുറി അടച്ചു പോയിരിക്കുന്നു..
അച്ഛനും മോനും തമ്മിൽ മിണ്ടുമോ?
പഷ്ട് !!
അവരുടെ ആ പറച്ചിലിൽ ലോകത്തോട് മുഴുവൻ ഉള്ള പുച്‌ഛം..
നേരെ നോക്കിയിട്ട് വേണമല്ലോ...
ഞാൻ അവരുടെ സർക്കാർ ഉദ്യോഗസ്ഥനായ ഭാര്തതാവിനോട് ഒന്ന് മിണ്ടാൻ ശ്രമിച്ചു..
ഞാൻ എന്തോ വലിയ തെറ്റിന് ശ്രമിക്കുന്നു എന്ന മട്ടിൽ അദ്ദേഹം ഭാര്യയെ പരാതിയോടെ നോക്കി..
ഉത്തരങ്ങൾ അവരുടെ വായിൽ നിന്നും മാത്രമായി..
മത്തനും കുമ്പളവും ഒന്നും ഞാൻ ഓർത്തില്ല.. മാറ്റിയെടുക്കാം, മകനെ..
പക്ഷെ വീട്ടിലെ സാഹചര്യം തൊട്ടു അഴിച്ചു പണിയണം..
അതിനു സഹകരിക്കണം..
പക്ഷെ അതിനു ആരും തയ്യാറുമല്ല..
നല്ലൊരു പുരുഷ മനഃശാസ്ത്രഞ്ജന്റെ ഫോൺ നമ്പർ കൊടുത്തു ഞാൻ ആ കേസ് ഫയൽ അടച്ചു വെച്ചു...
കല, കൗൺസലിംഗ് സൈക്കോളജിസ്റ്