കുവെെറ്റ്: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വ്യാപിക്കുന്നു. മംഗോളിയൻ പ്രസിഡന്റ് ബാട്ടുൽഗ ഖൽട്മയും നിരീക്ഷണത്തിലാണ്. ചൈനയിൽ സന്ദർശനത്തിനുശേഷം മടങ്ങിയെത്തിയതായിരുന്നു ഇദ്ദേഹം. കൊവിഡ്-19 രോഗബാധ ഭീഷണിയായ സാഹചര്യത്തിലാണ് രോഗമില്ലെന്ന് ഉറപ്പാക്കാൻ 14 ദിവസം തലസ്ഥാന നഗരത്തിലെ പ്രത്യേക കേന്ദ്രത്തിൽ നിരീക്ഷണത്തിലാക്കിയത്.
ചൈനീസ് പ്രസിഡൻറ് ഷി ജിങ്പിങ്ങുമായി സംഭാഷണം നടത്തിയ അദ്ദേഹത്തെ അനുഗമിച്ചവരെയും പ്രത്യേക കേന്ദ്രത്തിലാക്കിയിട്ടുണ്ട്. വിദേശകാര്യ മന്ത്രി, ചൈനയിലെ അംബാസഡർ, പ്രസിഡന്റിന്റെ വിദേശനയ ഉപദേഷ്ടാവ് തുടങ്ങിയവരാണ് നിരീക്ഷണത്തിലുള്ള മറ്റുള്ളവർ. അതേസമയം, കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തിൽ കുവൈറ്റില്‍ മുഴുവൻ കത്തോലിക്കാ പള്ളികളും അടച്ചിടാനാണ് തീരുമാനം. നാളെ മുതൽ രണ്ട് ആഴ്ച്ചത്തേക്ക് പള്ളികൾ അടച്ചിടുമെന്ന് വികാരി ജനറൽ അറിയിച്ചു.
പള്ളികളില്‍ വിശുദ്ധ കുര്‍ബ്ബാന , പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍, മതപഠന ക്ലാസ് എന്നിവ ഉണ്ടായിരിക്കില്ല. മാർച്ച് പതിനാലിന് ശേഷം ദേവാലയങ്ങൾ തുറക്കുന്ന കാര്യം ആരോഗ്യമന്ത്രാലയവുമായി ചർച്ച നടത്തി തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ജനങ്ങൾ ഒന്നിച്ചു കൂടുന്നത് വൈറസ് പടരുന്നതിന് കാരണമാകുമെന്നതിനാലാണ് തീരുമാനം. നിലവിൽ 45 പേർക്കാണ് കുവൈറ്റിൽ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്.
ന്യൂസിലാൻഡ്, നെതർലാൻഡ്സ്, നൈജീരിയ, ബലറൂസ് എന്നിവിടങ്ങളിലും കൊറോണ (കോവിഡ് 19) സ്ഥിരീകരിച്ചതോടെ 50 രാജ്യങ്ങൾ വൈറസിന്റെ പിടിയിലായി. എൺപത്തിനാലിയരത്തോളം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇറാനിൽ കൊറോണ മരണം 34 ആയി. ഇന്നലെ മാത്രം 8 മരണം റിപ്പോർട്ടു ചെയ്തു. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം ഇറാനിലാണ്. ചൈനയിൽ മരണം 2788 ആയി. ദക്ഷിണ കൊറിയയാണ് കൊറോണ വ്യാപിക്കുന്ന മറ്റൊരിടം. ഇവിടെ 2337പേർക്ക് വൈറസ് സ്ഥിരീകരിച്ചു. മരണം 13. ഇറ്റലിയിൽ 17 പേർ മരിച്ചു. ജാപ്പനീസ് കപ്പലായ ഡയമൻഡ് പ്രിൻസിലെ ഒരു യാത്രക്കാരി കൂടി ഇന്നലെ മരിച്ചതോടെ കപ്പലിലെ കൊറോണ മരണം അഞ്ചായി.