jolly-thomas-

കോഴിക്കോട്: ജയിലിനുള്ളിലെ ആത്മഹത്യാ ശ്രമം കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിയുടെ നാടകമാണോയെന്നും പൊലീസ് അന്വേഷിക്കുന്നു. ഇന്നലെ പുലർച്ചെയാണ് കൈഞരമ്പ് മുറിച്ച് സെല്ലിൽ ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈയിൽ ആഴത്തിലുള്ള മുറിവുണ്ടാക്കിയ ഇവരുടെ ഞരമ്പ് മുറിഞ്ഞ് രക്തം ധാരാളമായി പുറത്തേക്കൊഴുകി. പല്ലുകൊണ്ട് മുറിവുണ്ടാക്കിയ ശേഷം ടൈലിൽ ഉരച്ച് വലുതാക്കുകയായിരുന്നുവെന്നാണ് ജോളിയുടെ മൊഴിയെങ്കിലും മൂർച്ചയുള്ള ആയുധംകൊണ്ട് മുറിച്ചതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. മെഡിക്കൽ കോളേജ് ആശുപത്രി ഡോക്ടറും ഇങ്ങനെയാണ് പൊലീസിനെ അറിയിച്ചിരിക്കുന്നത്.

ജയിലിനുള്ളിൽ ജോളിക്ക് വിഷാദരോഗമുള്ളതായി പറയുന്നുണ്ടെങ്കിലും ഇവർ എല്ലാവരുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് ജോളിക്ക് പ്രത്യേകം സുരക്ഷയും കൗൺസിലിംഗും ജയിലിൽ നല്കുന്നുണ്ട്. പറയത്തക്ക മാനസിക പ്രശ്നങ്ങളൊന്നും ജോളിയിൽ കാണാനുണ്ടായിരുന്നില്ലെന്ന് ജയിൽ ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. ജയിലിലെ സാഹചര്യത്തോട് ജോളി ഏതാണ്ട് പൊരുത്തപ്പെട്ട് വരുന്നതിനിടെയാണ് ആത്മഹത്യ ശ്രമം നടത്തിയത്.

പൊന്നാമറ്റം കുടുംബത്തിലെ മരുമകളായ ജോളി, ഭർത്താവ് റോയ്, റോയിയുടെ മാതാപിതാക്കളായ അന്നമ്മ, ടോം തോമസ്, അമ്മാവൻ മാത്യു, രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരെ സയനൈഡ് നല്കി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റിലായത്. പൊന്നാമറ്റത്തെ സ്വത്തുക്കൾ തട്ടിയെടുക്കാനും സമൂഹത്തിൽ ഉയർന്ന സ്ഥാനം നേടിയെടുക്കാനും നിരവധി തട്ടിപ്പുകൾ ജോളി നടത്തിയതായ കഥകളാണ് പിന്നീട് പുറത്തുവന്നത്. എൻ.ഐ.ടിയിൽ അദ്ധ്യാപികയാണെന്ന് പറഞ്ഞ് ഒരു നാടിനെ മുഴുവൻ അവർ കബളിപ്പിച്ചിരുന്നു. നല്ലനിലയിലുള്ള ജീവിതം നേടിയെടുക്കാനായി അദ്ധ്യാപകനായ ഷാജുവിനെ രണ്ടാം വിവാഹം ചെയ്യാൻ ഇയാളുടെ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

റോയിയുടെ സഹോദരങ്ങളാണ് ഒടുവിൽ ജോളിക്കെതിരെ പരാതിയുമായി എത്തിയത്. ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തിയിട്ടുള്ള ജോളിയുടെ നീക്കങ്ങളെ അതുകൊണ്ടാണ് പൊലീസ് സംശയത്തോടെ നിരീക്ഷിക്കുന്നത്. വിഷാദ രോഗമുണ്ടെന്ന് വരുത്തിതീർത്ത് കേസിൽ നിന്ന് രക്ഷപ്പെടാൻ നടത്തിയ നാടകമാണോ ആത്മഹത്യയെന്ന് പൊലീസ് അന്വേഷിക്കുന്നതും അതുകൊണ്ടാണ്.

അതേസമയം, ജോളിയെ സ്വന്തം മക്കൾ പോലും തള്ളിപ്പറഞ്ഞത് ഇവരെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയതായും നേരത്തെ വാർത്തകളുണ്ടായിരുന്നു. അത്തരത്തിലുള്ള മാനസിക സംഘർഷം ജോളി ഉള്ളിൽ ഒളിപ്പിച്ചിരുന്നോ എന്നും പരിശോധിക്കും. എന്നാൽ, കൗൺസിലിംഗ് സമയത്തൊന്നും ഇത്തരത്തിലുള്ള ഒരു വിവരവും ഇവർ പറയാറുണ്ടായിരുന്നില്ലെന്നാണ് ജയിൽ അധികൃതർ നല്കുന്ന വിവരം.

കേസിൽ ഇവരെ സ്വന്തം വീട്ടുകാരും സഹായിക്കാത്തതും ജോളിയെ തളർത്തിയിരുന്നു. സഹോദരങ്ങളും പിതാവും ജോളിയെ സഹായിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, കേസ് നടത്തുന്ന അഭിഭാഷകൻ ആളൂരിനെ ഒഴിവാക്കാൻ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നെന്ന് ജോളി പറഞ്ഞതായി ആളൂരിന്റെ ഓഫീസ് ആരോപിക്കുന്നുണ്ട്. കോഴിക്കോടുള്ള ചില അഭിഭാഷകർ ജയിലിൽ ഇടയ്ക്കിടെ ഇവരെ സന്ദർശിച്ച് കേസ് തങ്ങളെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെടാറുണ്ടായിരുന്നതായാണ് ഇവർ പറയുന്നത്. ജോളി ആത്മഹത്യ ശ്രമം നടത്തുന്നതിന് തൊട്ട് മുമ്പുള്ള ദിവസംവരെ രണ്ട് കൗൺസിലർമാർ ജയിലിലെത്തി കൗൺസിലിംഗ് നടത്തിയിരുന്നു.