devananda-

കൊല്ലം: ഒരുനാട് മുഴുവൻ ഒരുമിച്ച് പ്രാർത്ഥിച്ചിട്ടും അവളെ രക്ഷിക്കാനായില്ല. കൊല്ലം ഇളവൂരിൽ ഇത്തിക്കര ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറ് വയസുകാരി ദേവനന്ദയ്ക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയത് ആയിരങ്ങൾ. മൃതദേഹം കുടവട്ടൂരിലെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.

അച്ഛൻ പ്രദീപ്കുമാറിന്റെ കുടവട്ടൂരിലെ വസതിക്കു സമീപമാണ് ദേവനന്ദയെ സംസ്‌കരിച്ചത്. അമ്മ ധന്യയുടെ ഇളവൂരിലെ വീട്ടിലും ദേവനന്ദ പഠിച്ചിരുന്ന വാക്കനാട് സരസ്വതി വിദ്യാലയത്തിലും പൊതുദർശനത്തിനു വെച്ചതിനു ശേഷമായിരുന്നു സംസ്‌കാരച്ചടങ്ങുകൾ നടത്തിയത്. ദേവനന്ദയെ അവസാനമായി കാണാൻ വൻജനാവലിയാണ് എത്തിച്ചേർന്നത്. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയായിരുന്നു

വ്യാഴാഴ്ചയാണ് ദേവനന്ദയെ കാണാതായത്. ഒരു രാത്രി മുഴുവൻ ഉറക്കമിളച്ച് പൊലീസും നാട്ടുകാർ ഒന്നാകെയും നടത്തിയ തെരച്ചിലിനൊടുവിൽ വെള്ളിയാഴ്ച രാവിലെയാണ് സമീപത്തെ ആറ്റിൽ ദേവനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാണാതായി ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. കുട്ടിയുടെ ആന്തരികാവയവങ്ങളിൽ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്.

ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടില്ല. അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയിൽ ഉറച്ചു നിൽക്കുകയാണ് നാട്ടുകാർ.