-us

വാഷിംഗ്ടൺ: ചെനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വെെറസ് മറ്റ് രാജ്യങ്ങളിലേക്കും പടർന്നുപിടിച്ചിരിക്കുകയാണ്. ഇറാൻ,​ പാകിസ്ഥാൻ,​ കൊറിയ തുടങ്ങി ഗൾഫ് രാജ്യങ്ങളിലടക്കം കൊറോണ വെറസ് പടർന്നതായി സ്ഥിരീകരിച്ചു കഴിഞ്ഞു. കൊറോണ ഇത്തരത്തിൽ വ്യാപിക്കുന്നതിനാൽ ഇന്ത്യയെക്കുറിച്ച് ആശങ്കയുള്ളതായി യു.എസ് ഇന്‍റലിജൻസ് ഏജൻസി വിഭാഗം വ്യക്തമാക്കി. സർക്കാരുകൾക്ക് കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ശേഷിയാണ് യു.എസ് ഇന്‍റലിജൻസ് നിരീക്ഷിക്കുന്നത്.

ചൈനയെപ്പോലെ കൂടിയ ജനസംഖ്യയും ലഭ്യമായ പ്രതിരോധമാർഗങ്ങളും പരിഗണിക്കുമ്പോഴാണ് ഇന്ത്യയുടെ കാര്യത്തിൽ ആശങ്ക. ജനസാന്ദ്രത കൂടിയതിനാൽ വൈറസ് വ്യാപനം അതിവേഗമാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യ സഹമന്ത്രിക്ക് ഉൾപ്പെടെ കൊറോണ ബാധ സ്ഥിരീകരിച്ച ഇറാനിലെ സാഹചര്യവും അമേരിക്ക നിരീക്ഷിക്കുന്നുണ്ട്. നിരവധി രഹസ്യാന്വേഷണ ഏജൻസികൾ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് അമേരിക്കക്ക് റിപ്പോർട്ട് നൽകുന്നുണ്ട്.

ദേശീ‍യ സുരക്ഷയെയും സാമ്പത്തിക രംഗത്തെയും വരെ സ്വാധീനിക്കുന്ന വിഷയമായതിനാൽ കൊറോണ വ്യാപനത്തെ യു.എസ് ഇന്‍റലിജൻസ് കമ്മിറ്റി അതീവ ഗൗരവത്തോടെ നിരീക്ഷിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കൊറോണ ബാധയെ കുറിച്ചും രോഗപ്രതിരോധത്തിനായും നിര്‍മാര്‍ജനത്തിനായും സ്വീകരിക്കുന്ന മാര്‍ഗങ്ങളെ കുറിച്ചും കൃത്യമായ നിരീക്ഷണത്തിനാണ് ഏജന്‍സികളെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പോലെയുള്ള ആരോഗ്യസ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇവയുടെ പ്രവര്‍ത്തനം.