ഇന്ത്യ - ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ന് മുതൽ
ഇശാന്ത് ശർമ്മയില്ല
വെല്ലിംഗ്ടൺ: ക്രൈസ്റ്റ് ചർച്ചിൽ നടന്ന ആദ്യ ടെസ്റ്റിലെ പോലെ പുല്ല് നിറഞ്ഞ പിച്ചൊരുക്കി ഇന്ത്യയെ വരുതിയിലാക്കാൻ വീണ്ടും കിവികൾ. ഇന്ന് ഇന്ത്യൻ സമയം വെളുപ്പിന് നാലിന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയിലെ നിർണായകമായ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിനായി ഒരുക്കിയിരിക്കുന്നതും പുല്ല് നിറഞ്ഞ പിച്ച് തന്നെയാണ്.
പിച്ച് കണ്ടുപിടിക്കുക എന്ന അടിക്കുറുപ്പോടെ ഇന്നലെ ബി.സി.സി.ഐ ക്രൈസ്റ്റ് ചർച്ചിലെ ഹാഗ്‌ലി ഓവൽ മൈതാനത്തിന്റെ ചിത്രം ട്വീറ്ര് ചെയ്തിരുന്നു. പുല്ല് നിറഞ്ഞ ക്രൈസ്റ്ര് ചർച്ചിലെ പിച്ചിൽ കിവി പേസർമാരുടെ മുന്നിൽ തകർന്നടിഞ്ഞ ഇന്ത്യയ്ക്ക് ഹാഗ്‌ലി ഓവലിൽ പകരം വീട്ടൻ ബുദ്ധിമുട്ടേണ്ടി വരുമെന്ന് തന്നെയാണ് പിച്ചും സാഹചര്യങ്ങളും നൽകുന്ന മുന്നറിയിപ്പ്. സ്റ്രാർ സ്പോർട്സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ട്.
ജയിക്കാൻ ഇന്ത്യ
ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് പരമ്പര സമനിലയിലാക്കി മുഖം രക്ഷിക്കാനെങ്കിലും പറ്രുകയുള്ളൂ. കഴിഞ്ഞ മത്സരത്തിലെ പത്ത് വിക്കറ്റിന്റെ തോൽവിക്ക് പകരം വീട്ടാനുറച്ച് തന്നെയാണ് ഇന്ത്യ ഇറങ്ങുന്നതെങ്കിലും പിച്ചും കിവി പേസ് നിരയും ഉയർത്തുന്ന കടുത്ത വെല്ലുവിളി മറികടക്കണമെങ്കിൽ എറെ വിയർപ്പൊഴുക്കിയേ തീരൂ. പേസർ ഇശാന്ത് ശർമ്മയുടെ പരിക്കും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. വലത്തേക്കാലിന് പരിക്കേറ്റ ഇശാന്ത് കളിക്കാൻ സാധ്യത കുറവാണ്. ഇന്നലെ അദ്ദേഹം പരിശീലനത്തിൽ നിന്ന് വിട്ടു നിന്നിരുന്നു. ഉമേഷ് യാദവ് ഇന്ന് ആദ്യ ഇലവനിൽ ഇടംപിടിക്കാനാണ് സാധ്യത. പരിക്കുണ്ടായിരുന്ന മറ്രൊരു താരം പ്രിഥ്വി ഷാ ഇന്ന് കളിക്കാൻ ശാരീരികക്ഷമത വീണ്ടെടുത്തെന്നാണ് റിപ്പോർട്ട്. വാലറ്റത്ത് ബാറ്റിംഗ് ശക്തികൂട്ടാനായി അശ്വിന് പകരം ജഡേജയെ ഇറക്കിയേക്കും.
സാധ്യതാ ടീം: മായങ്ക്, പ്രിഥ്വി,വിരാട്,പുജാര,രഹാനെ,വിഹാരി,പന്ത്,അശ്വിൻ/ജഡേജ,ഉമേഷ്,/ഇശാന്ത്, ഷമി, ബുംറ.
കൊത്തിപ്പറിക്കാൻ കിവികൾ
ഏകദിനത്തിലെ ടെസ്റ്രിലും ഇന്ത്യയെ തൂത്തുവാരാനുറച്ചാണ് ന്യൂസിലൻഡ് കളിമെനയുന്നത്. ആദ്യ മത്സരത്തിൽ സമ്പൂർണ ആധിപത്യം നേടാനായത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ആദ്യ ഇലവനിൽ ആരെയൊക്കെ കളിപ്പിക്കും എന്നതാണ് ആതിഥേയരുടെ പ്രധാന തലവേദന. പരിക്ക് ഭേദമായെത്തിയ പേസർ വാഗ്നർക്ക് വേണ്ടി ആരെ മാറ്രുമെന്നത് അവരെ കുഴയ്ക്കുന്ന ഘടകമാണ്. കഴിഞ്ഞ മത്സരത്തിൽ അരങ്ങേറ്റം ഗംഭീരമാക്കിയ ജാമിസണെ പുറത്തിരുത്താനാവാത്ത സ്ഥിതിയാണ്. തോളിനേറ്ര പരിക്കിൽ നിന്ന് മോചിതനായ ടോം ബ്ലൻഡൽ ആദ്യ ഇലവനിൽ കളിക്കുമെന്ന് തന്നെയാണ് വിവരം.
സാധ്യത ടീം: ലതാം,ബ്ലൻഡൽ,വില്യംസൺ,ടെയ്‌ലർ, നിക്കോളാസ്,വാട്ട്‌ലിംഗ്, ഗ്രാൻഡ്ഹോം,ജാമിസൺ/പട്ടേൽ,സൗത്തി,വാഗ്നർ,ബൗൾട്ട്.