ബെന്യാമിന്റെ ബെസ്റ്റ് സെല്ലറായ ആട് ജീവിതത്തെ ആസ്പദമാക്കി ബ്ളെസി ഒരുക്കുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം മാർച്ച് 16ന് അൾജീരിയയിൽ തുടങ്ങും. നേരത്തെ ജോർദ്ദാനിലായിരുന്നു ചിത്രീകരണം പ്ളാൻ ചെയ്തിരുന്നത്. ജോർദ്ദാനിൽ ചിത്രീകരണാനുമതി ലഭിക്കാത്തതിനാലാണ് ലൊക്കേഷൻ അൾജീരിയയിലേക്ക് മാറ്റിയതെന്നറിയുന്നു.
ആട് ജീവിതത്തിന്റെ ചിത്രീകരണത്തിനായി ബ്ളെസിയും പൃഥ്വിരാജും സംഘവും മാർച്ച് 9ന് അൾജീരിയയിലേക്ക് തിരിക്കും. മാർച്ച് 16 മുതൽ മേയ് 16 വരെ രണ്ട് മാസത്തെ ചിത്രീകരണമാണ് അൾജീരിയയിൽ പ്ളാൻ ചെയ്തിരിക്കുന്നത്. ആട് ജീവിതത്തിന് വേണ്ടി പൃഥ്വിരാജ് ശരീരഭാരം കുറച്ചത് വാർത്തയായിരുന്നു.
ആട് ജീവിതത്തിന് വേണ്ടി പൃഥ്വിരാജ് തല മുണ്ഡനം ചെയ്യുന്നുമുണ്ട്. അൾജീരിയൻ ഷെഡ്യൂളിന് ശേഷം ജൂണിൽ ബംഗളൂരുവിൽ ആട് ജീവിതത്തിന്റെ പത്ത് ദിവസത്തെ ചിത്രീകരണം നടക്കും. തുടർന്ന് ജൂലായിൽ ബംഗളൂരുവിൽത്തന്നെ അഞ്ച് ദിവസത്തെ ചിത്രീകരണവുമുണ്ടാകും.
ആട് ജീവിതത്തിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്നത് രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. മുരളിഗോപിയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന് രചന നിർവഹിക്കുന്നത്. ശ്രീഗോകുലം (പ്രൈ) ലിമിറ്റഡിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം ആഗസ്റ്റിൽ തുടങ്ങും.
രതീഷ് അമ്പാട്ട് - മുരളിഗോപി ചിത്രത്തിന് മുൻപ് പൃഥ്വിരാജ് കാളിയന്റെ ഒരു ഷെഡ്യൂളിൽ അഭിനയിച്ചേക്കാനും സാദ്ധ്യതയുണ്ടെന്നറിയുന്നു. രാജീവ് നായർ നിർമ്മിക്കുന്ന കാളിയൻ സംവിധാനം ചെയ്യുന്നത് നവാഗതനായ എസ്. മഹേഷാണ്.