കൊച്ചി: ലോകമാകെ ഭീതിപരത്തി പടരുന്ന കൊറോണ വൈറസ്, ഇന്നലെ ആഗോളതലത്തിൽ ഓഹരി വിപണികളെ ചോരക്കളമാക്കി. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കോറോണ, ആഗോള സമ്പദ്വളർച്ചയെ രൂക്ഷമായി ബാധിക്കുമെന്നും തിരിച്ചടിയിൽ നിന്ന് കരകയറാൻ കാലങ്ങൾ വേണ്ടിവരുമെന്നുമുള്ള വിലയിരുത്തലാണ് തിരിച്ചടിയായത്.
തുടർന്ന് അമേരിക്കൻ, ഏഷ്യൻ വിപണികളിൽ ദൃശ്യമായ കനത്ത ലാഭമെടുപ്പ് ഇന്ത്യൻ ഓഹരികളെയും തകർത്തെറിഞ്ഞു. സെൻസെക്സ് 1,448 പോയിന്റിടിഞ്ഞ് 38,2987ലും നിഫ്റ്റി 431 പോയിന്റ് നഷ്ടവുമായി 11,201ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. 2015 ആഗസ്റ്റ് 24ന് ശേഷം ഓഹരി വിപണി കുറിക്കുന്ന ഏറ്റവും വലിയ നഷ്ടമാണിത്. തുടർച്ചയായ ആറാംദിനമാണ് ഓഹരികളുടെ വീഴ്ച.
വേദാന്ത, ജിൻഡാൽ സ്റ്റീൽ, ഹിൻഡാൽകോ, ഇൻഫോസിസ്, ടി.സി.എസ്., ടാറ്റാ സ്റ്റീൽ, ടാറ്രാ മോട്ടോഴ്സ്, അശോക് ലെയ്ലാൻഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്.ബി.ഐ., കനറാ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് കനത്ത നഷ്ടം കുറിച്ച പ്രമുഖ ഓഹരികൾ. അമേരിക്കൻ ഓഹരി സൂചികയായ ഡൗജോൺസ് ആയിരം പോയിന്റിനുമേൽ ഇടിഞ്ഞതാണ് ആഗോളതലത്തിൽ നിക്ഷേപരെ ആശങ്കപ്പെടുത്തിയത്. തുടർന്ന് ജാപ്പനീസ്, യൂറോപ്യൻ, ദക്ഷിണ കൊറിയൻ, ഓസ്ട്രേലിയൻ ഓഹരികളും ഇടിഞ്ഞതോടെ, ഇന്ത്യൻ ഓഹരികളും കൂപ്പുകുത്തുകയായിരുന്നു.
നോവിച്ച വാക്കുകൾ
കൊറോണ ആഗോള സമ്പദ്വളർച്ചയിൽ 1.3% ഇടിവുണ്ടാക്കുമെന്ന ഐ.എം.എഫിന്റെ വിലയിരുത്തൽ
എല്ലാ രാജ്യങ്ങളും കൊറോണയെ നേരിടാൻ സജ്ജമാകണമെന്ന ഡബ്ള്യു.എച്ച്.ഒയുടെ മുന്നറിയിപ്പ്
ആഗോള ഓഹരികളിൽ ദൃശ്യമായ കനത്ത ലാഭമെടുപ്പ്
ഇന്ത്യയുടെ ഡിസംബർപാദ ജി.ഡി.പി വളർച്ച സംബന്ധിച്ച ആശങ്ക
₹11.84 ലക്ഷം കോടി
കൊറോണപ്പേടി മൂലം കഴിഞ്ഞ ആറുദിവസത്തിനിടെ സെൻസെക്സിന്റെ മൂല്യത്തിൽ നിന്ന് കൊഴിഞ്ഞത് 11.84 ലക്ഷം കോടി രൂപയാണ്. സെൻസെക്സിന്റെ മൂല്യം 158.71 ലക്ഷം കോടി രൂപയിൽ നിന്ന് 146.87 ലക്ഷം കോടി രൂപയിലേക്ക് താഴ്ന്നു.
₹5.53 ലക്ഷം കോടി
ഇന്നലെ മാത്രം സെൻസെക്സിലെ നിക്ഷേപകർക്ക് നഷ്ടം 5.53 ലക്ഷം കോടി രൂപ.
2,872 പോയിന്റ്
ആറുദിനത്തിനിടെ സെൻസെക്സ് കുറിച്ച നഷ്ടം.
സെൻസെക്സിന്റെ
വലിയ വീഴ്ചകൾ
(നഷ്ടം പോയിന്റിൽ)
2015 ആഗസ്റ്ര് 24 : 1,624
2020 ഫെബ്രു. 28 : 1,448
2008 ഒക്ടോ 24 : 1,070
2008 മാർച്ച് 17 : 951
2008 മാർച്ച് 03 : 900
രൂപയും വീണു
ഓഹരികളിൽ നിന്ന് വിദേശനിക്ഷേപം കൂട്ടത്തോടെ കൊഴിഞ്ഞത് രൂപയ്ക്കും ഇന്നലെ ക്ഷീണമായി. ഡോളറിനെതിരെ 57 പൈസ ഇടിഞ്ഞ് 72.18ലാണ് രൂപയുള്ള. കഴിഞ്ഞ ആറുമാസത്തെ ഏറ്റവും മോശം മൂല്യമാണിത്.
കീശ ചോർന്ന്
കോടീശ്വരന്മാർ
കൊറോണയെ തുടർന്ന് ഓഹരികൾ നേരിട്ട തളർച്ച ശതകോടീശ്വന്മാരുടെ കീശയിൽ വലിയ ചോർച്ചയുണ്ടാക്കി. പ്രമുഖരുടെ നഷ്ടം ഇങ്ങനെ:
മുകേഷ് അംബാനി : $500 കോടി
അസിം പ്രേംജി : $86.90 കോടി
കുമാർ മംഗളം ബിർള : $88.40 കോടി
ഗൗതം അദാനി : $49.60 കോടി