കൊല്ലം: നാടിന്റെ പ്രാർത്ഥനയും കാത്തിരിപ്പും വിഫലമാക്കി വീടിന് വിളിപ്പാടകലെ ഇത്തിക്കരയാറിന്റെ കൈവഴിയിൽ ദേവനന്ദ കണ്ണീരോർമ്മയായി. എന്നാൽ,ദേവനന്ദയുടെ മൃതദേഹം ആറ്റിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. മരണത്തിൽ പ്രത്യേകസംഘം അന്വേഷണം തുടരും. മൃതദേഹം കിട്ടിയ സ്ഥലത്ത് കുട്ടി എങ്ങിനെയെത്തി എന്നതാണ് പ്രാഥമിക ഘട്ടത്തിൽ അന്വേഷിക്കുക. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാകും കൂടുതൽ അന്വേഷണം.
ദേവനന്ദയുടെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ഉന്നയിച്ച സാഹചര്യത്തിൽ കുട്ടി താമസിച്ചിരുന്ന വീടിന് സമീപത്തുള്ള കൂടുതൽ പേരുടെ മൊഴി എടുക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിലാണ് മൊഴി എടുക്കുക. എന്ന് മൊഴികൾ രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. കുട്ടി എങ്ങിനെ ഇത്തിക്കരയാറ്റിലേക്ക് എത്തിയെന്നതാണ് ചോദ്യം. സംശയകരമായ പാടുകളോ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയില്ലെന്ന ഇൻക്വസ്റ്റിന്റെ പ്രാഥമിക വിവരം പുറത്ത് വന്നെങ്കിലും ജനങ്ങളുടെ സംശയം വിട്ടൊഴിഞ്ഞില്ല.
മുങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം പ്രാഥമിക നിഗമനം വന്നെങ്കിലും കുട്ടി ഒറ്റയ്‌ക്ക് എങ്ങനെ ആറ്റുകടവിലെത്തിയെന്നതിന് മറുപടി ലഭിച്ചിട്ടില്ല. വീട്ടിൽ നിന്ന് 70 മീറ്റർ അകലെയാണ് ആറിലേക്ക് ഇറങ്ങാനുള്ള കൽപ്പടവുകൾ ഉള്ളത്. അമ്മയുടെ അനുവാദം ഇല്ലാതെ അയൽ വീട്ടിലേക്ക് പോലും പോകാത്ത കുഞ്ഞ് ആറിന്റെ കരയിൽ എങ്ങനെ പോയെന്ന സംശയം ബന്ധുക്കളിലും നാട്ടുകാരിലും ബാക്കിയാണ്.
വ്യാഴാഴ്‌ച രാവിലെ വീട്ടിൽ നിന്ന് കാണാതായ നെടുമൺകാവ് ഇളവൂർ തടത്തിൽമുക്ക് ധനീഷ് ഭവനിൽ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകൾ ദേവനന്ദയുടെ (പൊന്നു -7) മൃതദേഹം ഇന്നലെ രാവിലെ ഏഴേകാലോടെയാണ് കണ്ടെത്തിയത്. വീട്ടിൽ നിന്ന് 350 മീറ്റർ അകലെ വള്ളിച്ചെടികൾക്കിടയിൽ മുടി കുരുങ്ങി കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് ആറ്റിൽ മൃതദേഹം കാണപ്പെട്ടത്. കാണാതാകുന്ന സമയത്ത് ധരിച്ചിരുന്ന ഇരുണ്ട പച്ച പാന്റ്സും റോസ് ബനിയനും ശരീരത്തിലുണ്ടായിരുന്നു. മൃതദേഹം കരയിലേക്ക് മാറ്റി പ്രാഥമിക പരിശോധന നടത്തിയ പൊലീസ് ഫോറൻസിക് വിദഗ്ദ്ധയുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. മൃതദേഹം കണ്ടെത്തിയെന്ന വാർത്ത പരന്നതോടെ നാടാകെ ഇളവൂരിലേക്ക് ഒഴുകിയെത്തിയിരുന്നു.