manju-pathrose

തിരുവനന്തപുരം: മലയാള സിനിമയിൽ തന്റേതായ അഭിനയ ശൈലിയൂടെ സജീവമായി തുടരുന്ന താരമാണ് മഞ്ജു പത്രോസ്. ഇതിനിടെ ഒരു സ്വകാര്യ ചാനലിലെ ബി​ഗ് ബോസ് എന്ന റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു. എന്നാൽ 49 ദിവസം പൂർത്തിയാക്കി മഞ്ജു പരിപാടിയിൽ നിന്ന് പുറത്തായി. ഇതിനെ തുടർന്ന് തനിക്കെതിരെ വരുന്ന വ്യാജപ്രചരണങ്ങൾക്ക് മറുപടിയുമായി താരം രംഗത്തെത്തിയിരിക്കുകയാണ്.

പുറത്തായതിന് ശേഷവും വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് മഞ്ജു നേരിട്ടത്. മാത്രമല്ല താരത്തിന്റെ കുടുംബത്തിന് നേരെയും സുഹൃത്തുക്കൾക്കെതിരെയും ആക്രമണം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് മഞ്ജു ഇപ്പോൾ രംഗത്തെത്തിയത്. ജീവിതത്തിലെ ഒരു നിർണായകഘട്ടത്തിലാണ് ഞാൻ ബിഗ്‌ബോസ് ഗെയിം ഷോയിൽ പങ്കെടുക്കാൻ പോകുന്നത്. വിജയകരമായി 49 ദിവസം പൂർത്തിയാക്കി വരുമ്പോളറിയുന്നതു ഞാൻ പോലുമറിയാത്ത കാര്യങ്ങൾ സോഷ്യൽമീഡിയയിൽ പരന്നിരിക്കുന്നുവെന്നും മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.

മഞ്ജു മത്സരാർത്ഥിയായിരുന്ന സമയത്ത് താരം വിവാഹമോചിതയാകുന്നു എന്ന തരത്തിൽ പോലും സോഷ്യൽ മ‌ീഡിയയിൽ വ്യാജപ്രചരണങ്ങൾ നടന്നിരുന്നു. ഇതിനെതിരെ മഞ്ജുവിന്റെ ഭർത്താവ് സുനിച്ചൻ തന്നെ അന്ന് രം​ഗത്തെത്തുകയും ചെയ്തു. തന്റെ പേരിലുള്ള ഫേസ്ബുക് യൂട്യൂബ് എന്നിവ സുഹൃത്തുക്കൾ ആണ് കൈകാര്യം ചെയ്യുന്നത് എന്ന് പറഞ്ഞ മഞ്ജു നല്ലതും മോശവുമായ അഭിപ്രായങ്ങൾ അറിയിക്കേണ്ടവർക്ക് തന്നോട് നേരിട്ട് പറയാം എന്നും അറിയിച്ചു.