തിരുവനന്തപുരം: ലൈഫ് പദ്ധതി വെറും വീടുണ്ടാക്കുന്ന ഏർപ്പാട് മാത്രമല്ല, അതുക്കും മേലെയാണ്. സംസ്ഥാനത്തെമ്പാടുമായി രണ്ടുലക്ഷം കുടുംബങ്ങൾക്ക് കയറിക്കിടക്കാൻ അടച്ചുറപ്പുളള വീട്. അതിലൊരുപാട് പേർക്ക് വരുമാനത്തിന് സ്വന്തം മാർഗങ്ങൾ. വീടുണ്ടാക്കാൻ സ്ഥലമില്ലാത്തവർക്ക് ഫ്ളാറ്റ്. ഫ്ളാറ്റിന് മുന്നിൽ ചികിത്സാലയങ്ങളും കളിസ്ഥലങ്ങളും സ്കൂളും. സർക്കാരിന്റെ ലൈഫ് പദ്ധതിയുടെ ഞെട്ടിക്കുന്ന, കൗതുകകരമായ വിവരങ്ങളാണ് പുത്തരിക്കണ്ടത്ത് പ്രദർശനത്തിലൊരുക്കിയിരിക്കുന്നത്. ലൈഫ് തട്ടിപ്പാണോ, യാഥാർത്ഥ്യമാണോ എന്നറിയാൻ പൊതുജനങ്ങൾക്ക് പുത്തരിക്കണ്ടത്തെ പ്രദർശനനഗരിയിലെത്താം. ഫോട്ടോയും ഗുണഭോക്താക്കൾ നേരിട്ട് സംവദിക്കുന്ന വീഡിയോകളും അവരെ ബന്ധപ്പെടാനുള്ള മൊബൈൽ നമ്പരുകൾ വരെ ഇവിടെ ലഭ്യമാണ്. എല്ലാം സുതാര്യം.
രണ്ട് ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഇന്ന് വെെകിട്ട് മൂന്നിന് പുത്തരിക്കണ്ടം മെെതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നതിന്റെ മുന്നോടിയായാണ് ഇന്നലെ പുത്തരിക്കണ്ടത്ത് ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് ലൈഫ് ഫോട്ടോ പ്രദർശനം ഒരുക്കിയത്. എൺപതിലധികം ചിത്രങ്ങളിലൂടെ വ്യത്യസ്തമായ രണ്ടു ലക്ഷം കുടുംബങ്ങളുടെ ലെെഫ് പദ്ധതിയുമായി ബന്ധപ്പെട്ട കഥ പറയുകയാണ് പ്രദർശനത്തിലൂടെ.
അടുത്ത വർഷത്തോടെ ലൈഫ് പദ്ധതിയിൽ നിർമിക്കുന്ന വീടുകളുടെ എണ്ണം സർവകാല റെക്കാഡ് ആകുമെന്ന് പ്രദർശനം ഉദ്ഘാടനം ചെയ്ത മന്ത്റി ടി.എം. തോമസ് ഐസക് പറഞ്ഞു. വീടുകളുടെ ഗുണനിലവാരത്തിൽ സർക്കാർ വിട്ടുവീഴ്ച നടത്തിയിട്ടില്ല.
ലൈഫ് എന്നത് വെറുമൊരു പാർപ്പിട പദ്ധതിയല്ല. പാവപ്പെട്ടവരുടെ മൗലികാവകാശം സംരക്ഷിക്കുന്ന പദ്ധതിയാണ്. മൂന്നാം ഘട്ടത്തിൽ ഫ്ളാറ്റുകൾ നിർമിക്കുമ്പോൾ ജീവനോപാധിക്കും മുൻതൂക്കം നൽകും. ഫ്ളാറ്റുകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം കുട്ടികളുടെ ക്രഷ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുമുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.
പൊളിഞ്ഞുവീഴാറായ വീടുകളിൽ കഴിഞ്ഞിരുന്ന കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തെ അലക്കുകുഴി കോളനി നിവാസികൾക്ക് മുണ്ടയ്ക്കൽ കച്ചിക്കടവിൽ നിർമിച്ച വീടുകൾ, ഇടുക്കി അടിമാലിയിലെ 163 കുടുംബങ്ങൾ കഴിയുന്ന ലൈഫ് ഫ്ളാറ്റ്, അങ്കമാലിയിലെ ഫ്ളാറ്റ് സമുച്ചയം എന്നിവയുടെ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. ലൈഫ് പദ്ധതിയുടെ ആദ്യ ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ആദ്യം പൂർത്തിയായ വീടുകളിലെ താമസക്കാരുടെ വിശേഷങ്ങളും പ്രദർശനത്തിൽ കാണാം.
ചീമേനി ജയിലിലെ അന്തോവസികൾ കാസർകോട് കരിന്തളം സ്വദേശി രാധയ്ക്ക് വീട് നിർമിച്ചു നൽകിയതിനെക്കുറിച്ചും ലൈഫ് പദ്ധതിയിലേക്ക് ഭൂമി സൗജന്യമായി നൽകാൻ തയ്യാറായവരെക്കുറിച്ചുമുള്ള വിവരങ്ങളും ലഭിക്കും. പ്രീഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച വീടിന്റെ ചിത്രവും പ്രദർശനത്തിലുണ്ട്.
ലെെഫ് ഗുണഭോക്താക്കളുടെ അനുഭവങ്ങൾ വിവരിക്കുന്ന ഒരു മിനിറ്റ് ദെെർഘ്യമുളള അഞ്ച് ഡോക്യുമെന്ററികളുടെ വീഡിയോ പ്രദർശനവും ചിത്രപ്രദർശനത്തോടൊപ്പം പി.ആർ.ഡി ഒരുക്കിയിട്ടുണ്ട്.
ചടങ്ങിൽ മേയർ കെ.ശ്രീകുമാർ, നവകേരളം മിഷൻ കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ലൈഫ് സി.ഇ.ഒ യു.വി. ജോസ്, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.