കൊച്ചി: മുരടിപ്പിന്റെ ട്രാക്കിൽ നിന്ന് ഇന്ത്യ രക്ഷപ്പെട്ടിട്ടില്ലെന്ന് ശക്തമായി സൂചിപ്പിച്ച്, നടപ്പുവർഷത്തെ (2019-20) മൂന്നാംപാദമായ ഒക്‌ടോബർ-ഡിസംബറിൽ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ച 4.7 ശതമാനത്തിലേക്ക് കൂപ്പുകുത്തി. പരിഷ്‌കരിച്ച റിപ്പോർട്ട് പ്രകാരം ഇന്ത്യ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 5.6 ശതമാനവും രണ്ടാംപാദമായ ജൂലായ് - സെപ്‌തംബറിൽ 5.1 ശതമാനവും വളർന്നിരുന്നു.
നാഷണൽ സ്‌റ്റാറ്റിസ്‌റ്രിക്‌സ് ഓഫീസിന്റെ (എൻ.എസ്.ഒ) മുൻ റിപ്പോർട്ടു പ്രകാരം ഏപ്രിൽ-ജൂണിൽ 5 ശതമാനവും ജൂലായ് - സെപ്‌തംബറിൽ ആറര വർഷത്തെ താഴ്‌ചയായ 4.5 ശതമാനവുമായിരുന്നു വളർച്ച. ഇതു കണക്കാക്കുമ്പോൾ, ഡിസംബർ പാദത്തിൽ വളർച്ച 4.7 ശതമാനത്തിൽ കുറയില്ലെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. വളർച്ചയിലുണ്ടാകുന്ന ഈ ഉണർവ് സമ്പദ്‌രംഗത്ത് ആത്മവിശ്വാസം പകരുമെന്നും കരുതപ്പെട്ടിരുന്നു.
2018-19ലെ ഒക്‌ടോബർ-ഡിസംബർ പാദത്തിൽ വളർച്ച 6.6 ശതമാനമായിരുന്നു. കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം ഉൾപ്പെടുത്താതെയുള്ള ജി.ഡി.പി വളർച്ചയായ ഗ്രോസ് വാല്യു ആഡഡ് (ജി.വി.എ) കഴിഞ്ഞപാദത്തിൽ 4.5 ശതമാനമാണ്. ജൂലായ് - സെപ്‌തംബറിൽ 4.8 ശതമാനമായിരുന്നു ജി.വി.എ വളർച്ച.
തിളങ്ങാതെ ഇന്ത്യ
ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടം തുടർച്ചയായ നാലാംപാദത്തിലും ഇന്ത്യ ചൈനയ്ക്ക് മുന്നിൽ അഠിയറവുവച്ചു. ആറു ശതമാനമാണ് ഒക്‌ടോബർ-ഡിസംബറിൽ ചൈനീസ് വളർച്ച.
തളരുന്ന ജി.ഡി.പി
4.7%
കഴിഞ്ഞപാദത്തിൽ (ഒക്‌ടോബർ-ഡിസംബർ) ഇന്ത്യയുടെ വളർച്ച.
വളർച്ച മുൻപാദങ്ങളിൽ (2019-20)
ഏപ്രിൽ-ജൂൺ : 5.6%
ജൂലായ്-സെപ്‌തം : 5.1%
₹36.65 ലക്ഷം കോടി
ഒക്‌ടോബർ-ഡിസംബറിൽ ഇന്ത്യയുടെ ജി.ഡി.പി മൂല്യം 36.65 ലക്ഷം കോടി രൂപ. വളർച്ച 4.7 ശതമാനം. 2018-19ലെ സമാനപാദത്തിൽ ഇത് 35 ലക്ഷം കോടി രൂപയായിരുന്നു.
ആശ്വാസിപ്പിച്ച് കാർഷികം;
മറ്റു മേഖലകളിൽ നിരാശ
(പ്രമുഖ മേഖലകളുടെ ഡിസംബർപാദ വളർച്ച - സെപ്‌തംബർപാദവുമായി താരതമ്യം)
കാർഷികം : 3.5% v/s 3.1%
ഖനനം : 3.2% v/s 0.2%
മാനുഫാക്ചറിംഗ് : -0.2% v/s 0.4%
വൈദ്യുതി : -0.7% v/s 3.9%
നിർമ്മാണം : 0.3% v/s 2.9%
വ്യാപാരം : 5.9% v/s 5.8%
ധനകാര്യം : 7.3% v/s 7.1%
പരിധിവിട്ട് ധനക്കമ്മി
കേന്ദ്രസർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി നടപ്പുവർഷം ഏപ്രിൽ-ജനുവരിയിൽ ധനക്കമ്മി, ബഡ്‌ജറ്റ് വിലയിരുത്തലിന്റെ 128.5 ശതമാനത്തിലെത്തി. 9.85 ലക്ഷം കോടി രൂപയാണ് ഇക്കാലയളവിലെ ധനക്കമ്മി. ബഡ്‌ജറ്റിൽ ആകെ പ്രതീക്ഷിക്കുന്ന ധനക്കമ്മി 7.67 ലക്ഷം കോടി രൂപയാണ്. ജി.ഡി.പിയുടെ 3.8 ശതമാനമാണിത്.
മുഖ്യ വ്യവസായത്തിൽ നേട്ടം
ഇന്ത്യയുടെ ആഭ്യന്തര വ്യവസായ വളർച്ചയിൽ 40.27 ശതമാനം പങ്കുവഹിക്കുന്ന മുഖ്യ വ്യവസായ മേഖല ജനുവരിയിൽ 2.2 ശതമാനം വളർന്നു. 2019 ജനുവരിയിൽ വളർച്ച 1.5 ശതമാനമായിരുന്നു. അതേസമയം, ഏപ്രിൽ-ജനുവരിയിലെ വളർച്ച 4.4 ശതമാനത്തിൽ നിന്ന് 0.6 ശതമാനമായി താഴ്‌ന്നു.