തിരുവനന്തപുരം: ഭക്തസഹസ്രങ്ങളുടെ ഒരാണ്ടത്തെ കാത്തിരിപ്പിന് വിരാമം. ഇഷ്ടവരദായിനിയായ ആറ്റുകാലമ്മയുടെ പൊങ്കാല ഉത്സവത്തിന് നാളെ തുടക്കമാകും. പിന്നെ പത്തുനാൾ നഗരം പൊങ്കാല ഉത്സവത്തിന്റെ തിമിർപ്പിൽ. ഭക്തിയുടെയും ആനന്ദത്തിന്റെയും നിർവൃതിയിലാണ്ട മനസുകളെല്ലാം ഇനി ആറ്റുകാലിലേക്ക്. പൊങ്കാല ഉത്സവത്തിനായി ഭക്തരെ വരവേൽക്കുന്നതിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ക്ഷേത്രവും നഗരവും. 9നാണ് പൊങ്കാല. രാവിലെ 10.20 ന് വലിയ തിടപ്പള്ളിയിലും മുന്നിലെ പണ്ടാരയടുപ്പിലും തീപകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. ഉച്ചയ്ക്ക് 2.10 നാണ് നിവേദ്യം.
ഉത്സവത്തിനു മുന്നോടിയായി ആറ്റുകാൽ ക്ഷേത്രവും പരിസരവും വൈദ്യുത ദീപങ്ങളാൽ അലംകൃതമായിക്കഴിഞ്ഞു. ദേവീ-ദേവന്മാരുടെ രൂപങ്ങളാലാണ് ക്ഷേത്രപരിസരം അലങ്കരിച്ചിട്ടുള്ളത്. ക്ഷേത്രപരിസരത്തെ കച്ചവട സ്ഥാപനങ്ങളിലും വൈദ്യുതാലങ്കാരങ്ങൾ ഒരുക്കിയിട്ടുണ്ട്.
ആറ്റുകാൽ ക്ഷേത്രം ഉൾക്കൊള്ളുന്ന വാർഡ് ഉൾപ്പെടെ കോർപറേഷനിലെ നാല്പതോളം വാർഡുകളിലാണ് ഉത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും ആഘോഷങ്ങളും നടക്കുന്നത്. ഇൗ സ്ഥലങ്ങളിൽ നിന്നെല്ലാം ഉത്സവദിനങ്ങളിൽ സന്ധ്യ മുതൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് നേർച്ചവിളക്കുകെട്ടുകൾ എത്തും. ഇതോടെ വിവിധ ദേശങ്ങളുടെ ആഘോഷമായി ആറ്റുകാൽ പൊങ്കാല ഉത്സവം മാറും.
ഒരുക്കങ്ങൾ പൂർണം
പൊങ്കാലക്കലങ്ങളുടെ വില്പന ആഴ്ചകൾക്കു മുമ്പേ തുടങ്ങിയിരുന്നു. കിഴക്കേകോട്ട മുതൽ അമ്പലത്തറ വരെയും തമ്പാനൂർ മുതൽ കരമന വരെയും ആറ്റുകാൽ ക്ഷേത്രപരിസരത്തും ബൈപ്പാസിലും പൊങ്കാലക്കലങ്ങളുടെ വില്പന തകൃതിയാണ്. കന്യാകുമാരി ജില്ലയിൽ നിന്നാണ് പ്രധാനമായും മൺകലങ്ങളുടെയും ചുടുകട്ടയുടെയും വരവ്. നഗരവാസികളെ ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ നിന്ന് കൊതുമ്പും ഓലച്ചൂട്ടും വില്പനയ്ക്കെത്തിച്ചിട്ടുണ്ട്. ഇഷ്ടിക വില്പനയും സജീവമാണ്.
നഗരത്തിലെ കച്ചവട സ്ഥാപനങ്ങളും ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും പൊങ്കാലയ്ക്കായുള്ള അലങ്കാരങ്ങളും ഒരുക്കങ്ങളും ആരംഭിച്ചു. പതിവുപോലെ വിവിധ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും ഭക്തർക്ക് പൊങ്കാലയിടാനായി സ്ഥലസൗകര്യവും ഭക്ഷണവുമൊരുക്കും.
ഉത്സവത്തിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ റോഡ്, ഇലക്ട്രിസിറ്റി, ഓട ശുചീകരണം തുടങ്ങി മരാമത്ത് ജോലികൾ പൂർത്തീകരിച്ചിരുന്നു.
കൊടിയേറ്റ് ദിനം മുതൽ ക്ഷേത്രത്തിൽ ഭക്തരുടെ സൗകര്യത്തിനായും തിരക്ക് നിയന്ത്രിക്കാനും പൊലീസുകാരുണ്ടാകും. പൊങ്കാല ദിവസം 3000 പൊലീസുകാർക്കാണ് സുരക്ഷാചുമതല. മൊബൈൽ ആശുപത്രി യൂണിറ്റ്, മൊബൈൽ ടോയ്ലെറ്റ്, ആംബുലൻസ്, ഫയർഫോഴ്സ് സൗകര്യങ്ങളും ഒരുക്കും. ക്ഷേത്രം ഗ്രൗണ്ടിൽ ഭക്തർക്ക് വിശ്രമിക്കാനുള്ള പന്തലിന്റെ നിർമ്മാണം പൂർത്തിയായി. ഇന്ന് വൈകിട്ട് അഞ്ചിന് ക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കുന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
ഉത്സവ നടത്തിപ്പിനായി 115 അംഗ കമ്മിറ്റി
പൊങ്കാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് 115 പേരടങ്ങുന്ന ജനറൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രോഗ്രാം, പബ്ലിസിറ്റി, റിസപ്ഷൻ, അക്കോമഡേഷൻ, മെസ്, കുത്തിയോട്ടം, വോളന്റിയേഴ്സ്, അന്നദാനം, പ്രൊസഷൻ ആൻഡ് താലപ്പൊലി എന്നിവയ്ക്കായി പ്രത്യേകം കമ്മിറ്റികളും രൂപീകരിച്ച് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.
ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധം
മുൻവർഷത്തേതു പോലെ ഇക്കുറിയും കർശനമായ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പൊങ്കാല ഉത്സവം നടക്കുക. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാനുള്ള നിർദേശങ്ങൾ അനുസരിക്കാനും സർക്കാർ ഉത്തരവു പ്രകാരം പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കാൻ അന്നദാനവും കുടിവെള്ളവും നൽകുന്ന സംഘടനകൾ ശ്രദ്ധിക്കണം. ഭക്തജനങ്ങൾ സ്റ്റീൽ പാത്രങ്ങൾ കൊണ്ടുവരണം. പ്ലാസ്റ്റിക്ക് കവറുകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പർ കപ്പ്, പേപ്പർ പ്ലേറ്റ്, നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ തുടങ്ങിയവ കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കണം.
കലാപരിപാടികൾ മൂന്ന് സ്റ്റേജിൽ
അംബ, അംബിക, അംബാലിക എന്നീ മൂന്ന് സ്റ്റേജുകളിലായാണ് ഉത്സവവുമായി ബന്ധപ്പെട്ട കലാപരിപാടികൾ നടക്കുന്നത്. പ്രധാന വേദിയായ അംബയിലെ കലാപരിപാടികളുടെ ഉദ്ഘാടനം നാളെ വൈകിട്ട് 6.30 ന് ചലച്ചിത്രതാരം അനു സിത്താര നിർവഹിക്കും. ചടങ്ങിൽ കവിയും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് ഈ വർഷത്തെ ആറ്റുകാൽ അംബാ പുരസ്കാരം നൽകി ക്ഷേത്രം ട്രസ്റ്റ് ആദരിക്കും. തുടർന്ന് ശ്രീവത്സൻ ജെ. മേനോന്റെ സംഗീതക്കച്ചേരി, ഇഷാൻദേവും നിഖിൽ മാത്യുവും നയിക്കുന്ന ഫ്യൂഷൻ എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ നരേഷ് അയ്യർ, ഹരിചരൺ, സിത്താര കൃഷ്ണകുമാർ, പന്തളം ബാലൻ, വിഷ്ണു വിജയ്, ശ്രീലക്ഷ്മി തുടങ്ങിയവരുടെ കലാപരിപാടികൾ ഉണ്ടാകും.
പൊങ്കാല തത്സമയം
പൊങ്കാലയുടെ തത്സമയ സംപ്രേഷണം ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.attukal.org ലൂടെ ലോകത്തെവിടെയിരുന്നും കാണാം.
ഭക്ഷണ വിതരണത്തിന് അനുമതി വേണം
പൊങ്കാലയ്ക്കായി വരുന്ന ഭക്തജനങ്ങൾക്ക് ആഹാരവും കുടിവെള്ളവും നൽകുന്ന സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും അടുത്തുള്ള പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് അനുമതി വാങ്ങണം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിയും ഇതിനായി വാങ്ങണം.
ശ്രദ്ധിക്കാൻ
l പൊതുവഴികളിൽ ഗതാഗത തടസം സൃഷ്ടിക്കുംവിധവും നടപ്പാതയിൽ പാകിയിരിക്കുന്ന ടൈലുകൾക്ക് മുകളിലും പൊങ്കാലയിടാൻ പാടില്ല
l പൊങ്കാലയിടുന്നവർ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണം
l പൊങ്കാല അടുപ്പുകൾക്കായി പച്ചക്കട്ടകൾ ഉപയോഗിക്കരുത്
l ക്ഷേത്രദർശനത്തിന് വരുന്നവർ സ്വർണാഭരണങ്ങൾ പരമാവധി ഒഴിവാക്കണം