തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ കിഴക്കേകോട്ടയിൽ കാൽനടയാത്രക്കാർക്കായുള്ള ഫുട് ഓവർബ്രിഡ്ജ് വരുന്നു. ഇന്നലെ മേയർ കെ. ശ്രീകുമാർ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചതോടെ കിഴക്കേകോട്ടയിൽ ആകാശപാത എന്ന തലസ്ഥാനവാസികളുടെ സ്വപ്നത്തിന് ചിറകുമുളച്ചു. പല കാരണങ്ങളാൽ കാലങ്ങളായി മുടങ്ങിക്കിടന്ന നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമ്പോൾ ഉടൻതന്നെ ചീറിപ്പായുന്ന വാഹനങ്ങളെ പേടിക്കാതെ റോഡ് മുറിച്ചുകടക്കാമെന്ന ആശ്വാസത്തിലാണ് നഗരവാസികൾ. കിഴക്കേകോട്ടയുടെ പൈതൃക സ്വഭാവം സംരക്ഷിച്ചുകൊണ്ട് കോട്ടമതിലിന്റെ ഘടനയ്ക്ക് യോജിക്കുന്ന തരത്തിലാണ് നിർമ്മാണമെന്നതാണ് ഏറ്റവും ആകർഷകം.
2016ൽ ആരംഭിച്ചതാണ് കിഴക്കേകോട്ടയിലെ ഫുട് ഓവർബ്രിഡ്ജിന്റെ നിർമാണത്തെപ്പറ്രി ആലോചന. സാങ്കേതിക കുരുക്കിലും പുരാവസ്തു വിഭാഗത്തിന്റെ എതിർപ്പിലും തട്ടി വൈകിയ പദ്ധതിക്ക് 2019 ജൂലായിൽ തറക്കല്ലിട്ടതാണ്. എന്നാൽ പാലത്തിൽ പരസ്യം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിർമാതാക്കളും റോഡ് ഫണ്ട് ബോർഡും തമ്മിലുള്ള തർക്കത്തെതുടർന്ന് പണി വീണ്ടും മുടങ്ങി. ഈ തർക്കങ്ങളെല്ലാം പരിഹരിച്ചതിന് ശേഷമാണ് നിർമാണം ആരംഭിക്കുന്നത്. ജൂലായ് 31നകം നിർമാണം പൂർത്തിയായി പാത തുറന്നുകൊടുക്കുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.
വരുന്നത് സ്മാർട്ട് പാലം
രണ്ട് റോഡിലേക്ക് പ്രവേശന കവാടം, വയോധികർക്കും രോഗികൾക്കും ഭിന്നശേഷിക്കാർക്കും ആശ്രയമായി ലിഫ്റ്റ്, പൈതൃകനഗരിക്ക് ചേർന്ന രൂപഭംഗി എന്നിവയാണ് ഫുട് ഓവർബ്രിഡ്ജിന്റെ പ്രത്യേകത. ഗാന്ധിപാർക്കിൽ നിന്നാരംഭിക്കുന്ന പാത റോഡിനു മുകളിലൂടെ പ്രധാനകോട്ടയുടെ ഭാഗത്ത് അവസാനിക്കും. റോഡ് മുറിച്ച് കടക്കാതെ ചാലയിലേക്കും തിരിച്ചും ഇതിലൂടെ നടന്നുപോകാനാകും. രണ്ട് ഭാഗത്തേക്കും ലിഫ്റ്റ് സൗകര്യമുണ്ട്. പതിനഞ്ച് പേർക്ക് ഒരേസമയം ഉപയോഗിക്കാൻ കഴിയുന്ന ലിഫ്റ്ര് പ്രവർത്തിപ്പിക്കാൻ ആളുണ്ടാകും. സി.സി ടിവിയും എൽ.ഇ.ഡി വെളിച്ച സംവിധാനവും ഉണ്ടാകും.
നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന മൂന്നാമത്തെ ഫുട്ഓവർബ്രിഡ്ജാണ് കിഴക്കേകോട്ടയിലേത്. ആദ്യത്തേത് കോട്ടൺഹിൽ സ്കൂളിന് മുന്നിൽ തുറന്നുകൊടുത്തു. രണ്ടാമത്തേത് പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപത്ത് അവസാനഘട്ട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഏറെ വാഹനത്തിരക്കുള്ള കിഴക്കേകോട്ടയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടങ്ങൾ സംഭവിക്കുന്നത് തുടർക്കഥയായതിനാലാണ് ആകാശപാതയെപ്പറ്റി ചിന്തിക്കുന്നതുതന്നെ. ജനത്തിരക്കും വാഹനബാഹുല്യവും സ്ഥലപരിമിതിയിലും വെല്ലുവിളിയാകുന്നതിനിടയിലാണ് അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങളും ഭീതിയുണർത്തുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇരുപതോളം പേരാണ് കിഴക്കേകോട്ടയിൽ വാഹനമിടിച്ച് മരിച്ചതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ പകുതിയും റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടായ അപകടത്തിലാണ്. ഈ അവസ്ഥയ്ക്ക് ആകാശപാത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
മൊത്തം ചെലവ് രണ്ടേമുക്കാൽ കോടി, നഗരസഭയ്ക്ക് ചെലവ് പൂജ്യം
രണ്ടേമുക്കാൽ കോടി രൂപയാണ് മൊത്തം നിർമാണ ചെലവ്. എന്നാൽ നഗരസഭയ്ക്ക് ഒരു രൂപ പോലും ചെലവ് വരില്ല. ആക്സോ എൻജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി അവരുടെ സാമൂഹിക പ്രതിബന്ധതാ ഫണ്ടിൽ നിന്നാണ് തലസ്ഥാനവാസികൾക്കായി ഫൂട്ട് ഓവർബ്രിഡ്ജ് ഒരുക്കുന്നത്. പാലത്തിൽ പരസ്യം സ്ഥാപിക്കുന്നതിനുള്ള അവകാശം കമ്പനിക്കായിരിക്കും.
ആറ് മാസത്തിനകം നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ജൂലായ് 31നകം പണി പൂർത്തീകരിക്കണമെന്ന് നഗരസഭ നിർദേശിച്ചിട്ടുണ്ട്. അവസാനഘട്ട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപത്തെ ഫുട്ഓവർബ്രിഡ്ജ് മാർച്ച് അവസാനത്തോടെ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും.
കെ. ശ്രീകുമാർ, മേയർ
ഗാന്ധി പാർക്കിൽ നിന്നു തുടങ്ങി ആറ്റുകാൽ - പൂന്തുറ ബസ് സ്റ്റോപ്പിലേക്കും അവിടെനിന്നു റോഡ് ക്രോസ് ചെയ്ത് കരിമ്പനൽ ആർക്കെയ്ഡിന് സമീപവും ഇറങ്ങാവുന്ന
രീതിയിലാണ് ഘടന