uddhav-thackeray

മുംബയ്: മഹാരാഷ്ട്രയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ളിങ്ങൾക്ക് 5 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് മഹാവികാസ് അഖാഡി സർക്കാർ.

ഇതിനായുള്ള ബിൽ നിയമസഭയിൽ കൊണ്ടുവരുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്ക് അറിയിച്ചു.

'സ്‌കൂളുകളിൽ അഡ്മിഷൻ ആരംഭിക്കുന്നതിന് മുമ്പായി നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം. സമാനമായി തൊഴിൽ സംവരണവും ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടിയിരിക്കയാണ്.' നവാബ് മാലിക് അറിയിച്ചു. കോടതി ഉത്തരവുണ്ടായിട്ടും മുൻ ബി.ജെ.പി-ശിവസേന സർക്കാർ സംവരണം നടപ്പാക്കാൻ തയ്യാറായിരുന്നില്ലെന്നും മാലിക് പറഞ്ഞു.

എന്നാൽ മാലിക്കിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അത്തരമൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ലെന്ന് മന്ത്രിസഭയിലെ ശിവസേന അംഗവും മുതിർന്ന രാഷ്ട്രീയ നേതാവുമായ ഏകനാഥ് ഷിൻഡെ പറഞ്ഞു. 'മാലിക്കിന്റെ നിയമസഭയിലെ പ്രസ്താവന എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഏതെങ്കിലും സമുദായത്തിന് സംവരണം ഏർപ്പെടുത്തുന്ന കാര്യം മുന്നണിയിൽ ചർച്ച ചെയ്ത് തീരുമാനിക്കും. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉചിതമായ സമയത്ത് തീരുമാനമെടുക്കും. നിലവിൽ അത്തരത്തിൽ യാതൊരു തീരുമാനവുമില്ല.'- ഷിൻഡെ പറഞ്ഞു.