ഹൈദരാബാദ്: ന്യൂസിലാൻഡ്, നെതർലാൻഡ്, നൈജീരിയ ബലറൂസ് എന്നിവിടങ്ങളിൽ കൊറോണ സ്ഥിരീകരിച്ചതോടെ 50 രാജ്യങ്ങൾ വൈറസിന്റെ പിടിയിലായിരിക്കുകയാണ്. എൺപതിനായിരത്തിലേറെ പേരാണ് രോഗം ബാധിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. മിക്ക രാജ്യങ്ങളും രോഗം തടയുന്നതിനാവശ്യമായ കർശന നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി വിസ ചട്ടങ്ങളിൽ താൽക്കാലികമായ മാറ്റം വരുത്തിയിരിക്കുകയാണ് മിക്ക രാജ്യങ്ങളും.
ഇതിനിടെ കൊറോണ പകരുന്നത് കോഴിയിറച്ചിയിൽ നിന്നും മുട്ടയിൽ നിന്നുമാണെന്ന പ്രചരണമുണ്ടായിരുന്നു. ഈ പ്രചരണം ജനങ്ങളിൽ ഭീതിയും പരത്തിയിരുന്നു. ഇപ്പോഴിതാ ഈ ഭീതി അകറ്റാൻ രംഗത്തെത്തിയിരിക്കുകയാണ് തെലങ്കാനയിലെ ഒരു കൂട്ടം മന്ത്രിമാർ. ചിക്കൻ കഴിച്ചാൽ കൊറോണ വൈറസ് പകരില്ലെന്ന് ജനങ്ങളെ ബോധവത്കരിക്കാൻ ഒരു പൊതുപരിപാടി സംഘടിപ്പിച്ച് കോഴിയിറച്ചി കഴിച്ചാണ് മന്ത്രിമാർ രംഗത്തെത്തിയത്.
കോറോണയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജവാർത്തകളും പേടിയും അകറ്റാനാണ് ഇങ്ങനെയൊരു നീക്കമെന്ന് സംഘാടകർ പറയുന്നു. പരിപാടിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വെള്ള ഷർട്ട് ധരിച്ച മന്ത്രിമാർ വേദിയിൽ കയറി ഒരു പ്ലേറ്റ് ചിക്കൻ കറി കഴിക്കുന്ന ചിത്രങ്ങളായിരുന്നു അത്. തെലങ്കാന മന്ത്രമാരായ കെ.ടി രാമറാവു, ഇറ്റല്ല രാജേന്ദർ, തളസാനി ശ്രീനിവാസ യാദവ് എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്.
അതേസമയം, ഇറാനിൽ കൊറോണ മരണം 34 ആയി. ഇന്നലെ മാത്രം 8 മരണം റിപ്പോർട്ടു ചെയ്തു. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം ഇറാനിലാണ്. ചൈനയിൽ മരണം 2788 ആയി. ദക്ഷിണ കൊറിയയാണ് കൊറോണ വ്യാപിക്കുന്ന മറ്റൊരിടം. ഇവിടെ 2337പേർക്ക് വൈറസ് സ്ഥിരീകരിച്ചു. മരണം 13. ഇറ്റലിയിൽ 17 പേർ മരിച്ചു. ജാപ്പനീസ് കപ്പലായ ഡയമൻഡ് പ്രിൻസിലെ ഒരു യാത്രക്കാരി കൂടി ഇന്നലെ മരിച്ചതോടെ കപ്പലിലെ കൊറോണ മരണം അഞ്ചായി.
കാലിഫോർണിയയിൽ 33 പേർക്കുൾപ്പെടെ അമേരിക്കയിൽ 60 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌യത്. ആസ്ട്രേലിയയിൽ 26 പേർക്കും രോഗം സ്ഥിരീകരിച്ചു. ചൈനയിൽ വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞപ്പോൾ ഗൾഫ്, യൂറോപ്യൻ മേഖലയിലും ആഫ്രിക്കയിലും രോഗബാധ പുതുതായി റിപ്പോർട്ട് ചെയ്യുന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. ഇറാനിൽ നിന്നുള്ളവർ രാജ്യത്തെത്തുന്നതിന് റഷ്യ താത്കാലിക നിരോധനം ഏർപ്പെടുത്തി.
മലയാളി യാത്രക്കാരെ ഉൾപ്പെടെ സൗദിയിൽ തടഞ്ഞു
കേരളത്തിൽ നിന്നുൾപ്പെടെ അവധി കഴിഞ്ഞ് തിരിച്ചെത്തിയ യാത്രക്കാരെ സൗദി വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. തിരുവനന്തപുരത്തു നിന്നു പോയ വിമാനത്തിലെ യാത്രക്കാരെ ദമാം വിമാനത്താവളത്തിലാണ് തടഞ്ഞത്. ഇഖാമ അടക്കം തൊഴിൽ രേഖകളുള്ളവരാണ് ഇവരിൽ പലരും. ഇവരെ തിരികെ നാട്ടിലേക്ക് അയയ്ക്കുമെന്നാണ് സൂചന. രോഗബാധയുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യ ഉംറ വിസ നൽകുന്നത് താത്കാലികമായി നിറുത്തി വച്ചിരിക്കുകയാണ്.