സംസ്ഥാന സർക്കാരിനെയും കേരളത്തെയും സംബന്ധിച്ചിടത്തോളം അഭിമാനകരമായ ദിവസമാണിന്ന്. പദ്ധതികൾ പ്രഖ്യാ
പിക്കുക മാത്രമല്ല, പ്രഖ്യാപിക്കുന്നവ സമയബന്ധിതമായി നടപ്പിലാക്കുക കൂടി ചെയ്യുമെന്നതിന്റെ തെളിവാണ് തലസ്ഥാന നഗരത്തിൽ ഇന്ന് നടക്കുന്ന ചടങ്ങ്. അടുത്ത അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്തെ പാർപ്പിട പ്രശ്നം പൂർണമായി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലൈഫ് പദ്ധതി പ്രഖ്യാപിച്ചത്. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ഏറ്റവും പ്രധാന നാഴികകല്ലാണ് രണ്ടു ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിലൂടെ പിന്നിടുന്നത്.
ലൈഫ് മിഷൻ പദ്ധതി
മൂന്ന് ഘട്ടങ്ങളായാണ് ലൈഫ് മിഷൻ പദ്ധതി വിഭാവനം ചെയ്തത്.
ഒന്നാംഘട്ടത്തിൽ നിർമ്മിക്കേണ്ട 54,173 വീടുകളിൽ 52,050 വീടുകൾ ഇതിനകം പൂർത്തീകരിച്ചു കഴിഞ്ഞു. ഒന്നാം ഘട്ടത്തിനായി സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 670 കോടിയോളം രൂപയാണ്.ലൈഫ് രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിർമ്മാണവും മൂന്നാംഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം. രണ്ടാംഘട്ടത്തിൽ രേഖാപരിശോധനയിലൂടെ 1,00,460 ഗുണഭോക്താക്കളാണ് അർഹത നേടിയത്. ഇവരിൽ 74,674ഗുണഭോക്താക്കൾ ഭവനനിർമ്മാണം പൂർത്തിയാക്കി. ലൈഫ് മിഷനിലൂടെ നടപ്പിലാക്കുന്ന ഭവനനിർമ്മാണങ്ങൾക്കു പുറമെ ലൈഫ്-പി.എം.എ.വൈ (അർബൻ) പദ്ധതി പ്രകാരം 79,520 ഗുണഭോക്താക്കൾ കരാർ വച്ച് പണി ആരംഭിക്കുകയും 47,144 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു. ലൈഫ്-പി.എം.എ.വൈ (റൂറൽ) പദ്ധതി പ്രകാരം 17,475 ഗുണഭോക്താക്കൾ
കരാർ വച്ച് പണി ആരംഭിക്കുകയും 16,640 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു. ലൈഫ് രണ്ടാം ഘട്ടത്തിനായി സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 5,851.23 കോടി രൂപയാണ്.ഇതുകൂടാതെ പട്ടികജാതി വകുപ്പിനു കീഴിൽ 18,811 വീടുകളും പട്ടികവർഗ വകുപ്പിനു കീഴിൽ 738 വീടുകളും പൂർത്തീകരിച്ചു. ഫിഷറീസ്
വകുപ്പ് നിർമിച്ച വീടുകളുടെ എണ്ണം 3,725 ആണ്. ഇതെല്ലാം കണക്കാക്കുമ്പോൾ ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇതുവരെ പൂർത്തിയാക്കിയത് 2,14,000 ത്തിൽപ്പരം വീടുകളാണ്.
തിരുവനന്തപുരം ജില്ല മുന്നിൽ
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകൾ നിർമിച്ചത്. 32,388 വീടുകളാണ് ജില്ലയിൽ നിലവിൽ പൂർത്തിയായത്. 24,898 വീടുകൾ പൂർത്തീകരിച്ച് പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള കൊല്ലം ജില്ലയിൽ 18,470 വീടുകൾ പൂർത്തിയാക്കി. ലൈഫ് മൂന്നാംഘട്ടത്തിൽ 1,06,925 ഗുണഭോക്താക്കളെ അർഹരായി കണ്ടെത്തിയിട്ടുണ്ട്. ഈ ഘട്ടത്തിൽ പ്രധാനമായും ഭവനസമുച്ചയങ്ങളാണ് നിർമിക്കുന്നത്. പ്രീഫാബ് സാങ്കേതികവിദ്യയാണ് നിർമാണത്തിനായി ഉപയോഗിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ അടിമാലിയിൽ 217
കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്ന ഭവനസമുച്ചയം പൂർത്തീകരിച്ച് അടിമാലി ഗ്രാമപഞ്ചായത്തിലെ അർഹരായ മുഴുവൻ ഭൂരഹിത ഭവനരഹിതർക്കും വീട് കൈമാറിക്കഴിഞ്ഞു.
മൂന്നാംഘട്ടത്തിൽ ഈ വർഷം 100 ഭവന സമുച്ചയങ്ങളാണ് പൂർത്തീകരിക്കുക. ഇതിൽ 12 പൈലറ്റ് ഭവന സമുച്ചയങ്ങളുടെ ടെൻഡർ അവാർഡ് ചെയ്ത് പ്രാരംഭ പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 2020 ന് മുമ്പ് ഇവ പൂർത്തിയാക്കും. ലൈഫ് മൂന്നാം ഘട്ടത്തിനായി സർക്കാർ ഇതുവരെ 31 കോടിയോളം രൂപ ചെലവഴിച്ചു.നിരവധി പേർ പദ്ധതിയിൽ സ്ഥലം നൽകാനായി മുന്നോട്ടു വന്നിട്ടുണ്ട്. അനുകരണീയമായ മാതൃകയാണിത്.
അർഹരായ എല്ലാവർക്കും വീട് എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ലൈഫ് എന്നത് പൂർണമായും സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ്. ഭവന
നിർമ്മാണത്തിന് കുറഞ്ഞത് നാലു ലക്ഷം രൂപ നൽകുന്ന പദ്ധതി. ഭവനസമുച്ചയങ്ങൾ നിർമ്മിച്ച് നൽകുന്ന പദ്ധതി. ആ പദ്ധതി വളരെ വിജയകരമായി നടപ്പാക്കികൊണ്ടിരിക്കുന്ന ഒന്നാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയും.
എന്നാൽ ഈ പദ്ധതി നടപ്പാക്കുമ്പോൾ തന്നെ ഒരു വിഷയം ഉയർന്നു വന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികളായ പി.എം.എ.വൈ റൂറൽ, പി.എം.എ.വൈ അർബൻ എന്നീ പദ്ധതികൾക്ക്. 72,000 രൂപയും 1 .5 ലക്ഷം രൂപയുമാണ് കേന്ദ്രം നൽകുന്നത്. ഇതുകൊണ്ടു കേരളത്തിൽ വീടുണ്ടാക്കാൻ പറ്റില്ലല്ലോ. അപ്പോൾ ഒരു വിവേചനം അവരോട് കാണിക്കരുത് എന്ന് തോന്നി. ഇവരും വീടില്ലാത്തവരാണ്. അവരെ കൂട്ടി ചേർത്തു നിർത്തുമ്പോഴാണ് വികസനം
സമഗ്രമാവുക. അതുകൊണ്ടാണ് പി.എം.എ.വൈ പദ്ധതികളിൽ കേരളത്തിൽ 4 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചത്. ഗുണഭോക്തൃ വിഹിതം അടക്കം സംസ്ഥാനം ഏറ്റെടുത്തു. അതായത് ഈ പദ്ധതികളിൽ കേന്ദ്രം മുടക്കുന്നതിനേക്കാൾ തുക കേരളം മുടക്കുന്നു. കേരളത്തിന് പുറത്ത് മറ്റേതൊരു സംസ്ഥാനത്തും ഇല്ലാത്ത അനുഭവമാണിത്.