തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരണം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ സംസ്ഥാന സർക്കാർ പ്രതീക്ഷയിലാണ്. തിരുവനന്തപുരം നഗരമദ്ധ്യത്തിൽ സർക്കാർ ഭൂമിയിലുള്ള വിമാനത്താവളം കൈവിട്ടുകളയാതെ ഏതുവിധേനയും സംരക്ഷിക്കാനാണ് സർക്കാർ നീക്കം. അതേസമയം ലേലത്തിൽ പിടിച്ച വിമാനത്താവളത്തിന്റെ നടത്തിപ്പ് കൈവിടാതിരിക്കാനാണ് ഗൗതംഅദാനിയുടെ അദാനിഗ്രൂപ്പ് ശ്രമിക്കുന്നത്. ഇരുപക്ഷവും വിമാനത്താവളത്തിനായി ആഞ്ഞുപിടിക്കുന്നതോടെ, വിമാനത്താവളത്തെച്ചൊല്ലി ശക്തമായ നിയമയുദ്ധമാണ് വരാനിരിക്കുന്നത്. കേസിന്റെ മെരിറ്റ് പരിഗണിച്ച് വാദം കേൾക്കണമെന്നും സുപ്രീംകോടതി നിർദ്ദേശമുണ്ട്.
മൂന്നുമാസം മുൻപ് തള്ളിയ ഹർജി പുന:പരിശോധിക്കണമെന്ന സുപ്രീംകോടതി ഉത്തരവ്, തങ്ങൾക്ക് അനുകൂലമാണെന്ന് സർക്കാർ വിലയിരുത്തുന്നു. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ, കെ.എസ്.ഐ.ഡി.സി, മുൻ സ്പീക്കർ എം.വിജയകുമാർ, എയർപോർട്ട് അതോറിറ്റി എംപ്ളോയീസ് യൂണിയൻ എന്നിവർ നൽകിയ ഹർജികൾ കഴിഞ്ഞ ഡിസംബറിലാണ് ഹൈക്കോടതി തള്ളിയത്. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള തർക്കം ഹൈക്കോടതിയിലല്ല ചോദ്യം ചെയ്യേണ്ടതെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി അപക്വമാണെന്നു ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. എയർപോർട്ട് അതോറിറ്റി നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന വിമാനത്താവളം സ്വകാര്യവത്കരിക്കുന്നത് നിയമവിരുദ്ധമാണെന്നും അദാനി ഗ്രൂപ്പിന് എയർപോർട്ട് കൈമാറുന്നത് നടപടിക്രമങ്ങൾ പാലിച്ചല്ലെന്നും ഇതു സാമ്പത്തികമായി ഗുണമുണ്ടാക്കുന്ന നടപടിയാണോയെന്ന് പരിശോധിച്ചില്ലെന്നുമായിരുന്നു സർക്കാരിന്റെ ഹർജിയിലുണ്ടായിരുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ വർഷം ലഭിച്ച ലാഭം 170കോടി രൂപയാണ്. കൈമാറ്റം നടന്നാൽ ലാഭവിഹിതമായി 73 കോടി രൂപയാണ് ലഭിക്കുക. സംസ്ഥാന സർക്കാരിന് നൽകിയ ഉറപ്പിനു വിരുദ്ധമായി അദാനി ഗ്രൂപ്പുമായി കേന്ദ്രസർക്കാർ ഉണ്ടാക്കിയ കരാർ റദ്ദാക്കണമെന്നും. കെ.എസ്.ഐ.ഡി.സി (കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ) മുഖേന സർക്കാർ എയർപോർട്ട് നടത്തിപ്പിനായി നൽകിയ ടെൻഡർ അംഗീകരിക്കാൻ എയർപോർട്ട് അതോറിറ്റിക്ക് ബാദ്ധ്യതയുണ്ടെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 1932 ൽ തിരുവിതാംകൂർ സർക്കാർ നൽകിയ 258.6 ഏക്കർ സ്ഥലത്താണ് എയർപോർട്ട് തുടങ്ങിയതെന്നും ഭൂമി ഇപ്പോഴും സർക്കാരിന്റെ കൈവശമാണെന്നും സംസ്ഥാന സർക്കാരിന്റെ ഹർജിയിലുണ്ടായിരുന്നു. അതേസമയം, പ്രവാസി വ്യവസായികളുമായി ചേർന്ന് വിമാനത്താവളം ഏറ്റെടുക്കാനുള്ള സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ എയർപോർട്ട് അതോറിട്ടി ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്. അദാനിക്ക് പകരം മറ്റ് മുതലാളിമാർക്ക് വിമാനത്താവളം കൈമാറുന്നതിനോടാണ് എതിർപ്പ്.
പിടിവിടാതെ അദാനി
വിമാനത്താവള നടത്തിപ്പിനുള്ള കഴിഞ്ഞവർഷം ഫെബ്രുവരിയിൽ നടന്ന ലേലത്തിൽ വിജയിച്ചെങ്കിലും സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ കേസു കൊടുത്തതിനാൽ അദാനിക്ക് കരാറൊപ്പിടാനായിട്ടില്ല. കേസിൽ അന്തിമവിധി ഉണ്ടാകും വരെ വിമാനത്താവളം അദാനിക്ക് കൈമാറരുതെന്ന് ഇടക്കാല ഉത്തരവുണ്ട്. ഹൈക്കോടതിയിലുള്ള കേസുകൾ തീർത്ത് പാട്ടക്കരാർ ഒപ്പിടാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ട്. വിമാനത്താവളം ഏറ്റെടുക്കാനായി 'അദാനി ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട്' എന്ന പേരിൽ അദാനി ഗ്രൂപ്പ് കമ്പനി രൂപീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ വികസനത്തിനായി 1600കോടി രൂപ ഈ കമ്പനിയിൽ നീക്കിവച്ചിട്ടുമുണ്ട്. നിലവിലെ 33,300 ചതുരശ്രഅടി ടെർമിനൽ കെട്ടിടത്തിനൊപ്പം 55,000 ചതുരശ്രഅടി കൂട്ടിച്ചേർത്ത് പുതിയ ടെർമിനൽ നിർമ്മിക്കുന്നതടക്കം നേരത്തേ എയർപോർട്ട് അതോറിട്ടി തയ്യാറാക്കിയ പദ്ധതികൾ നടപ്പാക്കാനാണ് അദാനി ഒരുങ്ങിയത്.
പിടിമുറുക്കി സർക്കാർ
വിമാനത്താവള നടത്തിപ്പിനായി ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) എന്ന കമ്പനി രൂപീകരിച്ചു. സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളം സർക്കാരിന്റേതാണെന്നും വ്യോമയാന മേഖലയിൽ ഒരു പരിചയവുമില്ലാത്ത അദാനിക്ക് കൈമാറരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. സർക്കാരിന്റെ അനുമതിയില്ലാതെ ഈ ഭൂമിയിൽ അദാനിക്ക് വികസനം പറ്റില്ല. ലേലം റദ്ദാക്കി വിമാനത്താവളം നടത്തിപ്പ് ചുമതല സർക്കാരിന് നൽകണം. അല്ലെങ്കിൽ എയർപോർട്ട് അതോറിട്ടിയുടെ നടത്തിപ്പ് തുടരണം. അദാനിയെ പ്രവർത്തിക്കാൻ അനുവദിക്കില്ല- ഇതാണ് സർക്കാർ നിലപാട്. വിമാനത്താവളം സ്വകാര്യവത്കരണത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്.
നിസംഗതയോടെ കേന്ദ്രം
വിമാനത്താവള സ്വകാര്യവത്കരണ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോവുകയാണ്. വ്യോമയാന മേഖലയിലെ പരിചയസമ്പത്തിനൊപ്പം കമ്പനികളുടെ സാമ്പത്തിക ഭദ്രത കൂടി കണക്കിലെടുക്കുമെന്നാണ് കേന്ദ്രനിലപാട്. സുരക്ഷ, കസ്റ്റംസ് തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ ഏജൻസികൾ മേൽനോട്ടം വഹിക്കും. വിമാനത്താവളം ആർക്കും വിൽക്കുന്നില്ല, കേന്ദ്രത്തിന്റെ ഉടമസ്ഥതയിൽ തുടരും. നടത്തിപ്പിന്റെ അവകാശവും ഉത്തരവാദിത്വവും 50 വർഷത്തേക്ക് കൈമാറുകയാണ്. വികസനത്തിന് അദാനി പണം മുടക്കണം. സർവീസുകളും യാത്രക്കാരും കൂട്ടിയാലേ വിമാനത്താവളം വികസിക്കൂ. സംസ്ഥാനസർക്കാർ സ്ഥലമേറ്റെടുത്ത് കൈമാറിയാലേ വികസന പദ്ധതികൾ സാദ്ധ്യമാവൂ. വിമാനത്താവളത്തിന്റെ വികസനത്തിന് ഒരു നിക്ഷേപവും നടത്താതെ സ്വകാര്യവത്കരണത്തിലൂടെ പ്രതിവർഷം 1000 കോടി രൂപ പാട്ടത്തുകയായി എയർപോർട്ട് അതോറിട്ടിക്ക് ലഭിക്കും.
നാശത്തിന്റെ വക്കിൽ വിമാനത്താവളം
l സ്വകാര്യവത്കരണം പ്രഖ്യാപിച്ചതോടെ എയർപോർട്ട് അതോറിട്ടി വിമാനത്താവളത്തെ കൈവിട്ടു. വികസനപദ്ധതികൾ നടപ്പാക്കാതെ തിരുവനന്തപുരം വിമാനത്താവളത്തെ മുരടിപ്പിക്കുകയാണ് വിമാനത്താവള അതോറിട്ടിയും കേന്ദ്രസർക്കാരും.
l രാജ്യാന്തര സർവീസുകളടക്കം കൂട്ടത്തോടെ റദ്ദാക്കുകയാണ്. ആഭ്യന്തര സർവീസുകളും ഇല്ലാതാവുന്നു. രാജ്യാന്തര യാത്രക്കാർക്ക് നെടുമ്പാശേരിയിലെത്തിയാലേ വിമാനം കിട്ടൂ. ഇത് വിമാനത്താവളത്തിന് പ്രതിസന്ധിയുണ്ടാക്കുന്നു.
l നേരത്തേ എയർപോർട്ട് അതോറിട്ടി പ്രഖ്യാപിച്ച 600 കോടിയുടെ വികസന പദ്ധതികൾ സ്വകാര്യവത്കരണ നീക്കത്തോടെ ഉപേക്ഷിച്ചു. ഫ്ലൈദുബായ് സർവീസുകൾ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയിട്ടുണ്ട്.
l നിലവിലെ 628.70 ഏക്കർ ഭൂമിയിൽ ടെർമിനൽ വികസനത്തിനു പോലും സ്ഥലമില്ല. 18 ഏക്കർ ഏറ്റെടുത്താലേ ടെർമിനൽ വികസനം സാദ്ധ്യമാവൂ. സ്വകാര്യവത്കരിക്കാനാണെങ്കിൽ സർക്കാർ ഭൂമിയേറ്റെടുക്കില്ല.
വിമാനത്താവളം സർക്കാരിന്റെ കൈയിൽ തന്നെയിരിക്കും. ആർക്കും കൊണ്ടുപോകാനാവില്ല. പിണറായി വിജയൻ, മുഖ്യമന്ത്രി