amit-shah

ഭുവനേശ്വർ: ഡൽഹി കലാപത്തിന്റെ കാരണക്കാർ കോൺഗ്രസാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

'ഡൽഹിയിൽ കലാപമുണ്ടാക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചത് പ്രതിപക്ഷ പാർട്ടികളാണ്. സത്യത്തിന് വേണ്ടി പൊരുതാൻ മോദി സർക്കാരിന് മടിയില്ല. പ്രതിപക്ഷം ജനങ്ങളെ ഇളക്കിവിടുകയാണ്." - അമിത് ഷാ ഒഡിഷയിൽ നടന്ന റാലിയിൽ പറഞ്ഞു.

ബഹുജൻ സമാജ് വാദി പാർട്ടി, സമാജ് വാദി പാർട്ടി, കോൺഗ്രസ്, മമത ദീദി എല്ലാവരും പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നു. ന്യൂനപക്ഷത്തിന്റെ പൗരത്വം എടുത്തുകളയുന്നതാണെന്നാണ് അവർ പറയുന്നത്. എന്തുകൊണ്ടാണ് അവരെല്ലാവരും നുണ പറയുന്നത്. അഭയാർത്ഥികൾക്ക് പൗരത്വം നൽകാനാണ് പ്രധാനമന്ത്രി മോദി ഈ നിയമം കൊണ്ടുവന്നത്. അതുവഴി മനുഷ്യാവകാശം സംരക്ഷിക്കാൻ ശ്രമിക്കുകയാണദ്ദേഹം ചെയ്തത്. മഹാത്മാഗാന്ധി, സർദാർ പട്ടേൽ, മൗലാനാ ആസാദ്, ജവഹർലാൽ നെഹ്‌റു എന്നിവർ നൽകിയ വാഗ്ദാനം പാലിക്കുകയാണദ്ദേഹം. സി.എ.എ പൗരത്വം എടുത്തുകളയുമെന്ന് പറയുന്നവരോട് നിയമത്തിന്റെ ഏത് ഭാഗത്താണ് അത്തരമൊരു നിർദ്ദേശമുള്ളതെന്ന് ജനങ്ങൾ ചോദിക്കണം. - അമിത് ഷാ പറഞ്ഞു.

അമിത് ഷാ രാജിവയ്ക്കേണ്ട: മമത

അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന കോൺഗ്രസ് ആവശ്യത്തോട് യോജിക്കാതെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

'ഡൽഹി കലാപം അസ്വസ്തപ്പെടുത്തുന്നതാണ്. പ്രശ്നങ്ങൾ ആദ്യം പരിഹരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയം പിന്നീട് ചർച്ച ചെയ്യാം."

അമിത് ഷായുടെ രാജി ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തോട് മമത പ്രതികരിച്ചു.
ഭുവനേശ്വറിൽ ഈസ്റ്റേൽ സോണൽ കൗൺസിലിന്റെ യോഗത്തിൽ പങ്കെടുക്കാനെത്തിയ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് നൽകിയ ഉച്ചവിരുന്നിൽ പങ്കെടുത്തിരുന്നു. ഇതിന് ശേഷമായിരുന്നു മമതയുടെ പ്രതികരണം.