തിരുവനന്തപുരം: മതവും വിദ്വേഷവും സമൂഹത്തെ ഭിന്നിപ്പിക്കുമ്പോൾ മനുഷ്യൻ ഒന്നിച്ചുനിൽക്കണമെന്നും അതിന് കല പ്രേരണയാണെന്നുമുള്ള ആശയം പ്രമേയമാക്കി ശാസ്തമംഗലം സൂര്യകാന്തി ആർട്ട് ഗാലറിയിൽ നടക്കുന്ന 'സൈൻ ഹിയർ"എന്ന ഏകാംഗ ചിത്രപ്രദർശനം ശ്രദ്ധ നേടുന്നു. സമകാലിക ചിത്രകാരനും എഴുത്തുകാരനുമായ ഇ.എച്ച്. പുഷ്കിനാണ് മനുഷ്യൻ ഒറ്റക്കെട്ടായി നിൽക്കുന്നതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നത്.
കല ഒരു മതത്തിന്റെയോ വിശ്വാസത്തിന്റെയോ ഭാഗമല്ല. മനുഷ്യനെയും സമൂഹത്തെയും ഒന്നിച്ചു നിറുത്താനാണ് കല ശ്രമിക്കുന്നത്. ചിത്രകാരന്റെ ഒാരോ ചിത്രങ്ങളിലും കാഴ്ചക്കാരുടെ കെെയ്യൊപ്പ് കൂടി പതിയണമെന്നാണ് പുഷ്കിൻ ആവശ്യപ്പെടുന്നത്. അപ്പോഴാണ് കലാകാരന്റെ സൃഷ്ടി പൂർണമാകുന്നത്. കാണുക എന്നത് കാഴ്ചക്കാരൻ ഒപ്പു വയ്ക്കുക എന്നു കൂടിയാണ് അർത്ഥമാക്കുന്നത്. അതുകൊണ്ടാണ് 'സൈൻ ഹിയർ' എന്ന പേര് പ്രദർശനത്തിനായി തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
43 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. വാട്ടർ കളർ, മഷി എന്നിവ ഉപയോഗിച്ചാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്.
ഒാരോ ചിത്രങ്ങൾക്കും പ്രത്യേകം പേരുകൾ നൽകിയിട്ടുണ്ട്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ചിത്രപ്രദർശനങ്ങൾ ഇ.എച്ച്. പുഷ്കിൻ ഒരുക്കിയിട്ടുണ്ട്. മാർച്ച് 14ന് പ്രദർശനം അവസാനിക്കും. രാവിലെ 11 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശന സമയം.