modi

ന്യൂഡൽഹി: ഡൽഹിയിൽ രാജ്യം ഞെട്ടിയ കലാപം ആരംഭിച്ചതിന്റെ കാരണങ്ങളിൽ ഒന്ന് ബി.ജെ.പി നേതാക്കൾ നടത്തിയ അങ്ങേയറ്റം വിദ്വേഷകരമായ പ്രസംഗങ്ങൾ ആയിരുന്നു. പൗരത്വ നിയമഭേദഗതി സംബന്ധിച്ചുള്ള സംഘർഷങ്ങൾ അനുരാഗ് താക്കൂർ, പർവേഷ് വർമ്മ, കപിൽ മിശ്ര എന്നീ ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾ കാരണമാണ് ആളിക്കത്തിയതെന്നാണ് കരുതപ്പെടുന്നത്. ഇവർക്കെതിരെ കേസ് എടുക്കണമെന്നും നിയമനടപടികൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നിരവധി പേർ രംഗത്ത് വന്നിട്ടുമുണ്ട്.

ഇതിൽ കപിൽ മിശ്രയാണ് അങ്ങേയറ്റം വിനാശകരമായ രീതിയിൽ വാക്കുകൾ ഉപയോഗിച്ചത്. പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ ഒഴിപ്പിക്കണമെന്ന് കപിൽ മിശ്ര പൊലീസിന് 'അന്ത്യശാസനം' നൽകി മണിക്കൂറുകൾക്കുള്ളിലാണ് ഡൽഹിയിൽ കലാപകാരികൾ സംഹാര താണ്ഡവമാടിയത്. എന്നാൽ ആം ആദ്മി പാർട്ടിയിൽ നിന്നും ബി.ജെ.പിയിലേക്ക് ചേക്കേറിയ കപിൽ മിശ്ര ഇതാദ്യമായല്ല പ്രകോപന പരമായ കാര്യങ്ങൾ പറയുന്നത്.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന 'രാജ്യദ്രോഹികളെ വെടിവച്ച് കൊല്ലണ'മെന്ന് ഈ നേതാവ് പറഞ്ഞിരുന്നു. എന്നാൽ സ്വന്തം നേതാവും ഇന്ത്യൻ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയെ മിശ്ര ഒരിക്കൽ 'പാകിസ്ഥാൻ ചാരൻ' എന്ന് വിളിച്ച കാര്യം ഇന്ന് അധികമാരും ഓർക്കാറില്ല. 2016ൽ പത്താൻകോട്ട് ഭീകരാക്രമണം നടന്ന വേളയിലാണ് മിശ്ര മോദിയെ പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐയുടെ ഏജന്റെന്ന് ഈ ബി.ജെ.പി നേതാവ് വിശേഷിപ്പിച്ചത്.

മോദി ഇന്ത്യയ്‌ക്കെതിരെയുള്ള ശക്തികളോട് കീഴ്‌പെടുകയാണോ എന്നും മിശ്ര അന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. ഇത് പോരാഞ്ഞ്, മാസങ്ങൾക്ക് ശേഷം, ഇന്ത്യൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ പ്രധാനമന്ത്രിയും തമ്മിൽ രഹസ്യ കരാറുകൾ ഉണ്ടോയെന്നും ഇവർ തമ്മിൽ നീക്കുപോക്കുകൾ ട്വിറ്ററിലൂടെ കപിൽ മിശ്ര സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ ബി.ജെ.പിക്കാർ ഇപ്പോൾ മറന്ന മട്ടാണ്. കേജ്‌രിവാൾ സർക്കാരിൽ മന്ത്രിയായിരുന്നു മിശ്ര 2017 മേയിലാണ് മന്ത്രിസഭയിൽ നിന്നും പുറത്താകുന്നത്.