കൊല്ലം: അവളെ കുറിച്ചോർത്ത് കരഞ്ഞും അവളുടെ മടങ്ങി വരവിനായി പ്രാർത്ഥിച്ചുമാണ് വ്യാഴാഴ്‌ച രാത്രിയിൽ ഓരോ അമ്മമാരും മക്കളെ ചേർത്ത് പിടിച്ച് ഉറങ്ങാൻ കിടന്നത്. ഒരു ദിവസത്തിന്റെ പരിചയത്തിൽ കുടവട്ടൂരിലെ ദേവനന്ദ കേരളത്തിന്റെയാകെ മകളായി മാറിയിരുന്നു. എല്ലാ പ്രാർത്ഥനകളെയും വിഫലമാക്കി ഇത്തിക്കരയാറിന്റെ കൈവഴിയിൽ അവളുടെ ജീവനറ്റ ശരീരം പൊങ്ങിയപ്പോൾ അത് നാടിന്റെ കണ്ണീരായി മാറി.
അലമുറയിട്ട് കരഞ്ഞ് ആറിന്റെ ഇരുകരകളിലുമെത്തിയ അമ്മമാർ നാടിന്റെ വേദനയുടെ അടയാളമായി. ഇത്തിക്കരയാറിന്റെ കൈവഴികൾ ഇന്നലെ ഏറ്റുവാങ്ങിയതെല്ലാം നൊമ്പരകാഴ്‌ചകളാണ്. രാവ് പുലരാറായിട്ടും അവളുടെ വീട്ടിൽ ആരും ഉറങ്ങിയിരുന്നില്ല. എന്റെ പൊന്നോ, ഇങ്ങ് വായോ എന്ന നിലവിളിയോടെ അമ്മ ധന്യ പുറത്തെ വാതിലിലേക്ക് കണ്ണ് നട്ടിരുന്നു.
ആശ്വാസ വാക്കുകളുമായി പ്രിയപ്പെട്ടവർ ചുറ്റിനുമിരുന്നപ്പോൾ പൊന്നുമോളെ തിരികെ കിട്ടുമെന്ന് തന്നെയാണ് ആ അമ്മ കരുതിയത്. മൂന്ന് മാസം തന്റെ ചുറ്റുവട്ടങ്ങളിൽ നിന്ന് മാറാതെ നിന്ന ചേച്ചിയെ കാണാതെ പോയെന്ന് അറിയാതെയാണ് കുഞ്ഞനിയൻ ദേവദത്ത് ഉറങ്ങിയത്. ഉറക്കമുണർന്നപ്പോൾ ചുറ്റിലും പതിവിൽ കൂടുതൽ ആളുകളെ കണ്ട്, അമ്മയുടെ നിലവിളികൾ കേട്ട് അവൻ തേങ്ങി.
കളക്ടറും ജില്ലാ പൊലീസ് ചീഫും വീട്ടിലെത്തി മകളെ കണ്ടെത്തി നൽകുമെന്ന് ഉറപ്പ് നൽകിയപ്പോൾ പ്രതീക്ഷയോടെ കാത്തിരുന്ന കുടുംബം രാവിലെ മരണ വാർത്ത കേട്ടതോടെ തകർന്നു.
താഴെ ആറ്റ് തീരത്ത് നിന്ന് നിലവിളികൾ കേട്ടതോടെ അരുതാത്ത് എന്തോ സംഭവിച്ച് കഴിഞ്ഞെന്ന് ധന്യ ഉറപ്പിച്ചിരുന്നു. അവളെ കാണാൻ താഴേക്ക് പോകാമെന്ന് ബന്ധുക്കൾ പറഞ്ഞതോടെ ധന്യയുടെ എല്ലാ പ്രതീക്ഷകളും തകർന്നു. 21 മണിക്കൂർ മുൻപ് അനിയന്റെ അടുത്തിരിക്കുവെന്ന് പറഞ്ഞ് അകത്തേക്ക് വിട്ട് പൊന്നോമന ജീവനറ്റ് കിടക്കുന്ന കാഴ്ച ധന്യയെ മാത്രമല്ല കണ്ട് നിന്നവരെയും വേദനയിലാഴ്ത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം അവളുടെ അവസാന വരവിനായുള്ള കാത്തിരിപ്പും വേദനകളുടേതായിരുന്നു. ഉച്ചകഴിഞ്ഞതോടെ നാടിന്റെ നാനാ ദിക്കിൽ നിന്ന് അവളെ അറിയാത്തവർ, ആ നാടിനെ അറിയാത്തവർ അവിടേക്ക് ഒഴുകിയെത്തി. അവരെല്ലാം ആ സങ്കട കടലിന്റെ ഭാഗമായി. വൈകിട്ട് നാലോടെ അവളുടെ അവസാന യാത്ര വീട്ടിലെത്തുമ്പോഴേക്കും ഇളവൂർ കണ്ട ഏറ്റവും വലിയ ജനസമുദ്രം അവിടെ രൂപപ്പെട്ടിരുന്നു. കണ്ണീർ പൂക്കളോടെ അവർ പ്രിയപ്പെട്ട പൊന്നുവിന് വിട നൽകി.